മഴു തിന്നാന്‍ അനുവദിക്കരുത്, മാച്ചിനാരിയിലെ മരങ്ങളെ…

0
1654

നിധിന്‍. വി. എന്‍

മടപ്പള്ളി കോളേജെന്ന്‍ കേള്‍ക്കുമ്പോള്‍ ആരുടെയും ഓര്‍മ്മകളിലേക്ക് ആദ്യം കടന്നു വരിക തോമസ് മാഷും കൂട്ടരും വെച്ചുപിടിപ്പിച്ച അനവധി വൃക്ഷ സമ്പത്തിനാല്‍ കുളിര് പകരുന്ന ബൊട്ടാണിക്കല്‍ ഗാര്‍ഡനാണ്. ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന്റെ പേരില്‍ ഗാര്‍ഡനിലെ 30 – ഓളം മരങ്ങള്‍ വെട്ടി നിരത്താന്‍ ഒരുങ്ങുകയാണ്. ആരും അറിയാതെ ഈ മധ്യവേനലവധിക്കാലത്ത് അധികാരികളുടെ നേതൃത്വത്തിലാണ് പ്രവൃത്തി. ഇതിനെതിരെ SFI നേതൃത്വത്തിലുള്ള യൂണിയനും വിദ്യാര്‍ഥികളും സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. പൂർവ്വവിദ്യാർഥികൾ അടക്കമുള്ളവരും കൂടെയുണ്ട്.

കോഴിക്കോട് ജില്ലയിലെ വടക്കന്‍ തീരദേശത്ത് ദേശീയപാത 66-ല്‍ വടകരക്കും മാഹിക്കും ഇടയിലുള്ള സ്ഥലമാണ് മടപ്പള്ളി. ഒഞ്ചിയം പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന മടപ്പള്ളി ഗവ: കോളേജ് ഐക്യ കേരളത്തിലെ ആദ്യത്തെ സര്‍ക്കാര്‍ കലാലയങ്ങളില്‍ ഒന്നാണ്. കോളേജിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ജന്തു-സസ്യ സമ്പത്തു കൊണ്ട് ഒട്ടേറെ പ്രത്യേകതകളുള്ള ഇടമാണ്.

പശ്ചിമഘട്ട മലനിരകളില്‍ മാത്രം കാണുന്ന സ്ഥാനീയരായ (Endemic – Species) സസ്യങ്ങളാണ് ഈ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ അധികവും ഉള്ളത്. കേരളത്തില്‍ തന്നെ പ്രധാനമായും വടക്കന്‍ മലബാറിലെ കാവുകളില്‍ കാണുന്ന പറക്കുന്ന പാമ്പ് (Ornate flying – snake ), ഉടുമ്പ്, പറക്കുന്ന ഓന്ത് (Draco), അണലി, മൂര്‍ക്കന്‍, ചേര, അരണ, ഓന്ത് തുടങ്ങിയ ഉരഗങ്ങളെ ഇവിടെ കാണാം. ഹിമാലയത്തില്‍ നിന്നും കേരളത്തിലേക്ക് ശൈത്യകാലത്ത് ദേശാടനം നടത്തുന്ന കാവി( Indian pitta ), നാക മോഹന്‍ ( Paradise Flycatcher ), വെള്ളിമൂങ്ങ ( Barn Owl ), ചെവിയന്‍ നത്ത് (Indian Scopes Owl), പ്രാപിടിയന്‍ (Shikra), മഞ്ഞക്കിളി (Indian Golden Oriole), ചുട്ടി പരുന്ത് (Crested Serpent Eagle), മലമ്പുള്ള് (Crested goshawk) തുടങ്ങിയ പക്ഷികളുടെയും ചുണയന്‍ കീരി, കുറു നരി പോലുള്ള സസ്തനികളുടെയും എണ്ണിയാല്‍ ഒടുങ്ങാത്ത ഷഡ്പദങ്ങളുടെയും ആവാസ കേന്ദ്രമാണ് ഈ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍. പറക്കുന്ന തവള (Malabar Gliding Frog ), മണവാട്ടി തവള, മരത്തവള (Common Tree Frog ), ചൊറിത്തവള (Indian Bufo) തുടങ്ങിയ ഉഭയ ജീവികളെയും ഇവിടെ കാണാം.

