ഗിരീഷ് വർമ്മ ബാലുശ്ശേരി
സംഗീതചക്രവർത്തിമാർക്കിടയിൽ വേറിട്ട ഒരു വ്യക്തിത്വം തന്നെയാണ് കെ രാഘവൻ എന്ന രാഘവൻ മാസ്റ്റർ. കർണാടകസംഗീതത്തിൽ തികഞ്ഞ അവഗാഹം ഉണ്ടെങ്കിലും നാടൻ പാട്ടിന്റെ താളത്തിലൂടെ ഏറെ ചലച്ചിത്രഗാനങ്ങളെ മലയാളികൾക്ക് പരിചയപ്പെടുത്തിയ സംഗീതജ്ഞൻ. മാപ്പിളപ്പാട്ടിന്റെ കലർപ്പിലൂടെ,തനിനാടൻ ഈണങ്ങൾ സിനിമാഗാനങ്ങളായി പുനർജനിച്ചപ്പോൾ പതിവ് ലയങ്ങളിൽ നിന്ന് മലയാളിക്കതൊരു മാറ്റമായി,പുതുമയായി. 1954 ൽ പുറത്തിറങ്ങിയ നീലക്കുയിൽ എന്ന മലയാള സിനിമ മറ്റൊരു മാറ്റത്തിന്റെ തുടക്കം കുറിച്ച ഒന്നായിരുന്നു. ഹിന്ദി സിനിമകളുടെ നിഴൽപ്പാടുകളിൽ നിന്നും, ഹിന്ദി സിനിമാ ഗാനങ്ങളുടെ പതിപ്പുകളിൽ നിന്നും ഒരു പിടഞ്ഞുമാറൽ നടത്തിയ ഒരു വർഷം 1954 . മലയാളച്ചൂരുള്ള കഥയും, തനതായ സംവിധാനരീതിയും മികച്ച ഗാനങ്ങളും കൊണ്ട് ഒരു കുതിച്ചുചാട്ടം നടത്തിയ വർഷം . നീലക്കുയിലിലെ എല്ലാ ഗാനങ്ങളും സൂപ്പർ ഹിറ്റുകളായിരുന്നു. പി ഭാസ്കരൻെറ വരികൾക്ക് കെ രാഘവൻ മാസ്റ്ററുടെ സംഗീതം. മലയാളത്തിന്റെ സംഗീതം. സംഗീതത്തിന് ഭാഷയും ദേശങ്ങളും ഇല്ല എന്ന സത്യത്തെ മാറ്റിവെച്ചുകൊണ്ട് മലയാളി അഭിമാനിച്ച , എന്നും പുളകം കൊള്ളുന്ന നീലക്കുയിലിലെ ഗാനങ്ങൾ.
എല്ലാരും ചൊല്ലുണ് ,എങ്ങിനെ നീ മറക്കും .കായലരികത്ത് ,മാനെന്നും വിളിച്ചില്ല എന്നവയൊക്കെ നാടൻപാട്ടിന്റെ എല്ലാ സവിശേഷതകളും നിറഞ്ഞതായിരുന്നു. വടക്കൻ കേരളത്തിന്റെ തുടിപ്പായ മാപ്പിളപ്പാട്ടിന്റെ സങ്കേതത്തിൽ നിന്നുകൊണ്ടല്ലെങ്കിലും അതിന്റേതായ ഒരു പകിട്ടോടെ തന്നെയാണ് ആ ചിത്രത്തിലെ ഗാനങ്ങൾ പിറവിയെടുത്തതും.
