തിരുവനന്തപുരം: പോക്സോ കേസുകള്‍ക്ക് മാത്രമായി എറണാകുളത്ത് പ്രത്യേക കോടതി സ്ഥാപിക്കുവാൻ മന്ത്രിസഭാ തീരുമാനം. ഇതിനായി ഒരു ജില്ലാ ജഡ്ജ്, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്‍റ്, ബെഞ്ച് ക്ലാര്‍ക്ക് ഉള്‍പ്പെടെ 13 തസ്തികകള്‍ സൃഷ്ടിക്കും. നിര്‍ത്തലാക്കിയ എറണാകുളം വഖഫ് ട്രൈബ്യൂണലില്‍ നിന്നും പുനര്‍വിന്യാസത്തിലൂടെയാണ് 10 തസ്തികകള്‍ കണ്ടെത്തുക. എറണാകുളത്ത് നടി ആക്രമിക്കപ്പെട്ട കേസ് ഇതേ കോടതിയില്‍ പ്രത്യേകമായി വിചാരണ ചെയ്യുന്നതിന് അനുമതി നല്‍കാനും തീരുമാനിച്ചു.
സ്വയംപര്യാപ്തമായ ക്ഷേമനിധി ബോര്‍ഡുകളിലെ ചെയര്‍മാന്‍മാരുടെ ഓണറേറിയം 12,000 രൂപയില്‍ നിന്നും 18,000 രൂപയായും മുഴുവന്‍ സമയ ചെയര്‍മാന്‍മാരുടെ ഓണറേറിയം 20,000 രൂപയില്‍ നിന്നും 25,000 രൂപയായും വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. ഈ നിരക്കില്‍ കൂടുതല്‍ ഓണറേറിയം ലഭിക്കുന്ന ചെയര്‍മാന്‍മാരുടെ ഓണറേറിയം അതേ നിരക്കില്‍ തുടര്‍ന്നും അനുവദിക്കും.
കേരള ഹൈക്കോടതി സര്‍വ്വീസിലെ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടേതിന് തുല്യമാക്കുന്നതിനുള്ള കരട് ഭേദഗതി ബില്‍ മന്ത്രിസഭ അംഗീകരിച്ചു.