നിധിൻ.വി.എൻ
സദാചാരശൂന്യമായ സാഹിത്യം, കല എന്നിവയുടെ പ്രചാരം മൂലം മനുഷ്യന്റെ വിലയിടിയുമെന്ന് ഓർമ്മപ്പെടുത്തിയ കുട്ടികൃഷ്ണമാരാരുടെ ജന്മദിനമാണ് ഇന്ന്. ഭാഷയുടെ മേള പെരുക്കമാണ് മാരാരിലെത്തുന്ന ഏതൊരാൾക്കും അനുഭവിക്കാനാവുക. വള്ളത്തോളുമായുള്ള സഹവാസം സംസ്കൃതത്തിൽ നിന്നും മലയാളത്തിലേക്ക് മാരാരുടെ ശ്രദ്ധ തിരിച്ചു. 15 കൊല്ലത്തോളം നീണ്ട ഈ സഹവാസമാണ് മാരാരെ മാറ്റി തീർത്തത്. എന്നാൽ നാലപ്പാട്ട് നാരായണ മേനോനെ കാണുകയും അദ്ദേഹത്തിൽ ഗുരുവിനെ കണ്ടെത്തുകയും ചെയ്തതോടെ മാരാർ അടിമുടി മാറുകയായിരുന്നു. നിരൂപണം സർഗാത്മകത വേണ്ട കലയാണെന്ന് അദ്ദേഹത്തിന് ബോധ്യപ്പെടുന്നതും ഈയൊരു കാലത്താണ്.
കരിക്കാട്ട് മാരാത്ത് കൃഷ്ണമാരാരുടെയും തൃപ്രങ്ങോട്ട് കിഴക്കേമാരാത്ത് ലക്ഷ്മി മാരസ്യാരുടേയും പുത്രനായി 1900 ജൂൺ 14-ന് കുട്ടികൃഷ്ണമാരാർ ജനിച്ചു. 1923-ൽ പട്ടാമ്പി സംസ്കൃത കോളേജിൽ ചേരുകയും മദിരാശി സർവകലാശാലയുടെ സാഹിത്യശിരോമണി പരീക്ഷ ജയിക്കുകയും ചെയ്തു. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ പണ്ഡിതരുടെ വിഹാരരംഗമായിരുന്ന സഹൃദയ തുടങ്ങിയ സംസ്കൃത പത്രികകളിൽ മാരാരുടെ ലേഖനങ്ങളും ഇടം പിടിച്ചിരുന്നു.
സാഹിത്യത്തിലെന്നപോൽ ചിത്രകലയിലും തല്പരനായിരുന്നു മാരാർ. കരിക്കാട് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ അയ്യപ്പന്റെ ശ്രീകോവിൽ ചുമരിൽ കുട്ടികൃഷ്ണമാരാർ വരച്ച ചിത്രം ഇതിനു തെളിവാണ്.
“മാരാരുടെ പക്കൽ ഒരു ചെണ്ടയുണ്ട്. അസാധാരണ തേജസും മോടിയും കൂടിയ മാരാരുടെ ഭാഷാശൈലി. വിമർശനത്തിനു പറ്റിയ ഇത്ര മനോഹരമായ ഭാഷ മറ്റൊരാളുപയോഗിച്ചു കണ്ടില്ല. മാരാരുടെ അഭിപ്രായത്തോടു നിങ്ങൾക്കു യോജിക്കുകയോ യോജിക്കാതിരിക്കുകയോ ചെയ്യാം. എന്നാൽ ആ അഭിപ്രായങ്ങൾ പ്രകാശിപ്പിക്കാൻ ഉപയോഗിക്കുന്ന ഭാഷാരീതി – അതെ, അതുൾക്കൊള്ളുന്ന കാര്യങ്ങൾ നിങ്ങൾക്കു രസിച്ചാലും ശരി, ഇല്ലെങ്കിലും ശരി വായിക്കുന്നത് ഒരു രസവും നഷ്ടപ്പെടാൻ പാടില്ലാത്ത ഒരു സാഹിത്യാനുഭവവുമാണ്” ‘മാരാരും കൂട്ടരും’ എന്ന തൂലികാ ചിത്രസമാഹാരത്തിൽ വള്ളത്തോൾ, കുട്ടികൃഷ്ണ മാരാരുടെ ഭാഷയെ കുറിച്ച് അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്.
വിമർശനകലയെ സർഗാത്മക കലയാക്കി മാറ്റിയ മാരാർ, കൃതി കാലത്താൽ നിർണയിക്കപ്പെടുന്നു എന്ന ആശയത്തിന് എതിരായിരുന്നു. ‘കല കലയ്ക്കു വേണ്ടി‘, ‘കല ജീവിതത്തിന് വേണ്ടി‘ എന്നീ രണ്ടു വാദമുഖങ്ങൾ എക്കാലത്തും ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. ഇവയിൽ നിന്ന് വ്യത്യസ്തമായി ‘കല ജീവിതം തന്നെ‘ എന്നതായിരുന്നു മാരാരുടെ വാദം. വിമർശനം പക്ഷപാതപരമായിരിക്കണം എന്നും പക്ഷപാതപരമല്ലാത്ത വിമർശനം, വിമർശകന്റെ വ്യക്തിത്വം അലിഞ്ഞു ചേരാഞ്ഞതിനാൽ നിർജീവം ആയിരിക്കുമെന്നും മാരാർ വിശ്വസിച്ചു. വിമർശനം കേവല വ്യക്തിവൈരാഗ്യത്തിനുള്ള ആയുധവുമായി തീർന്ന കാലത്താണ് മാരാരുടെ വിമർശനങ്ങളുടെ പ്രസക്തി.
1938 മുതൽ 1961 വരെ മാരാർ മാതൃഭൂമിയിലെ പ്രൂഫ് റീഡറായിരുന്നു. അദ്ദേഹത്തിന്റെ പ്രമുഖ സാഹിത്യരചനകളെല്ലാം ഇക്കാലത്ത് രചിച്ചതാണ്. “മലയാളശൈലി” മുതൽ “കല ജീവിതം തന്നെ” വരെയുള്ള രചനകളാണവ. മലയാളശൈലി എന്ന ഗ്രന്ഥം എന്താണ് മലയാളം എന്ന് മലയാളിയെ പഠിപ്പിച്ചുവെങ്കിൽ ഭാരതപര്യടനം എന്ന ഇതിഹാസപഠനം മഹാഭാരതത്തെ എപ്രകാരം വായിക്കണം എന്ന് കാട്ടിത്തന്നു. ഏറെ വിവാദങ്ങൾ ക്ഷണിച്ചു വരുത്തിയ കൃതിയായിരുന്നു ഭാരതപര്യടനം. 1948-ൽ മഹാഭാരതത്തെ ഇതിവൃത്തമാക്കി മാരാർ എഴുതിയ ഭാരതപര്യടനത്തിൽ ഇതിഹാസ കഥാപാത്രങ്ങളെയെല്ലാം വെറും മനുഷ്യരായി കണ്ട് വിശകലനം ചെയ്യുകയാണ്. തിന്മയും നന്മയും ഇരു വിഭാഗങ്ങളല്ലെന്നും രണ്ടും ഓരോ വ്യക്തിയിലുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നന്മയുടെ പക്ഷത്തു നിന്ന് രാമൻ, ധർമപുത്രൻ, കൃപർ, വിഭീഷണൻ എന്നിവരെ തള്ളിക്കളഞ്ഞ് കർണൻ, അശ്വത്ഥാമാവ്, പക്ഷികൾ, മേഘങ്ങൾ എന്നീ അരികവത്കരിക്കപ്പെട്ട ജനതയോടൊപ്പം നിന്നു. ഏറ്റവും കഠിനമായി വിമർശനം നടത്തിയ മാരാർ കുമാരാശാന്റെ ലീല ഭർത്താവിനെ കൊന്നതാണ് എന്ന് വിശേഷിപ്പിച്ചു. സാഹിത്യഭൂഷണം, പതിനഞ്ചുപന്യാസങ്ങൾ, ഋഷിപ്രസാദം, സാഹിത്യസല്ലാപം, സാഹിത്യവിദ്യ, കൈവിളക്ക്, ചർച്ചായോഗം, ദന്തഗോപുരം, വൃത്തശില്പം, ഭാഷാപരിചയം, ഹാസ്യസാഹിത്യം എന്നിവയാണ് മാരാരുടെ മറ്റ് പ്രശസ്ത കൃതികൾ.