പ്രശസ്ത നാടക-സിനിമ അഭിനേത്രി കെ.ജി. ദേവകിയമ്മ നിര്യാതയായി

0
369

പ്രശസ്ത നാടക-സിനിമ അഭിനേത്രി കെ.ജി. ദേവകിയമ്മ (97) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. കിലുക്കം, കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ, വക്കാലത്തു നാരായണൻ കുട്ടി തുടങ്ങിയ സിനിമകളിലെ മുത്തശ്ശി വേഷങ്ങൾ ശ്രദ്ധേയമായിരുന്നു. കലാനിലയം നാടക വേദി സ്ഥാപകനും തനി നിറം പത്രാധിപരുമായിരുന്ന പരേതനായ കലാനിലയം കൃഷ്ണൻ നായരുടെ ഭാര്യയാണ്. അറിയപ്പെടുന്ന റേഡിയോ ആർട്ടിസ്റ്റ് കൂടിയായിരുന്നു ദേവകിയമ്മ.

നന്നേ ചെറുപ്പത്തിൽ തന്നെ സംഗീതം അഭ്യസിക്കുകയും എട്ടു വയസ്സുള്ളപ്പോൾ തന്നെ കച്ചേരി നടത്തി അരങ്ങേറ്റം കുറിക്കയും ചെയ്തു. ആ കാലഘട്ടത്തിൽ തന്നെ ഭാഗവതരായിരുന്ന അച്ഛന്റെ അനുജന്റെ നാടക കമ്പനിയിൽ നാടകങ്ങൾക്ക് മുന്നെയുള്ള ബാലെ പാട്ടിലൂടെ തുടക്കം കുറിച്ചു. പിന്നീട് വിവിധ നാടകങ്ങളിൽ പാടി അഭിനയിച്ചു തുടങ്ങി.

ഒരു കാലഘട്ടത്തെ ശബ്ദം കൊണ്ട് വിസ്മയിപ്പിച്ച നടിയായിരുന്നു കെ.ജി ദേവകിയമ്മ. അമ്മയായും അമ്മൂമ്മയായും റേഡിയോ നാടകങ്ങളിലും സിനിമകളിലും നാടകങ്ങളിലും സീരിയലിലും നിറഞ്ഞു നിന്ന ദേവകിയമ്മ തിരുവിതാംകൂര്‍ റേഡിയോ നിലയത്തിലെ സ്ഥാപക ആര്‍ട്ടിസ്റ്റുകളിലൊരാളായിരുന്നു.

വൈവിധ്യമാർന്ന പല കഥാപാത്രങ്ങളെയും റേഡിയോ നാടകങ്ങളിൽ ദേവകിയമ്മ അവതരിപ്പിച്ചു. മൂന്നു പതിറ്റാണ്ടു കാലം ഓൾ ഇന്ത്യ റേഡിയോയിൽ ജോലി ചെയ്തു. എ ഗ്രേഡ് ആർട്ടിസ്റ്റായി 1980 ലാണ് വിരമിച്ചത്. ആകാശവാണിയിൽ വച്ച് പത്മരാജനുമായുള്ള പരിചയമാണ് ദേവകിയമ്മയെ സിനിമയിൽ എത്തിച്ചത്. ഒരിടത്തൊരു ഫയൽവാൻ എന്ന ചിത്രത്തിൽ ദേവകിയമ്മയെ മനസ്സിൽ കണ്ടു കൊണ്ടാണ് പത്മരാജൻ ഒരു അമ്മ വേഷം എഴുതിയത്. സിനിമയിൽ അഭിനയിക്കാൻ ദേവകിയമ്മ വിസമ്മതിച്ചപ്പോൾ കലാനിലയം കൃഷ്ണൻ നായരെ കൊണ്ട് നിർബന്ധിപ്പിച്ചാണ് പത്മരാജൻ അവരെ അഭിനയിപ്പിച്ചത്. പിന്നീട് കിലുക്കം, കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ, വക്കാലത്തു നാരായണൻ കുട്ടി, ശയനം, സൂത്രധാരൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. താലി, ജ്വാലയായ്, ഇന്നലെ, കുടച്ചക്രം, പവിത്രബന്ധം തുടങ്ങി ഇരുപതോളം സീരിയലുകളിൽ അഭിനയിച്ചു.

മക്കൾ: കലാവതി, ഗീത, മായ, ജീവൻ കുമാർ, ദുർഗ്ഗാ ദേവി.

LEAVE A REPLY

Please enter your comment!
Please enter your name here