ലേഖനം
അശ്വിൻ വിനയ്
കോഴിക്കോട് മിഠായി തെരുവിൻ്റെ മധുരമായ തലോടൽ കൊണ്ടോ, ഉസ്താദിൻ്റെ ചൂരൽ കഷായത്തോടുള്ള പകയാലോ, ബേപ്പൂരെ കടൽ കാറ്റിൻ്റെ ഉന്മാദം വമിക്കുന്ന സമര ചരിത്രങ്ങളാലോ, പൊതുവായ സാംസ്കാരിക സുഹൃത്ത് ബന്ധങ്ങളാലോ, ഇത് താനല്ലയോ അത് എന്നരീതിയിൽ ചില സവിശേഷത തോന്നിച്ച രണ്ടു വ്യക്തികളാണ് ബഷീറും മാമുക്കോയയും. ഒരു പക്ഷെ ബഷീർ, അവരുടെ സുഹൃത്ത് ബന്ധത്തിൻ്റെ ഓരോ മാത്രയിലും വഴക്കായും തലോടലായും മാമുക്കോയയ്ക്ക് നൽകിയ ഉപദേശങ്ങളാലുമാകാം, ഏതോ ഒരു നേർത്ത സാമ്യത ഇരുവരിലും തോന്നാൻ കാരണം.
അസാധ്യമായ സർക്കാസത്തിൻ്റെയും, ഉറവ വറ്റാത്ത സ്നേഹവായ്പ്പിന്റേയും, പ്രതിഷേധപ്പടിയിൽ ഒട്ടും സമരസപ്പെടുകയില്ലാത്ത മാമുക്കോയ എന്ന വ്യക്തി നവോത്ഥാനത്തിനായി കലഹിച്ചു കൊണ്ടിരുന്ന പല ബഷീർ കഥാപാത്രങ്ങളെയും പോലെ ജീവിത വീഥിയിൽ വിപ്ലവകാരിയായി. പ്രണയസുരഭിലമായും മാനവിക മൂല്യങ്ങളെ പരിലാളിച്ചും പല പൂന്തോട്ടങ്ങളും അയാൾ നിർമ്മിച്ചു.
സമൂഹത്തെ പുതുപ്പിറവിയുടെ നാനാവർണ്ണങ്ങളിലേക്ക് നയിക്കുന്നതിൽ ഓരോ വ്യക്തികളുടെ പ്രണയവും തീരുമാനവും ബീജമാണ്. 1970 കളുടെ തുടക്കത്തിലായിരുന്നു മാമുക്കോയയുടെ വിവാഹം. 2021 ഇൽ സ്ത്രീധനത്തർക്കമുയരുന്ന ഇക്കാലത്ത് ഒരു ചെരുപ്പു പോലും വാങ്ങാൻ കഴിയാതെ സ്വന്തം കല്യാണത്തിന് പോകേണ്ടി വന്ന മാമുക്കോയയിൽ നിന്ന് നാമെന്തൊക്കെയോ പഠിക്കാനുണ്ട്. മാനവികനും ആദർശവാനുമായിരുന്ന നജീബിന്റെ മൂല്യ ഗുണങ്ങളുമായി താരതമ്യപ്പെടുത്താവുന്ന മാമുക്കോയ. ചലനാത്മകമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ പിഴവ് പറ്റാതെ മുന്നോട്ട് പോകുന്ന മാമുക്കോയയും ബഷീറും സജീവമായിരിക്കുന്ന ഈ നാട്ടിൽ നാമിന്ന് പിഴവുകൾ വരുത്തുന്നതെന്ത് കൊണ്ട്?
കോഴിക്കോട് കല്ലായിയിൽ പ്രാദേശിക പ്രസിദ്ധിയുള്ള മര ബിസിനസ്സിലെ അളവെടുപ്പുകാരൻ എന്ന ഉയർന്ന ജോലിയിൽ നിന്നും കോഴിക്കോട് നഗരത്തിലെ കുഞ്ഞു നാടകക്കമ്പനി വഴി മലയാള സിനിമാ ലോകത്തിലേക്ക്.
