ബിലാൽ ശിബിലി
ലോക യാഥാർത്ഥ്യ നിർമിതിയിൽ കലാസാഹിത്യത്തിന് സുപ്രധാന പങ്കുണ്ട് എന്ന് ബോധ്യപ്പെടുത്തിയ സാഹിത്യ വിമർശകനാണ് കേസരി ബാലകൃഷ്ണപിള്ളയെന്ന് സുനിൽ പി ഇളയിടം. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ രണ്ടാം ദിവസം നടന്ന ‘കേരളീയ ചിന്തയിലെ കലാപകാരികൾ’ എന്ന ചർച്ചയിൽ പങ്കെടുത്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജേന്ദ്രൻ എടത്തുങ്കര, സജയ് കെ. വി എന്നിവരായിരുന്നു മറ്റു പാനലിസ്റ്റുകൾ. അജിത് എം. എസ് മോഡറേറ്ററായി.
മലയാള നിരൂപണത്തിന്റെ അകത്ത് ഇടപെട്ട ഒരാളല്ല, മറിച്ച് സാഹിത്യ നിരൂപണം എന്തായി തീരണം എന്ന് കാണിച്ചു തന്ന ആളാണ് കേസരിയെന്ന് രാജേന്ദ്രൻ എടത്തുങ്കര അഭിപ്രായപ്പെട്ടു. സ്വയം തന്നെ നിരന്തരം നവീകരിക്കുന്ന കേസരിയെ നമുക്ക് ദർശിക്കാനാവും. അതത് കാലത്ത് നിലനിന്നിരുന്ന വിജ്ഞാനീയത്തെ സ്വീകരിച്ചിരുന്ന ആളാണ് കേസരി. സാമൂഹ്യവിപ്ലവത്തിനാണ് അദ്ദേഹം പ്രാധാന്യം കൊടുത്തത്. കേസരി ഒരു നിരൂപകനല്ല, സാഹിത്യ ചിന്തകനാണ് എന്നും രാജേന്ദ്രൻ എടത്തുങ്കര അഭിപ്രായപ്പെട്ടു.
അറുപത് വർഷം മുമ്പുള്ള ഒരു വ്യക്തിയെ കുറിച്ച് ചർച്ച ചെയ്യാൻ നമ്മളിത്രയും പേര് കൂടിയത് തന്നെ വലിയ കാര്യമാണ് എന്ന പക്ഷക്കാരനായിരുന്നു സജയ് കെ. വി. ദേശീയതയല്ല, സാർവ്വദേശീയതയായിരുന്നു കേസരിയുടെ മതം. ലോകസാഹിത്യങ്ങൾ എന്ന് മലയാളിയെ പറയാൻ പഠിപ്പിച്ചതും അദ്ദേഹമാണ്. കേസരിയുടെ കലാനിരൂപണമാണ് ഏറെ പ്രധാനപ്പെട്ടത്. കലാകാരന്മാർ തൊഴിലാളികളാണെന്നും സാഹിത്യകാരന്മാർ മുതലാളിമാരാണെന്നും കേസരിക്ക് അഭിപ്രായമുണ്ടായിരുന്നു. ചിത്രത്തിന് ഡിസൈൻ പോലെയാണ് കവിതയ്ക്ക് പദ്യം. ഡിസൈനും പദ്യവും ഇല്ലെങ്കിലും യഥാക്രമം ചിത്രവും കവിതയും നിലനിൽക്കും. കേസരിയുടെ കലാസാഹിത്യ ചിന്തകളെ സജയ് കെ. വി അവതരിപ്പിച്ചു.
സൗന്ദര്യാത്മക ആധുനിക ബോധം യുവരാഷ്ട്രീയ പ്രവർത്തകർ ആർജ്ജിക്കണം എന്ന അഭിപ്രായം കേസരിക്ക് ഉണ്ടായിരുന്നു എന്ന് സുനിൽ പി ഇളയിടം പങ്കുവെച്ചു. കേവലാനുപൂതികളെ അദ്ദേഹം നിരസിക്കുന്നുണ്ട്. വിമർശനം കേസരിയെ അസ്വീകാര്യനാക്കി. സുനിൽ പി ഇളയിടം കൂട്ടിച്ചേർത്തു. കേസരിയുടെ ചില അഭിപ്രായങ്ങളോട് പാനൽ വിയോജിപ്പ് രേഖപ്പെടുത്തി. ചിലത് അദ്ദേഹത്തിന്റെ നിഗമനങ്ങൾ മാത്രമായിരുന്നു എന്ന അഭിപ്രായമായിരുന്നു രാജേന്ദ്രൻ എടത്തുങ്കര. സജയ് കെ. വി കേസരിയുടെ കലാനിരൂപണങ്ങളുടെ പ്രശസ്തിയെ സദസ്സിന് ബോധ്യപ്പെടുത്തി.