തിരുവനന്തപുരം: തെക്ക‌് പടിഞ്ഞാറൻ കാലവർഷം(ഇടവപ്പാതി) അടുത്തമാസം നാലിന‌് കേരളതീരം തൊടുമെന്ന‌് സ്വകാര്യ കാലാവസ്ഥാ വിഭാഗമായ സ‌്കൈമെറ്റ‌്. രാജ്യത്ത‌് ഇക്കുറി ശരാശരിയേക്കാളും മഴ കുറവായിരിക്കും ലഭിക്കുകയെന്നും സ‌്കൈമെറ്റ‌് വിലയിരുത്തുന്നു. എന്നാൽ ഇന്ത്യൻ കാലാവസ്ഥാവകുപ്പ‌് കഴിഞ്ഞ മാസം പുറത്തിറക്കിയ ആദ്യ പ്രവചനത്തിൽ ഇക്കുറി മഴ സാധാരണ രീതിയിലായിരിക്കുമെന്നാണ‌് പറഞ്ഞിരുന്നത‌്.
കാലവർഷം സംബന്ധിച്ച‌് വകുപ്പിന്റെ രണ്ടാം പ്രവചനം വരാനിരിക്കുന്നതേയുള്ളു. എന്തായാലും തെക്ക‌് പടിഞ്ഞാറൻ കാലവർഷക്കാറ്റ‌് 20-ന‌് ആൻഡമാൻ നിക്കോബാറിൽ എത്തുമെന്നാണ‌് നിഗമനം. കാലവർഷം 22-ന‌് എത്തുമെന്ന‌് സ‌്കൈമെറ്റും പ്രവചിക്കുന്നു. തുടർന്ന‌് ബംഗാൾ ഉൾക്കടൽ വഴി ഇന്ത്യൻ മഹാസമുദ്രം കടന്ന‌് കാലവർഷം എത്തും.
അറബിക്കടൽ കൂടി സജ്ജമാകുന്നതോടെ കാലവർഷക്കാറ്റ‌് കേരളം വഴി കരകയറും.