മാമുക്കോയയുടെ ആദ്യ സിനിമ അഭിനയവും ബഷീർ വഴിയായിരുന്നു. തുടർന്ന് 400 ഓളം സിനിമകൾ. മാമുക്കോയയുടെ പുസ്തകം ഓക്സ്ഫോർഡ് യുണിവേഴ്സിറ്റിയിലെ ചുരുങ്ങിയ മലയാളം കളക്ഷനിൽ ഒന്നായിത്തീർന്നപ്പോൾ തന്റെ സുഹൃത്തായ ബഷീറിന്റെ പുസ്തകം ആ നിരയിൽ നിന്ന് തന്നെ അഭിമാനിക്കുന്നുണ്ടാകാം.
ബഷീർ എഴുത്തുകളുടെ ഉളളറിയുന്നതു പോലെ പ്രയാസപ്പെട്ട മറ്റൊരു ജോലിയില്ല. അത് അനന്തമായി ചുറ്റിപ്പിണഞ്ഞു കിടക്കുന്ന നാട്ടുവഴികൾ പോലെ മനോഹരവും മൗനം പേറുന്നവയുമാണ്. ഓരോ പ്രായത്തിലും ഓരോ വായനാനുഭവം പകരുന്നവ. ചർച്ചകളിലൊന്നിലും ഇന്നു വരെ ബഷീറിന്റെ എഴുത്തുകളുടെ പൂർണ്ണതയിലോ വിനോദങ്ങളിലോ വൈകാരികതയിലോ ഇല്ലായ്മയുടെ ശങ്കാവിഷയം കേട്ടിട്ടില്ല. മാമുക്കോയയുടെ കഥാപാത്രങ്ങളും അത് പോലായിരുന്നു. ബ്രോക്കറാകട്ടെ, സന്യാസിയാകട്ടെ, പോക്കറ്റടിക്കാരനാകട്ടെ, രാഷ്ട്രീയപ്രവർത്തകനാകട്ടെ, മുച്ചീട്ടു കളിക്കാരനാകട്ടെ, ഹോട്ടലുടമയാകട്ടെ, പാചകക്കാരനാകട്ടെ, കള്ളനാകട്ടെ, കാവൽക്കാരനാകട്ടെ, മജീഷ്യനാകട്ടെ, മാമുക്കോയ അതാവശ്യപ്പെടുന്ന വൈകാരിക തലങ്ങളിൽ നിന്ന് വിനോദത്തിന്റെ ലഹരിമൂർധന്യത്തിൽ നമുക്ക് മുന്നിൽ പകർന്നാടി. എല്ലാ സമൂഹ പ്രാണികളും അവരവരർഹിക്കുന്ന മാന്യത നൽകണമെന്ന ബഷീർ കാഹളത്തിന് മറ്റൊരു മീഡിയത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിക്കുക്കയായിരുന്നു മാമുക്കോയ.
മാമുക്കോയയുടെ പിറന്നാളും സുൽത്താന്റെ ഓർമ്മ ദിനവുമാകുന്നു ജൂലൈ 5.
സുൽത്താനും മാമുക്കോയയും അവരവരുടെ മേഖലയിൽ മറ്റാർക്കും ഒരു നാളും പകർത്താൻ കഴിയാത്ത ഭംഗിയിൽ അവരവരുടെ കൈയ്യൊപ്പ് ചാർത്തിയ വ്യക്തി പ്രഭാവങ്ങളാണ്. വായനക്കാർക്ക് അരോചകമായ ഒരു നുള്ള് സമയം പോലും നൽകാതെ കൂടെ കൊണ്ട് നടന്നവർ. ആ രണ്ട് മഹാന്മാരെ പറ്റി ഈ ഡുക്കുഡു എഴുത്തും എഴുതി നിൽക്കുന്നതിന് എനിക്ക് അണ്ടകടാഹ മാപ്പ് നൽകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
” വിനോദമാണ് ജീവിതത്തിന്റെ സൗരഭ്യം”
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.