കവിത
കെ എസ് കൃഷ്ണകുമാർ
ആശുപത്രിമണങ്ങളുടെ
പടവുകൾ ഇറങ്ങി
വെളുത്ത തേരിൽ
നാടെത്തി
കവലയെത്തി
വീടെത്തി
കാണാൻ ആളുകളെത്തി
ഡോക്ടറെ
ദൈവമെന്ന്
ഇടയ്ക്കിടെ തൊഴുതിരിക്കും.
എല്ലാം ഒഴിഞ്ഞുപോയി
പണിക്ക് പോയി
വെള്ളക്കട്ടിൽ
മെലിഞ്ഞ കൊടിമരം
ഗ്ലൂക്കോസ്കുത്തൽ
സിറിഞ്ച്
നനഞ്ഞപഞ്ഞിമണം
മരുന്ന് ഗുളിക സിറപ്പ്
സ്റ്റീൽതാലം
എല്ലാം മറന്നുപോയി
മനസ്സിന്റെ ചില്ലയിൽ നിന്ന്
എല്ലാം കിളികളും പറന്നുപോയി.
വെളുത്ത ഉടുപ്പിട്ട്
പാതിരാത്രിയിലും
ഓരോ ഞരുക്കത്തിൽ
എന്തേയെന്ന് എപ്പോഴും ഓടിവന്നുചോദിച്ചിരുന്ന
അവളുടെ
ചിത്രങ്ങളും കയ്യിലില്ല,
പേരോ മുഖമോ ഒന്നും.
എങ്കിലും
പതിഞ്ഞ സ്വരത്തിൽ
സിനിമയിലേതുപോലെ
നനുത്ത സംഗീതം
ചേർത്ത് പറയും;
ഓർമ്മയുണ്ട്
അവൾക്ക് വെളുത്ത ചിറകുകൾ ഉണ്ടായിരുന്നു,
മാലാഖയെപ്പോലെ.
International Nurses Day Greetings
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 80 788 16827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.