പ്രളയബാധിതർക്ക് തണൽ നിർമ്മിച്ചു നൽകുന്നത് 100 വീടുകൾ

0
236

പ്രളയാനന്തര പുനരധിവാസ പദ്ധതിയിൽ വടകര ‘തണൽ’ കാലിഫോർണിയയിലെ കേരള മുസ്ലിം കമ്മ്യൂണിറ്റി അസോസിയേഷൻ (കെ.എം.സി.എ) സഹകരണത്തോടെ പനമരം പഞ്ചായത്തിലെ പുതൂർക്കുന്നിൽ നിമ്മിച്ച 20 വീടുകളുടെ താക്കോൽദാനം രാവിലെ 10ന് (05/0519) കായിക-വ്യവസായ മന്ത്രി ഇ. പി. ജയരാജൻ നിർവ്വഹിച്ചു. ഉന്നത വിദ്യാഭ്യാസ-ന്യുനപക്ഷ ക്ഷേമ മന്ത്രി കെ.ടി. ജലീൽ മുഖ്യാതിഥിയായി. പുതൂർകുന്നിൽ 76 സെന്റ് സ്ഥലത്ത് 1.6 കോടി രൂപ ചിലവിലാണ് വീടുകൾ നിർമ്മിച്ചിട്ടുള്ളത്.

വ്യവസായ പ്രമുഖൻ ഫാറൂഖ് മൂസ സംഭാവന ചെയ്ത സ്ഥലത്ത് ഫ്രീ ഫാബ് മാതൃകയിൽ പ്രകൃതി സൗഹൃദ വീടുകളാണ് നിർമ്മിച്ചത്. രണ്ടു ബെഡ്റൂമടക്കം 490 ചതുരശ്ര അടി വിസ്തീർണ്ണമാണ് ഒരോ വീടുകൾക്കും.
ഭവന സമുച്ചയത്തിന് കെ.എം.സി.എ. വില്ലേജ് എന്നാണ് പേര് നൽകിയിരിക്കുന്നത്. 1.1 കോടി രൂപ KMCA യുടെയും 50 ലക്ഷം രൂപ തണലിന്റെ തനത് ഫണ്ടും ഉപയോഗിച്ച് 58 ദിവസം കൊണ്ടാണ് ഭവന നിർമ്മാണം പൂർത്തിയാക്കിയത്. മാനന്തവാടി നഗരസഭയിലെയും പനമരം, കോട്ടത്തറ, കണിയാമ്പാറ്റ പഞ്ചായത്തുകളിലെയും പ്രളയബാധിത കുടുംബങ്ങളാണ് ഗുണഭോക്താക്കൾ. പ്രളയാനന്തര പുനരധിവാസ പദ്ധതിയിൽ 300 വീടുകളാണ് തണൽ നിർമ്മിച്ചു നൽകുന്നത്. ഇതിൽ 100 എണ്ണമാണ് വയനാട്ടിൽ നിർമ്മിക്കുന്നത്. പനമരം പഞ്ചായത്തിലെ പാലക്കുന്നിൽ തണൽ സ്വന്തം നിലക്ക് സ്ഥലമെടുത്ത് നിർമ്മിച്ച 16 വീടുകളുടെ താക്കോൽദാനം നേരത്തെ നടത്തിയിരുന്നു. ഇതിനകം 61 വീടുകൾ നിർമ്മിച്ചു. ബാക്കി വീടുകളുടെ പ്രവൃത്തി ജൂൺ അവസാനത്തോടെ പൂർത്തിയാവും. അമേരിക്കയിലെ ടെക്സാസ് ഇൻസ്ട്രുമെന്റിന്റെ ഫണ്ട് ഉപയോഗിച്ചാണ് പൊഴുതനയിൽ 10 വീടുകൾ നിർമ്മിക്കുന്നത്. തിരുനെല്ലി പഞ്ചായത്തിൽ 24 ഉം പനമരം പഞ്ചായത്തിലെ അഞ്ചു കുന്നിൽ നാലും വീടുകളുടെ പ്രവൃത്തി പുരോഗതിയിലാണ്. പ്രളയബാധിതർക്ക് വീട് നിർമ്മിക്കുന്നതിന് മാനന്തവാടി നഗരസഭയിലും തിരുനെല്ലി പഞ്ചായത്തിലുമായി 45 പേർക്ക് ഭൂമി ഏറ്റെടുത്ത് കൈമാറിയിട്ടുണ്ട്. ഈ ഭൂമിയിൽ ഗുണഭോക്താവിന് സർക്കാർ അനുവദിക്കുന്ന 4 ലക്ഷം രൂപയും തണൽ ഫണ്ടും ഉപയോഗപ്പെടുത്തിയാണ് ഭവന നിർമ്മാണം.

LEAVE A REPLY

Please enter your comment!
Please enter your name here