അരങ്ങിലെ ആറു പതിറ്റാണ്ട്

0
192
kalamandalam gopi

ആംഗികാഭിനയത്തിന്റെ വലിയ പ്രതാപവും രസവാസനയുടെ തീഷ്ണതയും കൊണ്ട് ഒരു കാലയളവ് മുഴുവന്‍ അരങ്ങില്‍ ജ്വലിച്ചു നിന്ന കലാകാരന്മാര്‍ വളരെ കുറവാണ് അവരില്‍ ഇരുപതാം നൂറ്റാണ്ടിന് കഥകളി നല്‍കിയ മഹനീയ സംഭാവനയാണ് കലാമണ്ഡലം ഗോപി . കേരളാ സാഹിത്യോത്സവം 2020 ന്റെ മൂന്നാം ദിനം കലാമണ്ഡലം ഗോപിയാശാന്റെ സാന്നിധ്യത്താല്‍ അനശ്വരമായി. വേദി 3 ‘തൂലികയില്‍’ നടന്ന ‘അരങ്ങിലെ ആട്ടജീവിതം ‘ എന്ന സെഷനിലാണ് ആശാന്‍ തന്റെ അനുഭവങ്ങള്‍ കാണികളോടെ പങ്കുവച്ചത് .
നിരൂപകനും പരമ്പരാഗത ക്ലാസിക് കലകളുടെ നിരീക്ഷകനുമായ വി കലാധരന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കികൊണ്ടാണ് തന്റെ കഥകളി ജീവിതത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചത് . ആദ്യം തുള്ളല്‍ പരിശീലനം നടത്തിയ ആശാന്‍ പിന്നീട് 1951 ല്‍ തന്റെ പതിനൊന്നാം വയസ്സില്‍ കലാമണ്ഡലത്തില്‍ ചേര്‍ന്ന്‌കൊണ്ട് കഥകളി അഭ്യസിക്കുന്നു. 7 വര്‍ഷത്തോളം മണാത്ത് ഗോവിന്ദന്‍ ആശാന്റെ ശിക്ഷണത്തില്‍ കഥകളി അഭ്യസിക്കുകയും . 1958 ല്‍ കലാമണ്ഡലത്തില്‍ അദ്ധ്യാപകനായി ചേരുകയും 1991 ല്‍ കലാമണ്ഡലത്തിന്റെ പ്രിന്‍സിപ്പല്‍ ആയി പ്രവര്‍ത്തിക്കുകയും ചെയ്തു .
സിനിമ , ഡാന്‍സ് , നാടകം എന്നിവയിലെല്ലാം ഏര്‍പ്പെട്ടു എങ്കിലും കഥകളി താന്‍ മുറുകെ പിടിച്ചു എന്നും താന്‍ ചെയ്യുന്ന പ്രവര്‍ത്തിയോട് അങ്ങേയറ്റം താദാത്മ്യം പ്രാപിച്ചുകൊണ്ട് അവയെ മികച്ചതാക്കാനുള്ള ശ്രമങ്ങള്‍ താന്‍ നടത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു . കേരളത്തില്‍ നിന്ന് തനിക്ക് ലഭിക്കുന്ന പ്രതികരണങ്ങള്‍ ഏറെ സന്തോഷം നല്‍കുന്നവ തന്നെയാണ് എങ്കിലും വിദേശികള്‍ കഥകളിയെ വലിയ പ്രാധാന്യത്തോടെ കാണുന്നതും ആസ്വദിക്കുന്നത് വലിയ സന്തോഷം നല്‍കുന്നു എന്ന് തനിക്ക് ഫ്രാന്‍സില്‍ വച്ചുണ്ടായ ഒരു അനുഭവം പങ്കുവച്ചു കൊണ്ട് അദ്ദേഹം ചൂണ്ടിക്കാട്ടി.
ആറുപതിറ്റാണ്ടുകാലം സ്വദേശത്തും വിദേശത്തുമായി ഒരുപാട് വേഷങ്ങള്‍ കെട്ടിയാടിയ കലാമണ്ഡലം ഗോപി ആശാന്‍ നളചരിതം ആട്ടകഥയുടെ ഒരു ഭാഗം വേദിയില്‍ അവതരിപ്പിച്ചത് കാണികള്‍ക്ക് പുത്തന്‍ അനുഭവമായി മാറി. ഭാവാഭിനങ്ങള്‍ക്കും നൃത്തത്തിനും ഒരുപോലെ പ്രാധാന്യം നല്‍കികൊണ്ട് തന്റെ എണ്‍പത്തി മൂന്നാം വയസ്സിലും കഥകളി വേദിയില്‍ സജീവമായ കലാമണ്ഡലം ഗോപിയാശാന്റെ വാക്കുകളെ നിറഞ്ഞ കയ്യടികളോടെ വേദി സ്വീകരിച്ചു .

LEAVE A REPLY

Please enter your comment!
Please enter your name here