അതുകൊണ്ടു തന്നെ ഇത് ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ 30 – ഓളം മരങ്ങള്‍ മാത്രം മുറിച്ചു മാറ്റുന്ന പ്രശ്‌നമല്ല. നിരവധിയായ പക്ഷി-മൃഗാദികളുടെ നിലനില്‍പ്പിന്റെ കൂടി പ്രശ്‌നമാണ്.

പച്ചപ്പിനുവേണ്ടി എത്രയെത്ര മരത്തെകള്‍ നട്ടിരിക്കുന്നു. അതില്‍ തന്നെ മരമായി വളര്‍ന്നു വന്നവ വളരെ കുറവാണ്. മരം നടല്‍ ചിലര്‍ക്കെല്ലാം പ്രഹസനമാണ്. ഓരോ പരിസ്ഥിതി ദിനത്തിലും ഈ പ്രഹസനങ്ങള്‍ ഏറ്റവും ഭംഗിയായി നടത്തുന്ന ഇടങ്ങളാണ് കലാലയങ്ങള്‍. ഒരുപക്ഷെ, കലാലയങ്ങളില്‍ നട്ടിരുന്ന മരങ്ങളെല്ലാം വളര്‍ന്നിരുന്നെങ്കില്‍ ഓരോ കലാലയത്തിനും സ്വന്തമായൊരു കാടുണ്ടാകുമായിരുന്നു. അങ്ങനെ അപൂര്‍വ്വമായി രൂപപ്പെട്ട ചെറു കാട് തന്നെയാണ് മാച്ചിനാരിക്കുന്ന്.

വിദ്യ പകരുന്ന ഇടങ്ങളായ കലാലയങ്ങളില്‍ നിന്നു തന്നയാണ് പരിസ്ഥിതിയുടെ നിലനില്‍പ്പിനു വേണ്ടി ശബ്ദം ഉയരുന്നത്. ആദര്‍ശങ്ങള്‍ വാക്കുകളില്‍ മാത്രം ഒതുങ്ങുമ്പോള്‍, മാച്ചിനാരിയിലെ പ്രബുദ്ധരായ വിദ്യാര്‍ത്ഥികള്‍ പ്രകൃതിയ്ക്ക് വേണ്ടി നിലകൊള്ളുകയാണ്. ഇവിടെ വികസന വിരോധികളാവുകയല്ല. മറിച്ച് വികസനത്തിന്റെ വ്യാഖ്യാനങ്ങളെ തിരുത്തിയെഴുതുകയാണ് വിദ്യാര്‍ത്ഥികള്‍. അതെ ! പ്രകൃതിയില്ലാതെ മനുഷ്യന് നിലനില്‍പ്പില്ല.

മാച്ചിനാരിയിലെ ജൈവ – ജന്തു സമ്പത്തില്‍ ചിലത് 

 

ചൊറി തവള

 

മരത്തവള

 

കോമണ്‍ മോര്‍മണ്‍

 

തുമ്പി

 

നാട്ടില കിളി

 

പറക്കും തവള

 

മലബാര്‍ രാവന്‍

 

പറക്കും പാമ്പ്‌ ( തെയ്യോം പാമ്പ്‌ )

 

പ്രാപ്പിടിയന്‍

 

പറക്കും പാമ്പ്‌ (തെയ്യോം പാമ്പ്‌)

 

കുറുനരി

 

കാവി

 

ചെവിയന്‍ നത്ത്

 

പറക്കും ഓന്ത്

യുവ വന്യ ജീവി ഫോട്ടോ ഗ്രാഫറും മടപ്പള്ളി കോളജിലെ പൂര്‍വ്വ വിദ്യാര്‍ഥിയുമായ സലീഷ് കുമാര്‍ തന്റെ അധ്യയന കാലഘട്ടത്തില്‍ പകര്‍ത്തിയതാണ് ചിത്രങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here