പ്രസാദ് കാക്കശ്ശേരി
1. ഗോമൂത്രസേവ കീമോതെറാപ്പിക്ക് പകരം
2. ആര്‍ത്തവമുള്ള സ്ത്രീ പാചകം ചെയ്താല്‍ അടുത്ത ജന്മത്തില്‍ നായ
3. സംസ്കൃത പഠനവും ഭാഷണവും കൊളസ്ട്രോള്‍, പ്രമേഹം നിയന്ത്രിക്കും.
– ഇത്തരം ജല്പനങ്ങള്‍ എണ്ണിയെണ്ണിപ്പറയാന്‍ ഏറെയുണ്ടെങ്കിലും ഇച്ചിരി ഉളുപ്പുള്ളത് കൊണ്ട് തല്‍ക്കാലം വിരമിക്കുന്നു.
ഭാഷ, ചരിത്രം, സംസ്കാരം എന്നീ പരികല്പനകളെ ആധികാരികവും യുക്തി പൂര്‍വ്വവും സമീപിക്കാതെ വിശ്വാസത്തിന്റെയും ആചാരത്തിന്റെയും കപടശാസ്ത്രത്തിന്റെയും പനയോലക്കെട്ടുകളില്‍ കുടിയിരുത്താനുള്ള വ്യഗ്രതയില്‍ നിന്നും വരുന്നു ഇത്തരം ഫാസിസ്റ്റ് ഏമ്പക്കങ്ങള്‍. ഹിന്ദുത്വഫാസിസത്തിന്റെ ഈ വികടപരീക്ഷണശാല ഭരണകൂട അധികാരത്തിന്റെ ഇംഗിതങ്ങളില്‍ ചലനാത്മകമാകുന്നു എന്നത് ദുരന്തം. ഏറെ മാരകമാണ് ഭാഷയിലും ചരിത്രത്തിലും സംസ്കാരത്തിലുമുള്ള ഈ വൈറസ് വ്യാപനം.
ഫെബ്രുവരി 21-ലോകമാതൃഭാഷാദിനം. ഏകഭാഷ എന്ന ശാസനത്തെ ധിക്കരിച്ച്, സ്വന്തം ഭാഷ അംഗീകരിക്കപ്പെടാന്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍. ഭരണകൂടം അടിച്ചമര്‍ത്താന്‍ ശ്രമിച്ച സമരത്തില്‍ രക്ത സാക്ഷികളായ ധാക്ക യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍. ഭാഷയ്ക്ക് വേണ്ടി പൊരുതിയ വിദ്യാര്‍ത്ഥികളുടെ ഇളം ചോരചുവപ്പ് ജൈവികമായ കൈയ്യൊപ്പായി മാതൃഭാഷാദിനത്തെ പ്രസക്തമാക്കുന്നു. അനീതിയ്ക്കെതിരെ പൊരുതിയ യുവതയ്ക്ക് കിട്ടിയ അംഗീകാരം കൂടിയാണ് ലോക മാതൃഭാഷാ ദിനം എന്ന ബോധ്യം. പൗരത്വനിയമത്തിനെതിരെ അണയാത്ത സമരജ്വാലകള്‍ കൊണ്ട് ഇപ്പോള്‍ സര്‍ഗാത്മകമാവുകയാണ് കാമ്പസുകള്‍. എകശിലാഘടനയെ സഥാപിക്കുന്ന, ഭരണഘടന മുന്നോട്ട് വെക്കുന്ന ബഹുത്വത്തെ നിരാകരിക്കുന്ന, പകയുതിര്‍ക്കുന്ന നിശ്ചയങ്ങളെ ചെറുക്കുന്നു ജെ.എന്‍.യു, ജാമിയമിലിയ അടക്കമുള്ള ഇന്ത്യന്‍ കാമ്പസ്സുകള്‍.
സ്വന്തം ഭാഷയുടെ കരുത്തും സൗന്ദര്യവും ആത്മാഭിമാനത്തോടെ ഏറ്റെടുക്കാന്‍ ഉണര്‍ത്തുന്നു മാതൃഭാഷാദിനം. അന്യഭാഷാ വിധേയത്വത്തില്‍ വിസ്മൃതമായേക്കാവുന്ന സ്വന്തം മുഖത്തെ വീണ്ടെടുക്കാനുള്ള ആത്മബോധത്തിന്റെ കണ്ണാടിയാണ് മാതൃഭാഷ. ജ്ഞാനം, ചരിത്രം, യുക്തി, സര്‍ഗാത്മകത എന്നിവയുമായി സംവദിക്കാനുള്ള മാനവകുലത്തിന്റെ ഉപാധിയാണ് ഭാഷ.
ഭരണകൂടം ഭാഷയില്‍ ഇടപെടുമ്പോള്‍ സംഭവിക്കുന്നതെന്ത്..?