രാഘവൻ മാസ്റ്ററുടെ വ്യക്തിത്വത്തിന്റെ വലിയൊരു പ്രത്യേകതയാണ് കഴിവുള്ളവരെ തിരിച്ചറിയാൻ പറ്റുന്നു എന്നത്. അവരെ തന്റെ സംഗീതസാമ്രാജ്യത്തിലേക്കു കൈപിടിച്ച് കൊണ്ടുവരാനും അദ്ദേഹത്തിന് മനസ്സുണ്ടാകുന്നു എന്നത് മനസ്സിലാക്കാൻ പാടിയ കലാകാരന്മാർ ആരൊക്കെ എന്നൊന്ന് തിരഞ്ഞുപോയാൽ മതി. സ്ഥിരം ഗായകരെ മാത്രം ഒരിക്കലും അദ്ദേഹം ഉപയോഗപ്പെടുത്തിയിട്ടില്ല എന്ന് കാണാൻ കഴിയുന്നതാണ് .1952 തുടക്കം തന്നെ കോഴിക്കോട് അബ്ദുൽ ഖാദർ എന്ന ഗായകനെ പരീക്ഷിച്ചു കൊണ്ടാണ് ..പിന്നീട് നീലക്കുയിലിലും ശേഷവും ആ സ്നേഹസ്പർശം ഏറ്റവർ അനവധിയുണ്ട്…കോഴിക്കോട് അബ്ദുൽ ഖാദർ ,ജാനമ്മ ഡേവിഡ്,കോഴിക്കോട് പുഷ്പ,ഗായത്രീ ശ്രീകൃഷ്ണൻ,രേണുക,വിടി മുരളി,… എന്നിവരുടെ നീണ്ട നിരയുണ്ട്.. മാപ്പിളപ്പാട്ടു കലാകാരന്മാരെയും സിനിമാരംഗത്തേക്ക് കൊണ്ടുവരാൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. അബ്ദുൽ ഖാദറിന് ശേഷം വിളയിൽ വത്സല,എരഞ്ഞോളി മൂസ,നിലമ്പൂർ ഷാജി എന്നിവരൊക്കെ മാസ്റ്ററുടെ സംഗീതത്തിൽ പാടിയിട്ടുണ്ട്.. വി ടി മുരളിയുടെ ഓത്തുപള്ളിയിലന്നു നമ്മള് പോയിരുന്ന കാലം എന്ന ഗൃഹാതുരത്വമുണർത്തുന്ന ഗാനം മറക്കുമോ മലയാളിയുള്ള കാലം…
പി ഭാസ്കരൻ– കെ രാഘവൻ കൂട്ടുകെട്ട് നീലക്കുയിലിനു ശേഷം ദൃഢപ്പെടുകയായിരുന്നു .
രാരിച്ചൻ എന്ന പൗരനിലെ നാഴിയൂരിപാലുകൊണ്ട് …പണ്ട് പണ്ട് പണ്ട് നിന്നെ….നായര് പിടിച്ച പുലിവാലിലെ കാത്തുസൂക്ഷിച്ചൊരു കസ്തൂരിമാമ്പഴം ,വെളുത്തപെണ്ണേ …നീലിസാലിയിലെ നയാപൈസയില്ല…അമ്മയെക്കാണാനിലെ ഉണരുണരൂ … കൊന്നപ്പൂവേ … കഥ കഥപൈങ്കിളിയും …ആദ്യകിരണങ്ങളിലെ പതിവായി പൗർണമി തോറും ..നഗരമേ നന്ദിയിലെ കന്നിരാവിൻ കളഭക്കിണ്ണം … മഞ്ഞണിപ്പൂനിലാവ് ..അസുരവിത്തിലെ കുന്നത്തൊരു കാവുണ്ട്….കള്ളിച്ചെല്ലമ്മയിലെ കരിമുകിൽ കാട്ടിലെ… മാനത്തെക്കായലിൽ …തുറക്കാത്ത വാതിലിലെ നാളീകേരത്തിന്റെ നാട്ടിലെനിക്കൊരു .. പർവണേന്ദുവിൻ …കുരുക്ഷേത്രത്തിലെ പൂർണ്ണേന്ദു മുഖിയോടാമ്പലത്തിൽ …ഉമ്മാച്ചുവിലെ ആറ്റിനക്കരെയക്കരെ .. ഏകാന്തപഥികൻ ഞാൻ…
