കഥ
ആദർശ്. ജി
രാവിലെ ആറിന് പതിവ് പോലെ മൊബൈലിൽ അലാറം കേട്ട് ഉണർന്ന മഹേഷ് ട്രാക്ക്സ്യൂട്ട് ഇട്ട് ജോഗിങ്ങിന് പോകാനായി റൂമിന് പുറത്തേക്കിറങ്ങി.
“മോനെ രാവിലെ നീ എങ്ങോട്ടാണ് പോകുന്നത് ? കവലയിലേക്ക് ആണോ ഇവിടെ അടുത്ത് തന്നെയാണോ കവല?” എന്ന ചോദ്യവുമായി അമ്മ റൂമിന് പുറത്തു നിൽക്കുന്നുണ്ടായിരുന്നു.
“എന്തിനാണ് അമ്മേ രാവിലെ റൂമിനു പുറത്തേക്ക് വന്നത് എന്നുപറഞ്ഞ് മഹേഷ് പുറത്തേക്കുള്ള വാതിൽ തുറന്നു പോകാനൊരുങ്ങി”.
“മോനെ ഞാൻ കൂടി വരട്ടെ ഈ സ്ഥലമൊക്കെ നടന്ന് കാണാമല്ലോ ഇവിടെ ഉള്ള ആൾക്കാരെ ഒന്ന് പരിചയപ്പെടുകയും ചെയ്യാമല്ലോ”. എന്ന് പറഞ്ഞ് അമ്മ കൂടെ വരാൻ ഒരുങ്ങി.
“അമ്മേ ഇത് നാട്ടിൻപുറം അല്ല ഞാൻ ഗ്രൗണ്ടിൽ നടക്കാൻ പോവുകയാണ് സ്ഥലം കാണിക്കാനോ പരിചയപ്പെടുത്താനും ഒന്നും ഉള്ള സമയം ഇല്ല, ഇവിടെ എല്ലാവർക്കും ജോലിക്ക് പോകേണ്ടതാണ് അമ്മ മുറിയിൽ എങ്ങാനും പോയി ഇരിക്ക് “.
ഇതു പറഞ്ഞ് ദേഷ്യത്തോടെ വാതിലടച്ചു പുറത്തേക്ക് പോയി
ഫ്ലാറ്റിന് പുറത്തേക്കിറങ്ങുമ്പോൾ മഹേഷിന്റെ മനസ്സാകെ അസ്വസ്ഥമായിരുന്നു. ഇന്ന് കുറെ സ്ഥലങ്ങളിൽ പോകാനുണ്ട്. ഇയർ എൻഡിന് ഇനി കുറച്ചു ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. ഇന്ന് തന്നെ പരമാവധി നിക്ഷേപകരെ കാണണം. എട്ടിന് തന്നെ വീട്ടിൽ നിന്ന് ഇറങ്ങിയാൽ മാത്രമേ പോകുന്ന വഴി ഒന്ന് രണ്ടുപേരെ കണ്ടിട്ട് ബ്രാഞ്ചിൽ സമയത്തിന് എത്താൻ കഴിയുകയുള്ളൂ. അതിനിടയ്ക്ക് അമ്മ ആവശ്യമില്ലാതെ ഓരോന്ന് സംസാരിച്ച് ഇപ്പോൾതന്നെ അഞ്ചുമിനിറ്റ് ലേറ്റായി. നാട്ടിൻപുറത്തെ വീട്ടിൽ ഒറ്റയ്ക്ക് കഴിയാൻ വയ്യ എന്ന വാശിയിലാണ് അമ്മ കുറെ നാളായി. അമ്മയുടെ നിർബന്ധം സഹിക്കാതെ ആണ് ഇന്നലെ ഒരു ടാക്സി അറേഞ്ച് ചെയ്തു ഇവിടെ എത്തിച്ചത്. വീട്ടിൽ ഒറ്റക്കിരുന്നു മടുത്തു പോലും എന്ത് വിചിത്രമായ ന്യായം ആണോ എന്തോ ഇവിടെ ഞങ്ങൾക്ക് ഒരു അഞ്ചു മിനിറ്റ് പോലും വീട്ടിൽ വെറുതെ ഇരിക്കാൻ സമയം കിട്ടാറില്ല. അപ്പോഴാണ് വീട്ടിൽ ഇരുന്നു മടുത്തു എന്ന വിചിത്ര ന്യായം പറയുന്നത്. പരിഹാസത്തോടെ മനസ്സിൽ ഓർത്തുകൊണ്ട് വേഗത്തിൽ നടക്കാൻ ഒരുങ്ങി.
