കണ്ണൂര്‍: കരകൌശലവിദ്യയുടെ വിസ്മയവുമായി മലബാർ ക്രാഫ്റ്റ് മേള 24 ന് കണ്ണൂർ പൊലീസ് മൈതാനിയിൽ തുടങ്ങും. കേരളത്തിന് അകത്തും പുറത്തുമുള്ളവർക്ക് പുറമെ, വിദേശീയരും മേളയിൽ അണിനിരക്കും. വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന ക്രാഫ്റ്റ് മേള ജില്ലയുടെ കലാ സാംസ്കാരിക പാരമ്പര്യം ലോകത്തിനു മുമ്പിൽ പ്രദർശിപ്പിക്കും. കണ്ണൂർ വിമാനത്താവളം യാഥാർത്ഥ്യമായതോടെ ജില്ലയുടെ വ്യവസായിക വാണിജ്യ സാധ്യതകൾ ലക്ഷ്യമിട്ടാണ് മേള സംഘടിപ്പിക്കുന്നത്.
കരകൌശല വസ്തുക്കളുടെ നിർമ്മാണം നേരിൽ കാണാനും വാങ്ങാനും സാധിക്കും. മലബാറിന്‍റെ രുചിയേറും വിഭവങ്ങളുമായി ഭക്ഷണ സ്റ്റാളുകളും മേളയിൽ സജ്ജമായിരിക്കും. ഇത്തവണയും ഓല മേഞ്ഞ സ്റ്റാളുകളായിരിക്കും. 24 ന് വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ മലബാർ ക്രാഫ്റ്റ് മേള ഉദ്ഘാടനം നിർവഹിക്കും. മന്ത്രി ഇ.പി ജയരാജൻ അധ്യക്ഷനാവുന്ന ചടങ്ങില്‍ രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യ പ്രഭാഷണം നടത്തും. മാർച്ച് ഒമ്പതിന് സമാപിക്കും.