നൂറ ടി
ഗാന്ധിയുടെയും അബേദ്ക്കറിന്റെയും ആശയങ്ങള്‍ പരസ്പര വിരുദ്ധമാണെന്ന് കരുതുമ്പോള്‍ കൂടി ഗാന്ധിയും അബേദ്ക്കറും തമ്മിലുള്ള ബന്ധം ഊഷ്മളമായിരുന്നുവെന്നും രണ്ടുപേരും ഇന്ത്യയുടെ ഭാഗ്യമാണെന്നും രാമചന്ദ്ര ഗുഹ. കോഴിക്കോട് വെച്ച് നടക്കുന്ന നാലാമത് കേരള സാഹിത്യോത്സവത്തിന്റെ ഭാഗമായി ‘ആധുനിക ഇന്ത്യയുടെ ശില്‍പികള്‍’ എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശസ്ത കോളമിസ്റ്റ് ഷാജഹാന്‍ മാടമ്പാട്ടുമായി ഒരു മണിക്കൂര്‍ നീണ്ടു നിന്ന ചര്‍ച്ചയില്‍ ഗാന്ധിയെ കുറിച്ചും അദ്ദേഹത്തിന്റെ ആശയങ്ങളെക്കുറിച്ചും പ്രതിബാധിക്കപ്പെട്ടു.
ഇന്ത്യയില്‍ ഇന്നും മുസ്ലിം വിഭാഗം അനുഭവിക്കുന്ന പ്രശ്ങ്ങള്‍ ചെറുക്കാന്‍ ഗാന്ധിയന്‍ ആശയങ്ങള്‍ക്കാകും. ഇന്ത്യയില്‍ ഒരു വിഭാഗം പാര്‍ശ്വവല്‍ക്കരിക്കപ്പെടുമ്പോഴും ആഗോള തലത്തില്‍ ഗാന്ധി ഈ കാലഘട്ടത്തിലും ആദരിക്കപ്പെടുന്നു. ലോകോത്തരമായി ഇത്രത്തോളം സ്വീകാര്യത ഉണ്ടെങ്കില്‍ കൂടി ഇന്ത്യയില്‍ കേവലം സ്വച്ഛ് ഭാരതത്തില്‍ മാത്രമേ ഗാന്ധിയെ പ്രതിബാധിക്കുന്നുള്ളു എന്ന് അദ്ദേഹം പറഞ്ഞു.
പൊതുവില്‍ ഗാന്ധിയുടെ റോള്‍മോഡല്‍ ആരായിരുന്നു എന്ന പ്രേക്ഷകന്റെ ചോദ്യത്തിന് ഗോപാല കൃഷ്ണ ഗോഖലെ, ടോള്‍സ്‌റ്റോയ് എന്നിവരാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചരിത്രം ഭൗതിക ശാസ്ത്രമോ ഗണിതശാസ്ത്രമോ അല്ല മറിച്ച് സാമൂഹികവും സാഹിത്യവുമായി ബന്ധപ്പെട്ടതാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തയ്യാറാക്കിയത്: മിദ്‌ലാജ് , ഫോട്ടോ: അനന്ദു കൃഷ്ണൻ