കഥകളി ആചാര്യന്‍ മടവൂര്‍ വാസുദേവന്‍ നായര്‍ അരങ്ങൊഴിഞ്ഞു

0
450

കൊല്ലം: പ്രശസ്ത കഥകളി ആചാര്യന്‍ പത്മഭൂഷണ്‍ മടവൂര്‍ വാസുദേവന്‍ നായര്‍ (89)അന്തരിച്ചു. കൊല്ലം അഞ്ചലില്‍ കഥകളി അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണ അദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അഗസ്ത്യക്കോട് മഹാദേവര്‍ ക്ഷേത്രത്തില്‍ ആയിരുന്നു കഥകളി.

1929ല്‍ തിരുവനന്തപുരം ജില്ലയിലെ മടവൂരിലായിരുന്നു ജനനം. കത്തി വേഷങ്ങളില്‍ ആട്ട വേദികളെ പ്രകമ്പനം കൊള്ളിച്ച ചെങ്ങന്നൂര്‍ രാമന്‍പിള്ളയുടെ ശിഷ്യനാണ് മടവൂര്‍. ഗുരുകുല വിദ്യാഭ്യാസ രീതിയില്‍ ആണ് കഥകളി പഠിച്ചത്. കഥകളി അധ്യാപകന്‍ കൂടിയായിരുന്ന മടവൂര്‍, സംഗീത നാടക അക്കാദമി അവാര്‍ഡ്, കേന്ദ്രസര്‍ക്കാര്‍ ഫെലോഷിപ്പ് എന്നിവ നേടിയിട്ടുണ്ട്.

കലാമണ്ഡലം അവാര്‍ഡ്, തുളസീവനം അവാര്‍ഡ്, രംഗ കുലപതി, കലാദര്‍പ്പണ അവാര്‍ഡുകളും നേടിയ മടവൂര്‍ വാസുദേവന്‍ നായരെ 2011ല്‍ രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ചു. പത്താംവയസ്സില്‍ കച്ച കെട്ടിത്തുടങ്ങിയ ഈ കലാകാരന്‍ ഈ കാലയളവിനുള്ളിലും ആട്ട അരങ്ങില്‍ സജീവ സാന്നിധ്യമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here