കോഴിക്കോട് കൊടുവള്ളി സ്വദേശി ഷിനോദ് അക്കരപ്പറന്പിൽ, ധന്യ എം.സി, ഗുരുവായൂർ സ്വദേശി ഗായത്രി എന്നിവർ ചിത്രകലയിലും ശില്പകലയിൽ ശ്രീകുമാർ കെ ഉണ്ണിക്കൃഷ്ണനും അക്കാദമിയുടെ ഓണറബിൾ മെൻഷൻ ബഹുമതിക്ക് അർഹരായി. 30000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ബഹുമതി.
കലാവിദ്യാർത്ഥികൾക്കുള്ള അക്കാദമിയുടെ പ്രത്യേക പരാമർശത്തിന് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃതസർവകലാശാലയിലെ അരുൺ രവി, തൃശൂർ ഗവ. കോളേജ് ഓഫ് ഫൈൻ ആർട്ട്സിലെ വിവേക് ദാസ് എം.എം, തൃശൂർ ആർ.എൽ.വി കോളേജ് ഓഫ് ഫൈൻ ആർട്സിലെ റിങ്കു അഗസ്റ്റിൻ പി.എ എന്നിവരുടെ ചിത്രങ്ങളും, മാവേലിക്കര രാജാ രവിവർമ്മ കോളേജ് ഓഫ് ഫൈൻആർട്സിലെ ഹെൽന മെറിൻ ജോസഫ്, തൃശൂർ ഗവ. കോളേജ് ഓഫ് ഫൈൻ ആർട്സിലെ ഷാൻ കെ.ആർ എന്നിവരുടെ ശിൽപങ്ങളും ബഹുമതിക്ക് അർഹമായി. 20000 രൂപയാണ് പുരസ്കാരത്തുക.
മികച്ച ഛായാചിത്രത്തിനുള്ള ശങ്കരമേനോൻ എൻഡോവ്മെന്റ് സ്വർണമെഡലിന് അരവിന്ദ് കെ.എസും മികച്ച പ്രകൃതിദൃശ്യചിത്രത്തിനുള്ള വിജയരാഘവൻ എൻഡോവ്മെന്റ് സ്വർണമെഡലിന് പ്രദീപ് പ്രതാപും അർഹരായി. ‘ ഐ കാൻ ഫീൽ ദ നാച്ച്വർ’ എന്ന ചിത്രമാണ് അരവിന്ദിനെ അവാർഡിന് അർഹനാക്കിയത്. പ്രദീപ് പ്രതാപിനെ അവാർഡിന് അർഹനാക്കിയ ചിത്രത്തിന് ശീർഷകമില്ല.
കേരള ലളിതകലാ അക്കാദമി ചെയർമാൻ സത്യപാലാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. പുരസ്കാരത്തിനായി ചിത്രകല, ശിൽപകല എന്നീ വിഭീഗങ്ങളിൽ ഈ വർഷം 243 എൻട്രികളാണ് ജൂറിയുടെ പരിഗണനയ്ക്കായി വന്നത്. ആന്ധ്രയിൽ നിന്നുള്ള രാമകൃഷ്ണ വേതാള, മദ്ധ്യപ്രദേശ് സ്വദേശി യൂസഫ്, ചെന്നൈയിൽ നിന്നുള്ള അസ്മ മേനോൻ എന്നിവരായിരുന്നു ജൂറി അംഗങ്ങളെന്ന് സത്യപാൽ എറണാകുളം ദർബാർ ഹാൾ ആർട്ട് ഗാലറിയിൽ നടന്ന പത്ര സമ്മേളനത്തിൽ പറഞ്ഞു.
ഓഗസ്റ്റ് 19 ന് വൈകീട്ട് 4 ന് ദർബാർ ഹാളിൽ നടക്കുന്ന ചടങ്ങിൽ സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലൻ പുരസ്കാരങ്ങൾ സമ്മാനിക്കും. ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രനും ജൂറി അംഗങ്ങളും പത്രസമ്മേളനത്തിൽ പങ്കെടുത്തു.