ഞെരളത്തിൻറെ മൂന്നാം തലമുറയിൽ പെൺസോപാനക്കാരികൾ

0
232

അങ്ങാടിപ്പുറം: സോപാനസംഗീതത്തെ ജനകീയമാക്കിയ ആചാര്യൻ ഞെരളത്ത് രാമപ്പൊതുവാളുടെ മൂന്നാം തലമുറയിൽ മൂന്ന് പെൺകുട്ടികൾ പാട്ടിൻറെ ലോകത്തിലെത്തി. ശനിയാഴ്ച വൈകീട്ട് അങ്ങാടിപ്പുറം പാലക്കോട് ആൽക്കൽമണ്ണ ധന്വന്തരീ ക്ഷേത്രത്തിലായിരുന്നു ഞെരളത്ത് രാമപ്പൊതുവാളുടെ മകൻ ഹരിഗോവിന്ദൻറെ ഏക പുത്രി കെ.എൻ. ശ്രീലക്ഷ്മി ആദ്യമായി പൊതുവേദിയിൽ ഇടക്ക കൊട്ടിപ്പാടിയത്. ഏതാനും ദിവസങ്ങൾക്കു മുമ്പ് തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ നടന്ന ഞെരളത്ത് സംഗീതോൽസവത്തിൽ ഞെരളത്തിൻറെ മറ്റു മക്കളായ ആനന്ദശിവരാമൻറെ മകൾ കൃഷ്ണപ്രിയ ഇടക്ക കൊട്ടിപ്പാടിയും കൃഷ്ണവിജയൻറെ മകൾ രേഷ്മ കർണാടകസംഗീതമവതരിപ്പിച്ചും അരങ്ങിലെത്തിയിരുന്നു.

അഗജാമുഖ..എന്നു തുടങ്ങുന്ന ഗണപതി സ്തുതിയോടെ തുടങ്ങിയ ശ്രീലക്ഷ്മി പിന്നീട് തിരുമാന്ധാം കുന്നിലമ്മയേക്കുറിച്ചുള്ള ശ്ളോകങ്ങൾ, വന്ദേമുകുന്ദഹരേ.., ആരുമെനിക്കില്ല എന്നീ കൊട്ടിപ്പാടിസ്സേവാ ഗാനങ്ങളാണ് ആദ്യത്തെ അരങ്ങിലവതരിപ്പിച്ചത്. മുത്തശ്ശൻറെയും പിതാവിൻറെയും കൊട്ടു പാട്ടു രീതികൾ കേട്ടു പഠിച്ച ശ്രീലക്ഷ്മി ജൻമസിദ്ധമായ ഈണങ്ങളിലായിരുന്നു കൊട്ടിപ്പാടിയത്. ശ്രീധരൻ പെരിങ്ങോടിൽ നിന്നും ഇടക്കവാദനം അഭ്യസിച്ചിരുന്ന ശ്രീലക്ഷ്മി ‘അവൾ ദേവിയല്ലാ.. എന്ന കവിതയുടെ ആലാപനത്തിലൂടെ നേരത്തേ ശ്രദ്ധേയയായിരുന്നു. ജാതിമതലിംഗവ്യത്യാസമില്ലാതെ ഏവരും ഈ കലാരൂപത്തിൻറെ മഹത്വം ഉൾക്കൊണ്ട് ഈ രംഗത്തേക്കു വരണം എന്ന ഞെരളത്തിൻറെ സ്വപ്നങ്ങൾക്കാണ് ഈ മൂന്നു പേരക്കുട്ടികളുൾപ്പെടെയുള്ളവരിലൂടെ ചിറകു മുളയ്ക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here