മലപ്പുറം: കേരള ലളിതകലാ അക്കാദമിയുടെ കാർട്ടൂൺ പുരസ്‌കാരം പുനപ്പരിശോധിക്കണമെന്ന സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ പ്രസ്താവന സാംസ്‌കാരിക കേരളത്തിന് അപമാനകരമാണെന്നും പുരസ്‌കാരം പുനപ്പരിശോധിക്കില്ലെന്ന കേരള ലളിതകലാ അക്കാദമിയുടെ നിലപാടിന് പിന്തുണ നൽകുന്നതായും ചിത്രകാരന്മാരുടെയും ചിത്രാസ്വാദകരുടെയും കൂട്ടായ്മയായ വരക്കൂട്ടം ആർട്ടിസ്റ്റ് കമ്മ്യൂൺ കേരള. സാമൂഹ്യ വിമർശനത്തിന്റെ ശക്തമായ മാധ്യമമായ കാർട്ടൂൺ എന്ന കലാരൂപത്തോടും സാമൂഹ്യ വിരുദ്ധതകൾക്കെതിരെ ജനപക്ഷത്തുനിന്ന് ആവിഷ്‌കാരം നടത്തുന്ന കലാകാരന്മാരോടുമുള്ള ഭരണകൂടത്തിന്റെ നിഷേധാത്മക നിലപാടാണ് മന്ത്രിയുടെ പ്രസ്താവനയിലൂടെ വ്യക്തമാകുന്നത്. കേരള ലളിതകലാ അക്കാദമിയുടെ സ്വയംഭരണാവകാശവും പ്രവർത്തന സ്വാതന്ത്ര്യവും നിലനിറുത്തുന്നതിനും നെറികേടുകൾക്കെതിരെ ആവിഷ്‌കാരസ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്നതിനും വേണ്ടി അക്കാദമി കൈക്കൊള്ളുന്ന നടപടികൾക്ക് പിന്തുണയും സഹകരണവും വാഗ്ദാനം ചെയ്യുന്നതായും വരക്കൂട്ടം ഭാരവാഹികൾ പ്രസ്താവനയിലൂടെ അറിയിച്ചു.
അനീസ് വടക്കൻ (പ്രസിഡന്റ്), ഷമീം സീഗൾ (ജന.സെക്രട്ടറി)
വരക്കൂട്ടം
ആർടിസ്റ്റ് കമ്യൂൺ
കേരള
20-06-2019
മലപ്പുറം