ചെറിയ വലിയ സ്വപ്‌നങ്ങൾ

0
251
little-miss-sunshine-shilpa-niravilppuzha-wp

സിനിമ

ശില്പ നിരവിൽപ്പുഴ

എപ്പോഴാണ് അവസാനമായി നിങ്ങൾ സ്വപ്നം കണ്ടത്? എന്തിനെങ്കിലും വേണ്ടി അതിയായി ആഗ്രഹിച്ചിട്ടുള്ളത്? ആഴ്ചകൾക്ക് മുമ്പോ മാസങ്ങൾക്ക് മുമ്പോ ആണെങ്കിൽ പുനർവിചിന്തനത്തിനുള്ള സമയമായി എന്നാണ് പറയാനുള്ളത്. ആരാണ് നമ്മുടെയൊക്കെ സ്വപ്നങ്ങൾക്ക് അതിര് തീരുമാനിച്ചിട്ടുള്ളത്? ആഗ്രഹങ്ങൾക്ക് പരിധി നിശ്ചയിച്ചിട്ടുള്ളത്? സ്വപ്നങ്ങളോളം മനോഹരമായ മറ്റെന്താണുള്ളത്!?

ഒലിവ് എന്ന കൊച്ചു പെൺകുട്ടിയുടെ നിഷ്കളങ്കമായ ഒരു സ്വപ്നത്തിലാണ് സിനിമ തുടങ്ങുന്നത്. സിനിമ നീങ്ങുന്നതും അവസാനിക്കുന്നതും അതേ സ്വപ്നത്തിൽ തന്നെയാണ്. വഴിനീളെ ചുറ്റിലും കണ്ട് മറന്ന മനുഷ്യരെയോ, ഒരു പക്ഷേ നമ്മളെ തന്നെയോ കണ്ടെന്ന് വരാം. പ്രേമനൈരാശ്യങ്ങളിൽ മനം നൊന്ത് സ്വയം ജീവനൊടുക്കുന്നവരെ, ജീവിതത്തിന്റെ വേഗതക്ക് ഒപ്പമെത്താൻ കഴിയാതെ വഴിയരികിലേതോ മരച്ചോട്ടിൽ കിതപ്പാറുന്നത് വരെ ഇരുന്ന് വിശ്രമിക്കുന്നവരെ, വിജയിക്കണമെന്ന് അതിയായി മോഹിച്ചിട്ടും നിരന്തരം തോറ്റ് പോകുന്നവരെ.

shilpa-niravilppuzha

“Why where you unhappy?” എന്ന് ഒലീവ് ചോദിക്കുമ്പോൾ ഫ്രാങ്കിന് പറയാനുള്ളതൊക്കെ പലപ്പോഴും നമ്മളൊക്കെ ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുള്ളവ തന്നെയാണ്. ഒഴിവാക്കപ്പെടലുകളും ഒറ്റപ്പെടലുകളും നമ്മളെ വേദനിപ്പിക്കുന്നുണ്ടെങ്കിലും പിന്നീടൊരിക്കൽ ഇതൊക്കെയാണ് നമ്മളെ നമ്മളാക്കുന്നത് എന്ന് ഫ്രാങ്ക് തന്നെ തിരുത്തി പറയുന്നുണ്ട്. “Its ok to be skinny, and it’s ok to be fat, if that’s what you wanna be. Whatever you want, it’s ok…” തടിച്ചു പോയതിന്, ലേശം വണ്ണം കൂടി പോയതിന്, നാമെത്ര വട്ടം പരിഹസിക്കപ്പെട്ടു കാണും? ഇങ്ങനെ ഒരാളെങ്കിലും പറഞ്ഞിരുന്നെങ്കിൽ എന്ന് നാമെത്രവട്ടം ആശിച്ചു കാണും.

