അനുഭവങ്ങളുടെ പറുദ്ദീസയുയരുന്നു

0
355

അനഘ സുരേഷ്

ആവിഷ്‌കാര സ്വാതന്ത്ര്യങ്ങള്‍ക്ക് കൂച്ച് വിലങ്ങിടുന്നിടത്താണ് കൊച്ചി മുസരീസ് ബിനാലെ പോലുള്ളവയ്ക്ക് തിളക്കം ഏറുന്നത്. അവിടെ വലിപ്പ-ചെറുപ്പമോ കുറ്റപ്പെടുത്തലുകളോ ഇല്ല. എല്ലാം കലയും കലാകാരന്മാരും. കൊച്ചി മുസരീസ് ബിനാലെയുടെ നാലാം പതിപ്പിന് ഡിസംബര്‍ 12ന് തുടക്കമാവും. ബിനാലെയുടെ ഔദ്യോഗിക ഉദ്ഘാടനം എന്നത് കേവലമൊരു ഔപചാരികതയുടെ ഭാഗം മാത്രം. കാരണം നാലാം പതിപ്പിന്റെ യാത്ര തുടങ്ങിയിട്ട് മാസങ്ങളായി എന്ന വസ്തുത മട്ടാഞ്ചേരിയിലെയും ഫോര്‍ട്ട് കൊച്ചിയിലെയുമൊക്കെ ചുമരുകള്‍ വിളിച്ചോതുന്നുണ്ട്.

12-12-12 എന്ന കൗതുക അക്കങ്ങള്‍ പിറന്ന ദിനത്തിലാണ് ഇന്ത്യയിലെ ആദ്യ ബിനാലെയ്ക്ക് കൊച്ചി വേദിയായത്. ഓരോ ഒന്നിടവിട്ട വര്‍ഷങ്ങളിലും ദര്‍ബാര്‍ ഹാളിലും സമീപ പ്രദേശങ്ങളിലുമായി ഈ അന്താരാഷ്ട്ര കലാപ്രദര്‍ശനം സംഘടിപ്പിച്ചു വരുന്നു. ബിനാലെയുടെ ആദ്യ പതിപ്പ് തെറ്റിദ്ധരിക്കപ്പെട്ടെങ്കിലും ഇന്നിപ്പോള്‍ സ്ഥിതി വ്യത്യസ്തമാണ്. ആ ദിവസങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് ഓരോരുത്തരും. കലയുടെ അനിയന്ത്രിതമായ ഭാഗങ്ങളിലേക്കുള്ള ആ യാത്രയില്‍ നമ്മളെയോരോരുത്തരെയും കൈ പിടിച്ച് കൊണ്ട് പോയത് ബോസ് കൃഷ്ണമാചാരി പ്രസിഡന്റും റിയാസ് കോമു സെക്രട്ടറിയുമായ കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ട്രസ്റ്റാണ്.

ഇവിടെ നിര്‍ദേശങ്ങളും വിശദീകരണങ്ങളും നന്നേ കുറവ്. കലാകാരന്‍ തന്റെ പൂര്‍ണ സ്വാതന്ത്ര്യത്തോടെ ജന്മം നല്‍കിയവയ്ക്ക് ആസ്വാദകര്‍ തന്റേതായ ലോകം സൃഷ്ടിക്കുന്നു. ഒരു രചനയില്‍ തന്നെ പിറക്കുന്ന നൂറായിരം ആശങ്ങള്‍ക്കു കൂടിയാണ് ബിനാലെ വേദിയാകുന്നത്. കാണികള്‍ തീരുമാനിക്കുന്നിടമാണ് പ്രദര്‍ശനത്തിന്റെ ഉത്ഭവ സ്ഥാനം. അതുകൊണ്ട് തന്നെ ഒരു തുടക്കമോ ഒടുക്കമോ ഇല്ലാതെയങ്ങനെ ഒഴുകാം.

പൗരാണിക കാലത്ത് വാണിജ്യാവശ്യങ്ങള്‍ക്ക് വേണ്ടിയാണ് കപ്പലുകള്‍ മുസരീസ് തുറമുഖത്തേക്ക് അടുപ്പിച്ചതെങ്കില്‍ ഇന്ന് കലയ്ക്ക് വേണ്ടിയാണ്. 36ഓളം രാജ്യങ്ങളില്‍ നിന്നായി 95 കലാകാരന്മാരാണ് ഇത്തവണ ബിനാലെയ്ക്ക് നിറമേകാന്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ഇതില്‍ 13 ആര്‍ട്ടിസ്റ്റുകള്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്. കൂടാതെ ആദ്യ ബിനാലെകളില്‍ നിന്ന് വ്യത്യസ്തമായി മലയാളി ആര്‍ട്ടിസ്റ്റുകളുടെ പങ്കാളിത്തം വര്‍ധിച്ചിട്ടുണ്ടെന്ന പ്രത്യേകതയുമുണ്ട്. ബിനാലെയുടെ നാലാംപതിപ്പിന്റെ ക്യൂറേറ്റ് അനിതാ ഡ്യൂബ് ആണ്. കൊച്ചി മുസരീസ് ബിനാലെയിലെ ആദ്യ വനിതാ ക്യൂറേറ്റ് കൂടിയാണിവര്‍. കെട്ടിലും മട്ടിലുമെല്ലാം വ്യത്യസ്തത തന്നെയാണ് ഓരോ ബിനാലെയും സമ്മാനിക്കുന്നത്…

ഇനി കലയുടെ 108 രാപ്പകലുകള്‍!

LEAVE A REPLY

Please enter your comment!
Please enter your name here