കടലാക്രമണം: തീരദേശത്ത് ഒരുമാസത്തെ സൗജന്യ റേഷൻ നൽകാൻ മന്ത്രിസഭാ തീരുമാനം

0
161

തിരുവനന്തപുരം: കടലാക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് തീരപ്രദേശത്ത് ഒരു മാസത്തെ സൗജന്യ റേഷൻ അരി നൽകുമെന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുത്തു. ഒരുമാസത്തെ റേഷനാണ് സര്‍ക്കാര്‍ സൗജന്യമായി നല്‍കുക. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടൊയണ് സര്‍ക്കാര്‍ പ്രഖ്യാപനം. തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ മന്ത്രസഭാ യോഗം കടലാക്രമണവും കാലാവസ്ഥാ മുന്നറിയിപ്പുകളും ചർച്ച ചെയ്ത ശേഷമാണ് തീരുമാനമെടുത്തത്.

രണ്ട് ദിവസമായി തുടരുന്ന കനത്ത കടല്‍ക്ഷോഭത്തില്‍ വലിയ നാശനഷ്ടമാണ് സംസ്ഥാനത്തെ തീരപ്രദേശങ്ങളിലുണ്ടായത്. തിരുവനന്തപുരത്ത് ഇരുന്നൂറിലേറെ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളോട് കടലിൽ പോകരുതെന്നുള്ള ജാഗ്രതാ നിർദേശവും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിട്ടുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ഒരു മാസത്തെ റേഷൻ തീരദേശത്ത് മുഴുവൻ നൽകാനുള്ള തീരുമാനമെടുത്തത്. ഇതിനോടകം 19 കുടുംബങ്ങളിലെ 69 പേരെ ദുരിതാശ്വാസ ക്യാപുകളിലേക്കു മാറ്റിയെന്നാണു സര്‍ക്കാര്‍ കണക്ക്. ബുധനാഴ്ച ഉച്ച മുതല്‍ തുടങ്ങിയ കടലാക്രമണം ഇന്നലേയും രൂക്ഷമായിരുന്നു.

ഇന്ന് രണ്ട് മീറ്ററിലധികം ഉയരത്തിൽ തിരമാലയുണ്ടാവുമെന്നാണ് കാലാവസ്ഥാ നിലയത്തിന്‍റെ മുന്നറിയിപ്പ്. ഞായറാഴ്ച വരെ ശക്തമായ കാറ്റ് കടലിൽ വീശാൻ സാധ്യത ഉള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശമുണ്ട്. ഇന്ത്യൻ മഹാ സമുദ്രത്തിന്‍റെ ഭൂമധ്യരേഖാപ്രദേശത്ത് രൂപം കൊണ്ട ന്യൂനമർദ്ദമാണ് കടൽക്ഷോഭത്തിന്  കാരണം.

LEAVE A REPLY

Please enter your comment!
Please enter your name here