കൃത്യം ഏഴു മണിക്ക് തന്നെ മഹേഷ് ഫ്ലാറ്റിനു മുന്നിൽ തിരിച്ചെത്തി. അതാ അമ്മ ഫ്ലാറ്റിന് പുറത്തിറങ്ങി നിൽക്കുന്നു. അമ്മ ഇത് എന്തിനുള്ള പുറപ്പാടാണോവോ.മഹേഷിന്റെ മനസ്സിലേക്ക് ദേഷ്യം ഇരമ്പിയെത്തി.
“അമ്മ എന്താണ് ഈ കാണിക്കുന്നത് പുറത്തിറങ്ങി നടക്കാൻ എന്തിനാണ് ഈ വാശി കാണിക്കുന്നത്. മുറിയിൽ അടങ്ങി ഇരുന്നുകൂടെ അവിടെ എല്ലാ സൗകര്യങ്ങളും ഇല്ലേ?. അമ്മ അകത്തേക്ക് വരൂ”.
അമ്മയുടെ കൈപിടിച്ച് ദേഷ്യത്തോടെ ഫ്ളാറ്റിനുള്ളിലേക്ക് നടന്നു. മുറിയിലേക്ക് കയറുമ്പോൾ അമ്മയുടെ മനസ്സിലേക്ക് ഓർമ്മയുടെ തിരകൾ അലയടിച്ച എത്തി.
“അമ്മേ, അച്ഛാ എന്നെ കൂടെ കൊണ്ടു പോകുമോ”, എന്ന് ചോദിച്ചു കൊണ്ട് തങ്ങളുടെ കൈയും പിടിച്ച് ഞങ്ങൾ പുറത്തിറങ്ങുമ്പോൾ പിറകെ വരാറുള്ള തന്റെ മകന്റെ കുട്ടിക്കാലം അവരുടെ മനസ്സിലേക്ക് ഓടിയെത്തി. ആ പൊന്നോമനയാണ് തന്നോട് ഇപ്പോൾ ഒന്ന് പുറത്തിറങ്ങുന്നതിന് പോലും ദേഷ്യപ്പെടുന്നത്. ഇന്നലെ താൻ ഇവിടെ വന്നിട്ട് ഇതുവരെ കൊച്ചുമോനെ ഒന്ന് കാണാൻ പോലും കഴിഞ്ഞില്ല. അവന് എക്സാം സമയമാണ് പോലും തന്നോടു ഒന്ന് സംസാരിക്കുന്നത് പോലും പഠനത്തെ ബാധിക്കും എന്നാണ് അവന്റെ അച്ഛന്റെയും അമ്മയുടെയും വാദം. തന്നോട് മാത്രമല്ല ഈ വീട്ടിൽ ആർക്കും പരസ്പരം സംസാരിക്കാൻ പോലും സമയം കിട്ടാറില്ല എന്ന് തോന്നുന്നു . താൻ ഇന്നലെ വന്നശേഷം ഇതുവരെ ഇവിടെ ഒരു അഞ്ചു മിനിറ്റ് പോലും വീട്ടിലുള്ളവർ പരസ്പരം സംസാരിക്കുന്നത് കാണാൻ കഴിഞ്ഞില്ലല്ലോ. എന്തൊരു ലോകമാണിത്.അമ്മയുടെ മനസ്സ് പഴയകാലത്തേക്ക് വീണ്ടും ഊളിയിട്ടു. താനും മഹേഷിന്റെ അച്ഛനും, അദ്ദേഹത്തിന്റെ മാതാപിതാക്കളും എല്ലാം ഒരുമിച്ചിരുന്നു കഥകൾ പറഞ്ഞിരുന്ന പഴയവീട്. കഥകൾ കേട്ട് എന്റെ മടിയിൽ ഉറങ്ങിയിരുന്ന മഹേഷിന്റെ ഓർമ്മയിൽ തന്റെ മടിയിലേക്ക് എടുത്തുവെച്ച് തലയണ അവർ പതുക്കെ തടവി.
