നമുക്ക്‌ കേൾക്കാം, കേട്ടു കൊണ്ടേയിരിക്കാം…

0
573

ഓരോ 40 സെക്കൻഡിലും ലോകത്തിൽ ഒരാൾ ആത്മഹത്യ ചെയ്യുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്‌. ഓരോ മൂന്ന് സെക്കൻഡിലും ഒരാൾ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നുണ്ട്. ആത്മഹത്യക്ക് ചെയ്യുന്നവരിൽ നാലിൽ മൂന്ന് ആളുകളും ഒരുപാടവർത്തി താൻ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് ലോകത്തോട് വിളിച്ചു പറയുന്നു. ‘അലാർമിംഗ് കോൺവർസേഷൻ’ എന്നാണ് ഇതിനെ പറയുന്നത്. ആളുകൾക്ക് ഈ മുന്നറിയിപ്പുകൾ മനസ്സിലാക്കാനോ ഇതിനോട് വേണ്ട രീതിയിൽ പ്രതികരിക്കാനോ കഴിയാതെ വരുന്നു. ആത്മഹത്യ നടന്നതിന് ശേഷം മാത്രമാണ് ഈ മുന്നറിയിപ്പുകൾ തിരിച്ചറിയപ്പെടുന്നത്‌.

ലോകത്ത്‌ നടക്കുന്ന ആത്മഹത്യകളിൽ ബഹുഭൂരിപക്ഷവും അതിനിസ്സാരമായ കാരണങ്ങൾ കൊണ്ടാണ് എന്നതാണ് ഞെട്ടിപ്പിക്കുന്ന സത്യം. ഒന്ന് കേട്ടിരിക്കാനോ, സ്വാന്തനം നൽകാനോ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഒഴിവാക്കപ്പെടാമായിരുന്ന മരണങ്ങളാണ് അധികവും. ഈ തിരിച്ചറിവിൽ നിന്നാണ് മാനസികാരോഗ്യത്തിൽ കേൾവിയുടെ (ലിസണിംഗ്‌) പ്രാധ്യാന്യം ജനങ്ങളിലെത്തിക്കാൻ ഒരുപറ്റം മനശാസ്ത്ര പ്രവർത്തകർ ‘ ലിസണിംഗ്‌ കമ്മ്യൂണിറ്റി ‘ എന്ന പേരിൽ ഒരു കൂട്ടായ്മ രൂപീകരിക്കുന്നത്‌.

 

ഡൽഹി കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന പാലിയേറ്റീവ് കെയർ സംഘടനയായ ‘ഡിനിപ് ‘ കെയറിന് കീഴിൽ ഡൽഹി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലും എയിംസ് ട്രോമകെയർ സെൻററിലും, മറ്റു കിടപ്പിലായ രോഗികൾക്കിടയിലും സാന്ത്വന പരിചരണ പ്രവർത്തനങ്ങളിൽ സന്നദ്ധരായി പങ്കെടുത്ത ഒരുകൂട്ടം മനശാസ്ത്ര വിദ്യാർത്ഥികൾ, രോഗികളെ സന്ദർശിക്കുന്നതും അവരെ ശ്രദ്ധയോടെ കേൾക്കുന്നതും അവരോട് സംസാരിക്കുന്നതും അവരിൽ വലിയ മാറ്റം ഉണ്ടാക്കുന്നു എന്ന തിരിച്ചറിവാണ് ‘ലിസണിംഗ്‌ കമ്മ്യൂണിറ്റി’ എന്ന ആശയത്തിലേക്ക്‌ നയിച്ചത്‌.

പ്രത്യക്ഷത്തിൽ രോഗികളല്ലാത്ത നമുക്കു ചുറ്റുമുള്ള ആളുകൾ, സാമൂഹ്യ മാധ്യമങ്ങളിലൂടെയും നേരിട്ടും പങ്കുവെക്കുന്ന നിരാശകൾ ഒറ്റപ്പെടലുകളുടെയും ഏകാന്തതകളുടെയും തോന്നലുകൾ വിഷാദം മുറ്റിനിൽക്കുന്ന സംസാരങ്ങൾ ശ്രദ്ധിക്കുകയും, അവരെ കേൾക്കാനും പങ്കുവെക്കാനും കൂട്ടാവാനും തയ്യാറാവുകയും ചെയ്തപ്പോൾ അവർക്കിടയിൽ ഉണ്ടായ മാറ്റങ്ങൾ ഏറെ പ്രകടമായിരുന്നു. ഇത് മാനസികാരോഗ്യമേഖലയിൽ ഒരു സാന്ത്വന പരിചരണം ആവശ്യമാണെന്ന തോന്നലുകൾക്ക് ബലമേകി. അത് ഉറപ്പ് വരുത്തന്നതിനായി ദേശീയതലത്തിൽ ലിസണിംഗിന്‍റെ ആവശ്യകതയെ കുറിച്ച് ഒരു സർവേ നടത്തുകയും ചെയ്തു.

