കവിത
മനോജ് കാട്ടാമ്പള്ളി
മരണത്തിനുനേരെ
തീപ്പെട്ടി കത്തിച്ചു കാണിച്ച്
അതിജീവിക്കാനായുന്ന
പെണ്‍കുട്ടിയുടെ കഥ*യാണ്
ഞാനപ്പോള്‍ വായിച്ചത്
മഞ്ഞിനടിയില്‍പ്പെട്ട്
അവള്‍ മരിച്ചുപോയതിന്‍റെ സങ്കടം
പുസ്തകം അടച്ചുവെച്ചപ്പോഴും
പിന്തുടര്‍ന്നു.
നക്ഷത്രങ്ങളുടെ ചിത്രമുള്ള
തീപ്പെട്ടിയുരച്ച്
ഒരുപാട് സിഗരറ്റുകള്‍ വലിച്ചു.
വാസ്തവത്തില്‍
മഞ്ഞില്‍ മരിച്ച
പെണ്‍കുട്ടിയെക്കുറിച്ചോര്‍ത്ത്
മാത്രമാണോ
ഞാനിന്ന് ഇത്രമാത്രം
അസ്വസ്ഥനാകുന്നത്?
കടയടച്ച് വീട്ടിലിരിക്കുന്ന
സാധാരണക്കാരനായ
ഒരു മനുഷ്യന്‍
എന്തിനാണ് മഞ്ഞിനെക്കുറിച്ചും
മഞ്ഞുകാലത്തെക്കുറിച്ചും
ചിന്തിക്കുന്നത്?
വിഷാദം തണുപ്പുപാകിയ
ഈ രാത്രിയില്‍
ഏകാന്തതയുടെ
മഞ്ഞുമലയില്‍ എത്തുമെന്ന്
ഒരിക്കലും പ്രതീക്ഷിച്ചിതേയില്ല.
തീപ്പെട്ടി കത്തിച്ചു കാണിച്ച്
മരണത്തെ അതിജീവിക്കാനായുന്ന
ഒരു പെണ്‍കുട്ടിയെപ്പോലെ
ഞാന്‍ സധൈര്യം നില്‍ക്കേണ്ടിയിരിക്കുന്നു.
*തീപ്പെട്ടി വില്‍ക്കുന്ന പെണ്‍കുട്ടിയെക്കുറിച്ചുള്ള ലോകപ്രശസ്ത നാടോടിക്കഥ.
…
മനോജ് കാട്ടാമ്പള്ളി
കണ്ണൂർ സ്വദേശം.
കവി, പ്രസാധകൻ.
മൂന്നു കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ബാലസാഹിത്യ രംഗത്തും സജീവം.
ഗ്രാഫിക് ഡിസൈനറാണ്.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.