” അച്ഛാ ഒന്ന് വരു സം വിസിറ്റേഴ്സ് ഹിയർ ടു മീറ്റ് യു.” എന്ന ആദിയുടെ ഉറക്കെയുള്ള ശബ്ദമാണ് അവരെ ചിന്തയിൽ നിന്ന് ഉണർത്തിയത്.
ഓഫീസിലേക്ക് പോകാൻ റെഡി ആകുമ്പോഴാണ് മഹേഷ് ആദിയുടെ വിളി കേട്ടത്. മഹേഷ് ഹാളിലേക്ക് എത്തിയപ്പോൾ മുൻവശത്തെ വാതിലിന് മുന്നിൽ മൂന്നുപേർ മാസ്ക് ധരിച്ച് നിൽക്കുന്നു.
“മിസ്റ്റർ മഹേഷ് അല്ലേ, താങ്കൾ പനമ്പിള്ളി നഗർ ബ്രാഞ്ചിൽ അല്ലേ വർക്ക് ചെയ്യുന്നത്” ?. അവരിൽ ഒരാൾ ചോദിച്ചു.
“അതെ എന്താണ് കാര്യം? “.
സർ, താങ്കളുടെ ബ്രാഞ്ചിൽ രണ്ടു ദിവസം മുൻപ് വിസിറ്റ് ചെയ്തിരുന്ന ഒരു കസ്റ്റമറിന് കോവിട് 19 സ്ഥിതീകരിച്ചിട്ടുണ്ട്. താങ്കൾ ഉൾപ്പെടെ ആ ബ്രാഞ്ചിലെ എല്ലാവരും അതുകൊണ്ട് 28 ദിവസം നിർബന്ധമായും ക്വാറന്റൈനിൽ കഴിയണം. താങ്കളും താങ്കളോ കുടുംബത്തിലുള്ളവരോ പുറത്തു പോകാനോ മറ്റുള്ളവർ ഇവിടേയ്ക്ക് വിസിറ്റ് ചെയ്യാനോ പാടില്ല. ഈ ഫ്ലാറ്റ് ഞങ്ങളുടെ നിരീക്ഷണത്തിലായിരിക്കും. “.
“എന്താണ് നിങ്ങൾ പറയുന്നത് 28 ദിവസം വീട്ടിനുള്ളിൽ കഴിയണമെന്നോ, സാധ്യമല്ല. ഞങ്ങൾക്ക് യാതൊരു വിധ രോഗലക്ഷണങ്ങളും ഇല്ല എന്തെങ്കിലും പ്രശ്നം തോന്നിയ ഞങ്ങൾ ഹോസ്പിറ്റലിൽ കൺസൾട്ട് ചെയ്തോളാം. നിങ്ങൾ സമയം കളയാതെ പോകാൻ നോക്ക്, എനിക്ക് രാവിലെ ഓഫീസിൽ പോകാൻ സമയമായി. “മഹേഷ് ദേഷ്യത്തോടെ പറഞ്ഞു.