ആയിരത്തിലധികം ആളുകൾ പങ്കെടുത്ത സർവേയിൽ എൺപത്‌ ശതമാനം ആളുകളും തങ്ങളെ കേൾക്കാൻ ആരെങ്കിലും ഉണ്ടാവണമെന്ന് ആഗ്രഹിച്ചവരായിരുന്നു. കേൾക്കാൻ ആളില്ലാതെ പോയതിലുള്ള പ്രയാസം ഓരോ രണ്ടാമനും, അഥവാ 50 ശതമാനം ആളുകളും റിപ്പോർട്ട് ചെയ്തു. സങ്കടങ്ങൾ മാത്രമല്ല ചിലപ്പോൾ സന്തോഷങ്ങൾ വരെ കേൾക്കാനും ആളില്ലാതെ പോകാറുണ്ടെന്നും 75 ശതമാനം പേരും അഭിപ്രായപ്പെട്ടു. പിന്നീട് ഇവര്‍ നടത്തിയ പഠനങ്ങളിലെല്ലാം മേൽ സർവേ ഫലത്തിന് പിൻബലമേകുന്ന നിരീക്ഷണങ്ങൾ കണ്ടെത്താൻ കഴിഞ്ഞു.

ലിസണിംഗിന്റെ പ്രാധാന്യവും ആവശ്യകതയും പൊതുജനങ്ങളെ ബോധിപ്പിക്കുക, അതിന് പ്രചോദനം നൽകുക, ലിസണിംഗ് സ്കിൽ പരിപോഷിപ്പിക്കുന്നതിനായി പരിശീലനം നൽകുക, ആവശ്യമായി വരുന്നിടത്ത് പ്രത്യേക പരിശീലനം നേടിയ ‘ലിസണിംഗ് വളണ്ടിയർമാരെ’ ലഭ്യമാക്കുക എന്നതാണ് ലിസണിംഗ് കമ്മ്യൂണിറ്റി ലക്ഷ്യമാക്കുന്നത്. ഡൽഹിയിൽ പ്രവർത്തനമാരംഭിച്ച ലിസണിംഗ് കമ്മ്യൂണിറ്റിയിൽ മനശാസ്ത്ര വിദ്യാർഥികളടക്കം നൂറിലധികം വളണ്ടിയർമാർ ഇതിനോടകം തന്നെ ഭാഗമാവുകയും, യൂണിവേഴ്സിറ്റി വിദ്യാർത്ഥികളടക്കമുള്ള ഒരുപാടുപേർ സഹായം തേടുകയും ചെയ്തിരിക്കുന്നു.

അന്താരാഷ്ട്ര ലിസണിംഗ് അസോസിയേഷന്റെ പൂർണ പിന്തുണ ഉറപ്പാക്കാനായതും, ബ്രിട്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗ്ലോക്കൽ അക്കാഡമി ലിസണിംഗ് കമ്മ്യൂണിറ്റിയുമായി സഹകരണത്തിലെത്തിയതും, യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു അന്തരാഷ്ട്ര യുവ സംരഭ കൂട്ടായ്മ സഹകരിക്കാനുള്ള താൽപര്യം അറിയിച്ചതും ഈ പദ്ധതിയുടെ വിശാലമായ സാധ്യതകളെ വീണ്ടും അംഗീകരിക്കുന്നതാണ്.

അന്താരാഷ്ട്ര ലിസണിംഗ് ദിനാചരണത്തോടനുബന്ധിച്ച് ലിസണിംഗിന്റെ പ്രാധാന്യത്തെ പൊതുജനങ്ങൾക്ക് ബോധിപ്പിക്കുന്നതിനും ലിസണിംഗ് കമ്മ്യൂണിറ്റി എന്ന ആശയത്തെ മറ്റുള്ളവരിലേക്ക് പ്രചരിപ്പിക്കുന്നതിനുവേണ്ടി സംഘടനാ സ്ഥാപകരും മനശാസ്ത്രജ്ഞരുമായ അബ്ദുൽ ഗഫൂർ, അബ്ദുൽ ബാരി എന്നിവർ ഈ മാസം 17 ന് കാർഗിൽ മുതൽ കന്യാകുമാരി വരെ ബുള്ളറ്റ് യാത്ര നടത്തുന്നു. യാത്രയുടെ ഭാഗമായി വിവിധ സർവകലാശാലകൾ, എൻ.ജി.ഒ.കൾ, ക്ലബ്ബുകൾ മറ്റു സമാന കൂട്ടായ്മകൾ എന്നിവ സന്ദർശിച്ചു ബോധവൽക്കരണ ക്ലാസുകൾ, മീഡിയ ക്യാമ്പയിനുകൾ, പൊതുസ്ഥലങ്ങളിൽ എക്സിബിഷനുകൾ ഡമോൺസ്ട്രേഷനുകൾ എന്നിവ സംഘടിപ്പിക്കുകയും ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here