താനും ജാതി അധിക്ഷേപങ്ങള്‍ക്ക് ഇരയായിട്ടുണ്ട്; ടി. പത്മനാഭന്‍

0
346
klf 19 Kerala Literature Fest Kozhikode 2019 t padmanabhan

അപർണ്ണ പി

എല്ലാവരും കവികളെന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്, കാലം പുതിയ കവികളെ ഉണ്ടാക്കിയതായിട്ടറിയില്ലെന്ന് കഥാകൃത്ത് ടി. പത്മനാഭന്‍. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ കഥയിലെ സ്‌നേഹവും, സമൂഹത്തിലെ കലഹവും എന്ന വിഷയത്തില്‍ അവതാരകന്‍ വേണു ബാലകൃഷ്ണനുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഞാന്‍ മലയാളം എഴുത്തുകാരനായതിനാല്‍ ലോകസാഹിത്യത്തില്‍ ഇടം നേടാന്‍ എനിക്കായില്ല. എങ്കിലും എന്റെ ഭാഷയില്‍ ഞാന്‍ തൃപ്തനാണ്. കഴിഞ്ഞ കുറച്ചു കാലമായി കഥകള്‍ക്ക് കിട്ടുന്ന സ്വീകാര്യതയില്‍ ആഹ്ലാദമില്ലെന്നും മാഗസിന്‍ മുഖചിത്രമാകുന്നതിലല്ല, പ്രേക്ഷകരുടെ മനസ്സില്‍ എഴുത്ത് പതിയുമ്പോഴാണ് എഴുത്തുകാരന് സ്വീകാര്യതയുണ്ടാവുന്നതെന്നും അദ്ദേഹം പറഞ്ഞു. എണ്‍പത്തിയൊമ്പതിന്റെ യൗവ്വനത്തിലും താന്‍ ഒന്നിനെക്കുറിച്ചും ബോധവാനല്ലെന്നും തന്റെ എഴുത്തൊരു ബാലസാഹിത്യത്തിന് വേണ്ടിയായിരുന്നില്ല, എഴുതുമ്പോള്‍ തന്നെ വലിയവനായി കഴിഞ്ഞിരുന്നു എന്നും അദ്ദേഹം തമാശരൂപേണ അഭിപ്രായപ്പെട്ടു. എന്റെ അനുഭവങ്ങളും വികാരങ്ങളും എഴുത്തില്‍ പ്രതിഫലിച്ചിരുന്നു. തന്നെ ഏറെ സ്വാധീനിച്ച വ്യക്തി വൈക്കം മുഹമ്മദ് ബഷീറാണെന്നും അദ്ദേഹത്തിന്റെ ഉപദേശപ്രകാരമാണ് മലയാളത്തില്‍ തന്നെ തുടരാന്‍ കാരണമായതെന്നും അദ്ദേഹം വ്യക്തമാക്കി.

കവിതയുടെ വരമ്പത്തുകൂടി സഞ്ചരിക്കുന്ന കഥകളെന്ന് വിശേഷിപ്പിക്കുന്ന ടി. പത്മനാഭന്റെ കഥകള്‍ കഥാസാഹിത്യത്തിന്റെ അനന്തസാധ്യതകള്‍ വായനക്കാരനു മുമ്പില്‍ തുറന്നുകാണിക്കുന്നവയാണ്. കുമാരനാശാന്‍ അനുഭവിക്കേണ്ടി വന്ന ജാതിയധിക്ഷേപങ്ങളുടെ തീക്കനലാണ് അദ്ദേഹത്തെ മഹാകാവ്യമെഴുതാതെ മഹാകവിയാക്കി മാറ്റിയതെന്നും, താനും ഈ ജാതി അധിക്ഷേപങ്ങൾക്ക് ഇന്നും ഇരയാകുന്നുണ്ടെന്ന് അദ്ദേഹം തുറന്നു പറഞ്ഞു.

അനുഭവങ്ങളാല്‍ സമ്പന്നമായിരുന്നു ഫെസ്റ്റിവലിന്റെ അക്ഷരം വേദി. വേണു ബാലകൃഷ്ണന്റെ ചോദ്യങ്ങള്‍ക്ക് ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെയാണ് അദ്ദേഹം പ്രതികരിച്ചത്. മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ ഡോക്ടറേറ്റ് ബഹുമതി നേടിയ ടി. പത്മനാഭനെ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ എ. കെ. അബ്ദുള്‍ ഹക്കീം പൊന്നാട അണിയിച്ച് ആദരിച്ചു.

ഫോട്ടോ: ഫയാസ്. എ. കെ

LEAVE A REPLY

Please enter your comment!
Please enter your name here