“സാറെ ഞങ്ങൾ അപേക്ഷിക്കാൻ വന്നതല്ല, ഇത് ഗവൺമെന്റ് ഓർഡർ ആണ് താങ്കൾ അനുസരിച്ചില്ലെങ്കിൽ ഞങ്ങൾക്ക് പോലീസിൽ അറിയിക്കേണ്ടി വരും. ഈ ഫ്ലാറ്റ് ഞങ്ങളുടെ നിരീക്ഷണത്തിലാണ്. നിങ്ങൾക്ക് ഇവിടെ നിന്ന് പുറത്തു പോകാൻ കഴിയുകയില്ല, മാത്രമല്ല ഇന്ന് രാത്രി മുതൽ 21 ദിവസത്തേക്ക് രാജ്യം ലോക്ക്ഡൗണിലാണ്. നിങ്ങൾക്ക് എന്തെങ്കിലും രോഗലക്ഷണങ്ങളോ മറ്റ് അത്യാവശ്യങ്ങളോ നേരിടുകയാണെങ്കിൽ ഞങ്ങളെ ബന്ധപ്പെടുക. ഒക്കെ ടേക്ക് കെയർ ഇത് പറഞ്ഞ് അവർ കുറച്ചു നിർദ്ദേശങ്ങളും കോൺടാക്ട് നമ്പറുകളും അടങ്ങിയ പേപ്പറുകൾ അവിടെവച്ച് ശേഷം പുറത്തേക്ക് പോയി.
മഹേഷും ജയയും എന്തുചെയ്യണമെന്നറിയാതെ അസ്വസ്ഥരായി. അവരുടെ ഓഫീസുകളിൽ നിന്നും അങ്ങോട്ട് എത്തേണ്ട എന്ന നിർദേശം ലഭിച്ചതോട് കൂടി അവർ വീട്ടിൽ തന്നെ ഇരിക്കാൻ തീരുമാനിച്ചു. വീട്ടിൽ എല്ലാവരും കൂടി ഒരുമിച്ച് ഇത്രയും ദിവസം ഇരിക്കാൻ പോകുന്നത് ആദ്യമായിട്ടായിരുന്നു. പരസ്പരം സംസാരിച്ച് ശീലമില്ലാത്ത അവർ മൊബൈലും ലാപ്ടോപ്പും എടുത്ത് അവരവരുടേതായ ലോകത്തിൽ ഒതുങ്ങി. രണ്ടു പകലുകൾ കടന്നുപോയി.
രാത്രിയായിട്ടും മഹേഷിന്റെ മനസ്സാകെ അസ്വസ്ഥമായിരുന്നു, ജയക്കും ഉറങ്ങാൻ കഴിഞ്ഞില്ല. വീട്ടിനുള്ളിൽ അടച്ചുപൂട്ടി കഴിയേണ്ടി ബുദ്ധിമുട്ടുകൾ ആരോടോ ഫോണിലൂടെ പറഞ്ഞു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. മഹേഷ് മുറിയുടെ ജനാലയിലൂടെ പുറത്തേക്ക് നോക്കി. ആകാശത്ത് കണ്ട ചന്ദ്രൻ മഹേഷിന്റെ ഇരുൾ മൂടികിടന്ന ഓർമകളിലേക്ക് അപ്രതീക്ഷിതമായി ഒരു പ്രകാശം വീഴ്ത്തി. തന്നെ ആദ്യമായി ചന്ദ്രനെ കാട്ടിത്തന്ന തന്റെ അമ്മ, ‘അമ്പിളിമാമനെ കണ്ടോ ‘എന്ന അമ്മയുടെ ചോദ്യം മഹേഷിന്റെ മനസ്സിൽ മുഴങ്ങി. അമ്മ വീട്ടിൽ വന്നിട്ട് ഇതുവരെ ഒന്ന് സ്നേഹത്തോടെ മിണ്ടിയത് പോലുമില്ലാത്ത മകൻ ആണല്ലോ താൻ. 28 ദിവസം എങ്ങനെ വീട്ടിൽ കഴിയുമെന്ന് ആശങ്കപ്പെടുന്ന താൻ, അച്ഛന്റെ മരണശേഷം കഴിഞ്ഞ അഞ്ചു വർഷമായി വീട്ടിൽ ഒറ്റയ്ക്ക് കഴിയുന്ന അമ്മയുടെ അവസ്ഥ ഒന്ന് ചിന്തിച്ച് പോലുമില്ലല്ലോ?. വർഷങ്ങളായി തന്നിൽ നിന്ന് അകന്നു നിന്നിരുന്ന തന്റെ ആത്മാവ് തിരികെ എത്തിയത് പോലെ മഹേഷിന് തോന്നി. ബന്ധങ്ങളെയും സമൂഹത്തെയും തിരിഞ്ഞുനോക്കാതെ യുള്ള യാത്രയ്ക്ക് അനിവാര്യമായ ഒരു ബ്രേക്ക്ഡൗൺ കിട്ടിയതുപോലെ മഹേഷിന് തോന്നി. റൂമിൽ നിന്ന് പുറത്തിറങ്ങിയ മഹേഷ് അമ്മയുടെ റൂമിന്റെ വാതിൽ പതുക്കെ തുറന്നു ചോദിച്ചു. “അമ്മ ഉറങ്ങിയോ”.
