അതിർത്തികൾക്കിടയിൽ

0
249

ഭാഗം ഒന്ന്

ബിലാൽ ശിബിലി

കേരളാ – തമിഴ്നാട് അതിർത്തിയാണ് ചിത്രത്തിൽ. ഫോട്ടോ എടുത്ത സ്ഥലം വയനാട് ജില്ലയിലെ അമ്പലവയൽ പഞ്ചായത്തിലെ കോട്ടൂർ. പാലത്തിനപ്പുറം, തമിഴ്നാട്ടിൽ നിന്ന് സാധനങ്ങൾ വാങ്ങിച്ച് നടന്നു വരുന്ന ആളുകളെ കാണാം. പേരിനൊരു ചെറിയ ചെക്ക് പോസ്റ്റുണ്ട്, ഒരു ഓലഷെഡ്. ഒരു തമിഴ്നാട് പോലീസുകാരനും.

രണ്ടാമത്തെ ചിത്രത്തിൽ മാർക്ക് ചെയ്ത ഭാഗം ശ്രദ്ധിക്കൂ… കേരളത്തിന്റെ ഇടക്ക് പെട്ടു പോയ നീലഗിരി ജില്ലയിലെ ചെറിയൊരു പ്രദേശം. മൂന്ന് ഭാഗവും കേരളമാണ്. എരുമാട്, അയ്യൻകൊല്ലി എന്നിവയാണ് അവിടെയുള്ള ചെറിയ ടൗണുകൾ.

നാട്ടുകാർ എല്ലാരും മലയാളികളാണ്. സംസാരിക്കുന്നത് ഏറനാട് / മലപ്പുറം ഭാഷയാണ്. പണ്ട്, ഗൂഡല്ലൂർ പ്രദേശം നിലമ്പൂർ കോവിലകത്തിന്റെ ഭാഗമായിരുന്നെന്നും, പിന്നീടാണ് തമിഴ്നാട്ടിലേക്ക് ചേർന്നതെന്നും നാട്ടുകാരിൽ നിന്ന് സഹയാത്രികനായ നിധിൻ Nidhin VN ചോദിച്ചു മനസ്സിലാക്കി. മലപ്പുറം ജില്ലയിൽ നിന്ന് പണ്ട് കുടിയേറി വന്നവരാണ് അധികവും. തമിഴ് സിനിമയുടെ പോസ്റ്ററടക്കം മലയാളത്തിലാണ് എരുമാട് ടൗണിൽ പതിപ്പിച്ചിരിക്കുന്നത്.

ബത്തേരിയാണ് ഇവരുടെ പ്രധാന പട്ടണം. ഹോസ്പിറ്റൽ, ഹോൾസെയിൽ, ടെക്സ്ടൈൽസ് തുടങ്ങി എല്ലാ ആവശ്യങ്ങൾക്കും ആശ്രയിക്കുന്നത് ബത്തേരി ടൗണിനെയാണ്. ബത്തേരിയിൽ നിന്ന് ഗുഡല്ലൂർക്ക് പോവാൻ, ഊട്ടി റോഡല്ലാതെ ഇങ്ങനെ ഒരുപാട് ചെറുവഴികളും അതിർത്തികളുമുണ്ട്. അവിടങ്ങളിൽ ഒക്കെയുള്ള ജനങ്ങളുടെ അവസ്ഥ സമാനമാണ്. സാംസ്കാരികമായി മലയാളികൾ. രേഖാപരമായി തമിഴ്നാട്ടുകാർ.

പറഞ്ഞു വന്നത് അതൊന്നുമല്ല. എരുമാടുകാരുടെ ജില്ലാ ആസ്ഥാനം ഊട്ടിയാണ്. മൂന്ന് മണിക്കൂർ യാത്ര ചെയ്യണം. അതേസമയം, ബത്തേരിക്ക് 20 മിനുട്ട് മതി. കാസർഗോഡും പാലക്കാടും ഇങ്ങനെയുള്ള സ്ഥലങ്ങളുണ്ട്. മഞ്ചേശ്വരം അങ്ങനൊരു പ്രദേശമാണ്. ആശ്രയം മംഗലാപുരമാണ്. “അപ്പൊ, കേരളം നമ്പർ വൺ അല്ലേ ! പിന്നെന്തിനാ കർണാടകയിലേക്ക് ഓടുന്നത്?..” – എന്ന മില്യൺ ഡോളർ ചോദ്യം ചോദിക്കുന്നവരോടാണ്‌, ബത്തേരിയിലേക്ക് വരുന്ന എരുമാടുകാരുടെ കഥ പറഞ്ഞു തന്നത്.

(അതിർത്തി പ്രദേശങ്ങളോടുള്ള അവഗണന യാഥാർഥ്യവുമാണ്. സാന്ദർഭികമായി പറയട്ടെ, കാസർഗോഡ് മെഡിക്കൽ കോളേജ് ഇന്ന് മുതൽ പ്രവർത്തിച്ചു തുടങ്ങുകയാണ്…)

നാഷണൽ ഹൈവേ മണ്ണിട്ട് മൂടിയ കർണാടകയുടെ പ്രവർത്തി കാരണം, ജീവൻ പൊലിഞ്ഞു പോയ പത്ത് ജീവിതങ്ങൾക്ക് ആദരാജ്ഞലികൾ.

അതിർത്തികളെ ചൊല്ലി നമ്മളുണ്ടാക്കുന്ന ഒച്ചകളെല്ലാം ഇവിടെ അർത്ഥശൂന്യമാവുന്നു. ഇങ്ങനെയുള്ള ഇടങ്ങൾ ഇനിയുമുണ്ട്.
(തുടരും)

LEAVE A REPLY

Please enter your comment!
Please enter your name here