പൂജയ്ക്കെടുക്കാത്ത പൂക്കളിലെ ക്ഷേത്രമേതെന്നറിയാത്ത തീർത്ഥയാത്ര …കണ്ണപ്പനുണ്ണിയിലെ പഞ്ചവർണ്ണകിളിവാലൻ …ശ്രീകൃഷ്ണ പരുന്തിലെ ഗാനങ്ങൾ..എന്നിവ അതി സുന്ദരമായത് …ഉണ്ണിയാർച്ചയിലെ 30 ഗാനങ്ങൾ പി ഭാസ്കരൻ -കെ രാഘവൻ ടീമിന്റെ സംഭാവനയാണ്…വടക്കൻ പാട്ടുകളുടെ ജീവൻ അറിയുന്ന ആൾ എന്ന നിലയ്ക്കായിരിക്കും ഉണ്ണിയാർച്ചയ്ക്കു ശേഷം കുറെയേറെ അത്തരം സിനിമകൾക്കും സംഗീതം ചെയ്യുകയുണ്ടായി.. ഉണ്ണിയാർച്ച, കണ്ണപ്പനുണ്ണി, മാമാങ്കം, തച്ചോളി അമ്പു., കടത്തനാടൻ അമ്പാടി വരെ ആ സംഗീതസപര്യ നീണ്ടുപോയി…
പ്രഗത്ഭരായ എഴുത്തുകാരുടെ രചനകൾ സംഗീതം ചെയ്തവതരിപ്പിക്കാൻ കെ രാഘവൻ മാസ്റ്റർക്ക് അവസരം കിട്ടുകയുണ്ടായി… രമണനിലെ ഗാനങ്ങളിലൂടെ ചങ്ങമ്പുഴ എന്ന മഹാകവിയുടെ രചനകളെ താലോലിക്കാനും കഴിഞ്ഞു.. നിർമ്മാല്യത്തിലെ ശ്രീമഹാദേവൻ തന്റെ .. എന്ന ഇടശ്ശേരി കവിതക്കും ഈണം നൽകി. ജി കുമാരപ്പിള്ളയുടെ ഹൃദയത്തിൻ രോമാഞ്ചം എന്ന ഉത്തരായണത്തിലെ ഉജ്വല ഗാനം ചിട്ടപ്പെടുത്താനും കഴിഞ്ഞു. മുല്ലനേഴിയുടെ ഗാനങ്ങൾക്കും, തിക്കോടിയന്റെ കടമ്പയിലെ അപ്പോളും പറഞ്ഞില്ലെ പോരേണ്ട പോരണ്ടാന്ന് എന്ന ശ്രദ്ധേയമായ ഗാനം അവതരിപ്പിക്കാനും ഇദ്ദേഹത്തിന് ഭാഗ്യം സിദ്ധിച്ചു…കെ ടി മുഹമ്മദിന്റെ താമരപ്പൂങ്കാവനത്തിൽ താമസിച്ചോളേ .. എന്ന ഗാനവും ഒരുക്കിയത് കെ രാഘവൻ മാസ്റ്ററാണ്..
വീണ്ടുമെത്രയോ ഗാനങ്ങൾ ഉണ്ട്… വയലാറിന്റെയും, ഓ എൻ വി യുടെയും, യൂസഫലിയുടെയും എല്ലാം മികച്ച വരികൾ ഇടയ്ക്കിടെ അദ്ദേഹത്തിന് കിട്ടുന്നുണ്ടായിരുന്നു..
ശാമസുന്ദര പുഷ്പമേ…കണ്ണീരാറ്റിലെ തോണി…അഹദോന്റെ തിരുനാമം..മഞ്ജുഭാഷിണീ ..നാദാപുരം പള്ളിയിലെ…അമ്പിളിക്കൊമ്പത്തെ പൊന്നൂഞ്ഞാലിൽ ..എന്നിവയൊക്കെ അവയിലെ ചിലതു മാത്രം…എന്നെന്നും അനുഭവിക്കാനായി ഇവരൊക്കെ തന്നിട്ടുപോയ നിധിപേടകങ്ങൾ ഇടയ്ക്കിടെ തുറന്നുനോക്കുന്നതു തന്നെ ജന്മസാഫല്യം എന്ന് കരുതുന്നു…
ഇന്ന് കെ രാഘവൻ മാസ്റ്റർ നമ്മെ വിട്ടുപിരിഞ്ഞിട്ട് ആറ് വര്ഷം തികയുകയാണ്. ആ മഹാപ്രതിഭയുടെ ഓർമ്മകൾക്ക് മുൻപിൽ സാഷ്ടാംഗം നമസ്കരിക്കുന്നു..