” ഇല്ല മോനേ നീ ഉറങ്ങിയില്ലേ.”
“ഇല്ല അമ്മേ, എനിക്കു കുറച്ചുനേരം അടുത്തിരുന്നു സംസാരിക്കണം”.
അവർ ഒന്നു പുഞ്ചിരിച്ചു കൊണ്ട് പതുക്കെ പറഞ്ഞു. ” കൊറോണയ്ക്കു ദോഷം മാത്രമല്ല ഉള്ളത് അല്ലേ മോനേ ? വീട്ടിനുള്ളിൽ രണ്ട് ദിവസം ഇരുന്നപ്പോൾ മോന് എന്നെ ഓർമ്മ വന്നല്ലോ സംസാരിക്കാൻ തോന്നിയല്ലോ ” . പക്ഷേ മോനെ ഇപ്പോൾ സംസാരിക്കേണ്ട നീ പൊയ്ക്കോളൂ ഇപ്പോൾ വീട്ടിൽ നിൽക്കുമ്പോഴും സാമൂഹിക അകലം പാലിക്കണം എന്നല്ലേ രാവിലെ വന്നവർ പറഞ്ഞത്. നമ്മൾ അത് അനുസരിക്കണം. പക്ഷേ മോനെ ഇത് കഴിഞ്ഞു ഓഫീസിൽ പോയി തിരക്കു തുടങ്ങിയാലും വീട്ടിൽ വന്ന ശേഷം വീട്ടിലുള്ളവരോട് ചിലവഴിക്കാൻ നീ കുറച്ച് സമയം കണ്ടെത്തണം”.
അപ്രതീക്ഷിതമായി അമ്മയുടെ മറുപടി കേട്ട് മഹേഷ് പതുക്കെ തിരിച്ചു മുറിക്ക് പുറത്തേക്ക് പോയി. ശരിയാണ് അമ്മ പറഞ്ഞത് വീടും നാടും മറന്നുള്ള ഈ ഓട്ടത്തിനിടയ്ക്ക് തന്നെ പോലുള്ളവർക്ക് ഒരു തിരുത്തലിനുള്ള അവസരമാണിത്.
മഹേഷിന്റെ പിന്നിൽ അമ്മയുടെ മുറിയുടെ വാതിലിന്റെ ലോക്ക് വീഴുന്ന ശബ്ദം കേട്ടു.
അതേ ലോക്ക്ഡൗൺ മനുഷ്യന്റെ പുനർചിന്തക്ക് വഴിയൊരുക്കിയ ലോക്ക്ഡൗൺ.
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.ക
നല്ല കഥ. കുടുംബത്തിനുള്ളിൽ ഉണ്ടാവേണ്ട മാനസിക അടുപ്പം എത്രത്തോളം പ്രധാനമാണ് എന്നത് നാം പലപ്പോഴും അപകട ഘട്ടങ്ങളിലാണ് തിരിച്ചറിയുന്നത്. ഈ നാളുകളിലെ തിരിച്ചറിവിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ആദർശിന്റെ കഥ. ആദർശിന് എല്ലാ ആശംസകളും നേരുന്നു.