കോഴിക്കോട്: സംവാദങ്ങളുടേയും ആശയങ്ങളുടെയും നാലുപകലിരവുകള്‍ക്ക് കോഴിക്കോട് കടപ്പുറത്ത് തുടക്കമായി. അഞ്ചാമത് കേരള സാഹിത്യോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.
ആശയത്തെ ആയുധം കൊണ്ട് നേരിടുന്നത് അസഹിഷ്ണുതയുടെയും വിദ്വേഷത്തിന്റെയും മാര്‍ഗ്ഗമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംവാദത്തിലൂടെ മാത്രമേ ബോധത്തെളിമ ഉണ്ടാവുകയുള്ളുവെന്നും അത്തരമൊരു ബോധം നമ്മുടെ സമൂഹത്തിന് പണ്ടേയുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അതില്‍ കെ.എല്‍.എഫ് വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിക്കപ്പെടുകയാണെന്ന ചിന്ത മുതലാളിത്തത്തിന്റേതാണെന്നും ജീവിക്കാനുള്ളത് ലഭ്യമാക്കുന്ന ഭൂമിയെപ്പോലും നശിപ്പിക്കുന്ന ഇത്തരം രാഷ്ട്രീയ പശ്ചാത്തലത്തില്‍ കാലാവസ്താ വ്യതിയാനത്തെ മുഖ്യവിഷയമായി അവതരിപ്പിക്കുന്ന കെ.എല്‍.എഫ് അഞ്ചാം പതിപ്പ് ഒന്നു കൂടി പ്രാധാന്യമര്‍ഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സാഹിത്യത്തിന്റെയും കലയുടെയും നിലനില്‍പ്പിന് സ്വാതന്ത്ര്യം ജനാധിപത്യം മതനിരപേക്ഷത എന്നിവ ഒരുക്കുന്ന അടിത്തറ ആവശ്യമാണെന്നിരിക്കെ ശാസ്ത്രവും യുക്തിചിന്തയും പുരോഗമനാശയവും കേരള സാഹിത്യോത്സവം ചര്‍ച്ച ചെയ്യുന്നത് ഏറെ പ്രസക്തമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇടശ്ശേരിയുടെ കുടിയിറക്ക് എന്ന കവിതയിലെ വരികള്‍ ചൊല്ലിയ അദ്ദേഹം പൗരത്വഭേദഗതി ബില്ലിനെതിരെ സംസാരിക്കുകയും ജനാധിപത്യം ധ്വംസിക്കപെടുന്നിടത്ത് സാഹിത്യകാരന്മാര്‍ പ്രതികരിക്കണമെന്നും അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
അര്‍ഥവത്തതായ സംഭാഷണങ്ങളുടെയും നിരന്തരമായ സംവാദങ്ങളുടെയും വേദിയാണ് കെ.എല്‍.എഫെന്ന് ഫെസ്റ്റിവല്‍ ഡയരക്ടര്‍ കെ. സച്ചിദാനന്ദന്‍ പറഞ്ഞു. അഞ്ചാം പതിപ്പില്‍ പുതിയതായി കൊണ്ടുവന്ന ബുക് ടാക്ക്, ഓപ്പണ്‍ മൈക്ക്, സ്റ്റേജ് ടാക്ക്, ഡിബേറ്റസ് തുടങ്ങിയ പുതിയ ഇവന്റുകളെ അദേഹം പരിചയപ്പെടുത്തി.
ഇന്ത്യയില്‍ സ്വതന്ത്രമായി ചര്‍ച്ചകളും സംവാദങ്ങളും നടത്താന്‍ സാധ്യമായ ഏകയിടം കേരളമായിരിക്കെ സാഹിത്യവും ശാസ്ത്രവും യുക്തിചിന്തയും സമ്മേളിക്കുന്നതാണ് കെ.എല്‍.എഫിന്റെ പ്രാധാന്യമെന്ന് ഫെസ്റ്റിവല്‍ ചീഫ് ഫെസ്റ്റിലിറ്റേറ്റര്‍ രവി ഡിസി പറഞ്ഞു. ജീവിതവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും അതിന്റെ സമഗ്രതയില്‍ ചര്‍ച്ച ചെയ്യുന്ന കെ.എല്‍.എഫ് അതിന്റെ ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമാകുന്നുവെന്ന് അധ്യക്ഷപ്രസംഗത്തില്‍ പ്രദീപ്കുമാര്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു.