കൂകി നിറുത്തിക്കേണ്ടത് വിദ്യാർത്ഥികളേ, നിങ്ങളാണ്.

0
486

ഷൗക്കത്ത്

അവൾ എന്നും അവന് ഒരു പ്രശ്നമായിരുന്നു. അത് അവന്റെ പ്രശ്നമാണെന്ന് സമ്മതിക്കാൻ അവൻ തയ്യാറുമല്ലായിരുന്നു.

അവളുടെ മുടി, മുഖം, മാറ്, കാലുകൾ, മുലകൾ, വയറ്…. എല്ലാം അവനെ അലട്ടിക്കൊണ്ടേയിരുന്നു. അവൾ എന്നാൽ അവന് ശരീരമാണ്. അതിനപ്പുറത്ത് അവൾക്ക് ഒരു മനസ്സുണ്ടെന്നോ ഹൃദയമുണ്ടെന്നോ ബുദ്ധിയുണ്ടെന്നോ അവൻ കണ്ടില്ല. അത് കാണാനുള്ള ബോധം അവന്റെ മതപഠനങ്ങൾ അവന് പകർന്നതുമില്ല.

“അവൾക്ക് പിരീഡ്സ് വന്നാൽ ഞങ്ങളെന്തു ചെയ്യും. അതിന് ഞങ്ങൾ രണ്ടു കെട്ടി” എന്ന് ഒരു വിഷമവുമില്ലാതെ പരസ്യമായി അവന് പറയാനാവുന്നത് അവൾ അവന് ഉപയോഗിക്കാനുള്ള വസ്തു മാത്രമാണെന്ന് അത്രയും ഉറപ്പുള്ളതുകൊണ്ടു തന്നെയാണ്.

എന്റെ പ്രിയപ്പെട്ട വിശ്വാസികളെ, നിങ്ങൾ പൊറുക്കുക. നിങ്ങളിൽ നന്മയുണ്ടെങ്കിൽ അത് നിങ്ങളുടെ മതം പകർന്നതല്ല. ജീനുകളിലൂടെ പകർന്നു കിട്ടിയ സംസ്ക്കാരമാണത്. കൊണ്ടും കൊടുത്തും രൂപപ്പെട്ടു വന്ന മനുഷ്യ ബോധത്തിന്റെ പരിണാമഗുണമാണത്. ആ പ്രവാഹത്തെയാണ് പലപ്പോഴും മതവും അന്ധമായ വിശ്വാസങ്ങളും തടസ്സപ്പെടുത്തുന്നത്.

മതം മനസ്സിനെ വിമലീകരിക്കുന്നതിനേക്കാൾ മലീമസമാക്കുന്നതാണ് ചുറ്റും അനുഭവിക്കേണ്ടി വരുന്നത്. അത് അടുപ്പിക്കുന്നതിനേക്കാൾ മനുഷ്യരെ അകറ്റുകയാണ് ചെയ്യുന്നത്. അത് പറയുമ്പോൾ നിങ്ങൾക്ക് വിഷമമുണ്ടാകും എന്നറിയാം. എന്നാൽ പറയാതെ വയ്യ.

മനുഷ്യത്വ വിരുദ്ധമായ ആക്രോശങ്ങൾ നടത്തുന്ന പൗരോഹിത്യത്തെ അടക്കി നിറുത്താൻ നിങ്ങളിൽ നിന്നു തന്നെ ശബ്ദങ്ങളുയരണം. അവരുടെ ആസക്തികളും വിരസതകളും രോഷങ്ങളും അന്ധമായ അജ്ഞതയും നിങ്ങൾക്കുമേൽ വാരി വിതറുമ്പോൾ ആ മാലിന്യത്തിൽ നിന്ന് സ്വയം രക്ഷനേടാൻ നാം ജാഗ്രതയുള്ളവരാകണം.

ഒരു കോളേജ് അദ്ധ്യാപകന്റെ വർത്തമാനം കേട്ട് ലജ്ജിതനായിരുന്നാണ് ഇതെഴുതുന്നത്. അവന്റെ വാക്കുകൾക്കു പിന്നിലെ മനസ്സിലേക്ക് എത്തി നോക്കുമ്പോൾ അവിടെ വത്തക്കയല്ല കാണാനാവുന്നത്. വൃത്തിഹീനമായ ഒരു ചളിക്കുണ്ടാണ്. ഇവരൊക്കെയാണല്ലോ കൗൺസിലിങിന്റെ വക്താക്കൾ എന്നറിയുമ്പോൾ പ്രതികരിക്കാൻ പോലുമാകാതെ നിശ്ചലമായിപ്പോകുന്നു.

ഇവരുടെ വർത്തമാനങ്ങൾ തുടരാനനുവദിക്കാതെ കൂകി നിറുത്തിക്കേണ്ടത് വിദ്യാർത്ഥികളേ, നിങ്ങളാണ്. നിങ്ങളുടെ ആർജ്ജവത്തിലൂടെയാണ് ഇന്നലെയുടെയും ഇന്നിന്റെയും മാലിന്യങ്ങൾ ഒഴുകിപ്പോകേണ്ടത്.

പഴമയുടെ മഹത്വം പറഞ്ഞ് പുതുതലമുറയെ പഴിക്കുന്ന പ്രഭാഷകരുടെ പുച്ഛവും പരിഹാസവും നിറഞ്ഞ ഉപദേശങ്ങളെ ശക്തമായ പ്രതികരണങ്ങളിലൂടെ പ്രതിരോധിച്ചു തുടങ്ങിയില്ലെങ്കിൽ ഇവർ മനസ്സിൽ പേറി നടക്കുന്ന അഴുക്കുകൾ നിങ്ങളിലേക്കും പ്രസരിക്കും. അതിന് അനുവദിച്ചുകൂടാ.

നിങ്ങൾ! നിങ്ങളാണ് ഉണർന്നെഴുന്നേറ്റ് ഇവർക്കു നേരെ വിരലുകൾ ചൂണ്ടേണ്ടത്. ഇവർ നിങ്ങൾക്കുനേരെ ചൂണ്ടുന്ന വിരലുകളിൽ അറിവുകളല്ല, മറിച്ച് അറപ്പുളവാക്കുന്ന ധാർഷ്ട്യങ്ങളാണ് ധ്വനിക്കുന്നത്. അത് അവഗണിക്കുന്നിടത്തുനിന്നേ നിങ്ങൾക്ക് മുന്നോട്ടു നടക്കാനുള്ള ഊർജ്ജം ലഭിക്കുകയുള്ളൂ എന്ന് മറക്കാതിരിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here