സിനിമയുടെ പകുതി കഴിയുമ്പോൾ, അത് വരെ താൻ കൊണ്ട് നടന്ന ആത്മവിശ്വാസത്തിന്റെ പുറം മോടി ഒക്കെ അഴിഞ്ഞു വീണ് ഒലിവ് കരഞ്ഞുകൊണ്ട് ചോദിക്കുന്നുണ്ട്.
“Grand pa, am I pretty?”
“You are the most beautiful girl in the world..”
“തോൽക്കുന്നത്, ജയിക്കില്ല എന്ന പേടി കൊണ്ട് ശ്രമിക്കുക പോലും ചെയ്യാതെ മാറി നിൽക്കുന്നവരാണെന്നും നീ ജയിച്ചു കഴിഞ്ഞെന്നും” grand pa പറയുമ്പോൾ ഒലീവിന്റെ മറുപടി; “തോൽവിയെ അല്ല, അച്ഛന് തോറ്റു പോവുന്നവരെ ഇഷ്ടമല്ല. അച്ഛൻ വെറുക്കുമോ എന്നതാണ് തന്റെ പേടി” എന്നാണ്.

little-miss-sunshine

ജയവും തോൽവിയുമൊക്കെ നമ്മുടെ കാഴ്ചപ്പാടുകളാണ്. സ്വപ്നം കാണുക, നേടിയെടുക്കുക, സ്നേഹിക്കുക, എന്നതിനപ്പുറത്തേക്ക് ജീവിതത്തിൽ നമുക്കെന്താണ് ചെയ്യാനുള്ളത്? Dwayne “Go hug mom” എന്ന് എഴുതി കാണിക്കുമ്പോൾ അമ്മയെ ഓടിപ്പോയി കെട്ടിപ്പിടിക്കുന്ന ഒലീവ് പിന്നീട് വഴിയരികിൽ എല്ലാം നഷ്ടപ്പെട്ടവനെ പോലെ അലമുറയിട്ട് കരയുന്ന dwayne നെ ആരും പറയാതെ തന്നെ ചേർത്തു പിടിക്കുന്നുണ്ട്. എല്ലാ വാശികളും വേണ്ടെന്ന് വച്ച് അയാൾ ജീവിതത്തിലേക്ക് മടങ്ങി വരുന്നത് അപ്പോഴാണ്.

സിനിമയുടെ അവസാന ഭാഗത്തിൽ ഒലീവിന് വേണ്ടി എല്ലാവരും ചുവട് വക്കുന്ന മനോഹരമായ ക്ലൈമാക്സിൽ, മേൽപ്പറഞ്ഞതെല്ലാം സ്നേഹമെന്ന ഒരൊറ്റ നീർച്ചാലിൽ ചെന്ന് ചേരുന്നുണ്ട്. ഇത്രമേൽ മനസ് കവിഞ്ഞൊഴുകിയ ഒരു ക്ലൈമാക്സ് ഈ അടുത്തൊന്നും കണ്ടിട്ടില്ല. ‘Little Miss Sunshine’ ഒരു കുഞ്ഞു സിനിമയാണ്. എത്ര പേരെ തൃപ്തിപ്പെടുത്തുന്ന ഒന്നാണെന്ന് അറിയില്ല. പക്ഷേ, ഒന്നുറപ്പാണ്. കൂടുതൽ സ്നേഹിക്കാൻ, കൂടുതൽ സ്വപ്നം കാണാൻ, കൂടുതൽ പരിശ്രമിക്കാൻ, കൂടുതൽ മനോഹരമായി ജീവിക്കാൻ, എവിടെയൊക്കെയോ നമ്മളെ ഈ സിനിമ പ്രേരിപ്പിക്കുന്നുണ്ട്. വാസ്തവത്തിൽ അതിനപ്പുറത്തേക്ക് ഒരു സിനിമ എന്താണ് ചെയ്യേണ്ടത്…?

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in,

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഓൺലൈൻ ആൻഡ്രോയ്ഡ് ആപ്പ് ഇൻസ്റ്റാൾ ചെയ്യൂ…

LEAVE A REPLY

Please enter your comment!
Please enter your name here