മേല്‍-കീഴ് ബന്ധങ്ങളെയും നവോത്ഥാന-പുനരുത്ഥാന ശ്രമങ്ങളെയും യുക്തി-അയുക്തി നിഗമനങ്ങളെയും തന്നിഷ്ടം പോലെ ഭാഷയില്‍ വ്യാപരിപ്പിക്കാന്‍ ഭരണകൂടത്തിന് കഴിയുന്നു. ഹിന്ദി എന്ന ഏകഭാഷയിലേക്കും സംസ്കൃതം എന്ന ‘ദേവഭാഷ’യിലേക്കും ഇന്ത്യയെ പരുവപ്പെടുത്തണമെന്ന നിശ്ചയങ്ങള്‍ ഉണ്ടാവുന്നത് അങ്ങനെയാണ്. സ്കൂളില്‍ പഠിക്കുന്ന കാലത്ത് അംബേദ്കര്‍ക്ക് സംസ്കൃതം പഠിക്കാന്‍ താല്പര്യമുണ്ടായിരുന്നു. വരേണ്യ കല്പിതമായ ജാതിശ്രേണിയില്‍ താഴെയായത് കൊണ്ട് സംസ്കൃതം പഠിക്കാന്‍ അനുവദിച്ചില്ല. പകരം പേര്‍ഷ്യന്‍ ഭാഷ പഠിക്കേണ്ടി വന്നു. പില്‍ക്കാലത്ത് സംസ്കൃതം സ്വയം പഠിച്ചെടുത്തു അംബേദ്കര്‍. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയില്‍ സംസ്കൃതം പഠിപ്പിക്കാന്‍ അസി.പ്രൊഫസറായ ഫിറോസ്ഖാനെ അനുവദിക്കാതെ ഹിന്ദുത്വവിദ്യാര്‍ത്ഥി സംഘടന മുന്നോട്ട് വന്നു. ഭാഷയ്ക്ക് ജാതിയും മതവും ദൈവവും കല്പിച്ച് അതിര്‍ത്തികള്‍ നിശ്ചയിക്കുകയാണ് ഫാസിസം.
ഭാഷയ്ക്ക് ജാതി-മത-വര്‍ണ-വര്‍ഗഭേദമില്ലെന്നും ജ്ഞാനാധികാര സ്വരൂപമായി ചുരുങ്ങുന്നത് ഭാഷ-സര്‍ഗാത്മക ബോധ്യങ്ങള്‍ക്കും എതിരാണെന്ന് നിശ്ചയമുള്ള സംസ്കൃത അധ്യാപകരും പ്രചാരകരും കേരളത്തിലുണ്ടായിരുന്നു. അതിലൊരാള്‍ പുന്നശ്ശേരി നമ്പി നീലകണ്ഠശര്‍മ്മ.(1858-1935)പട്ടാമ്പിക്ക് പുറത്തേക്ക് വ്യാപിച്ചു പുന്നശ്ശേരിയുടെ പാഠശാല. പാവറട്ടിയിലെ പി.ടി.കുരിയാക്കോസ് മാസ്റ്റര്‍(1883-1973) സ്വന്തം വീട്ടു കോലായില്‍ ജാതി-മതഭേദമെന്യേ സംസ്കൃതം പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇടം കൊടുത്തു. സാഹിത്യദീപിക സംസ്കൃതകോളേജായി പിന്നീടത് ഉയര്‍ന്നു.
കേരളത്തെ നിര്‍മ്മിച്ച പ്രഗത്ഭപണ്ഡിതര്‍, ചെറുകാട്, കോവിലന്‍ തുടങ്ങിയ സാഹിത്യ പ്രതിഭകള്‍ ആ സ്ഥാപനത്തിനോട് ചേര്‍ന്ന് നിന്നവര്‍. പുന്നശ്ശേരി നമ്പിയില്‍ നിന്ന് സംസ്കൃത പ്രണയഭാജനം ബഹുമതി സ്വീകരിച്ചു കുരിയാക്കോസ് മാസ്ററര്‍. ഇന്ന് പാവറട്ടിയിലെ കാമ്പസ് രാഷ്ട്രീയസംസ്കൃത സംസ്ഥാന്‍ സര്‍വ്വകലാശാലയുടെ ഭാഗം. യുക്തിയും വിമര്‍ശനാത്മക ചിന്തയും ബഹുസ്വരതയും മാനിക്കപ്പെട്ടു കേരളീയ സംസ്കൃത പഠനത്തിന്റെ ഈ തുറസ്സുകളില്‍.
ഒരു ജനതയെ കുടിയൊഴിക്കുന്നത് പോലെ പ്രാദേശിക-ജ്ഞാന -സൗന്ദര്യ മൂല്യങ്ങളുള്ള ഭാഷയെ കുടിയിറക്കാനും ഫാസിസം ശ്രമിക്കും. ഹിന്ദി-ഹിന്ദു-ഹിന്ദുസ്ഥാന്‍ എന്ന സൂത്രവാക്യത്തെ നിര്‍വ്വീര്യമാക്കാന്‍ ‘മാതൃഭാഷയ്ക്കുവേണ്ടിയുള്ള സമരം'(ഡോ.പി.പവിത്രന്‍) അനിവാര്യമാണ്. അതിര്‍ത്തികള്‍ക്ക് പുറത്തേക്ക് കുതിക്കുന്ന അപാരമായ മനുഷ്യ സ്വാതന്ത്ര്യത്തിന്റെ ജൈവികമായ വിനിമയമാണ് ഭാഷ. ‘ഞാന്‍ ആരുടെ തോന്നലാണ്?’എന്ന് കുഞ്ഞുണ്ണി മാഷ് ചോദിച്ചത് ഭാഷയ്ക്കും ബാധകമാണ്. ഞാന്‍ ആരുടെ ഭാഷയാണ്?-സ്വന്തം നെഞ്ച് തൊട്ട് ബോധ്യപ്പെടണം , മാതൃഭാഷ തന്നെ ഞാന്‍ എന്ന തോന്നല്‍. സ്വന്തം ഭാഷ നല്‍കുന്ന ആത്മാഭിമാനം ലോകര്‍ വായിച്ചെടുക്കുക തന്നെ ചെയ്യും…!
പ്രസാദ് കാക്കശ്ശേരി
മൊബൈല്‍: 9495884210
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, +918078816827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
മനോഹരം