സംസ്ഥാനത്ത‌് മഴ ശക്തമാകുന്നു; ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട‌്

0
194

തിരുവനന്തപുരം: സംസ്ഥാനത്ത‌് ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ കനത്ത മഴ തുടരുന്നു. ജില്ലകളിൽ വ്യാഴാഴ്ച മുതൽ പെയ്യുന്ന മഴ ശക്തമായി തുടരുകയാണ‌്. പലയിടങ്ങളിലും മണ്ണിടിച്ചിലുണ്ടായി. വാഗമൺ തീക്കോയി റോഡിൽ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. മീനച്ചിലാറ്റില്‍ വെള്ളം പൊങ്ങി പാലാ നഗരം വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഇടുക്കിയിലും പലയിടത്തും മണ്ണിടിഞ്ഞു. രാത്രിയാത്ര ഒഴിവാക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
ഇടുക്കി ജില്ലയിലെ പാംബ്ല (ലോവർ പെരിയാർ) അണക്കെട്ടിന്റെ ഒരു ഷട്ടർ ഉയർത്തി 15 ക്യുമെക്സ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. കല്ലാർകുട്ടി ഡാമിന്റെ 2 ഷട്ടറുകൾ 30 cm വരെ ഉയർത്തി 60 ക്യുമെക്സ് വെള്ളം പുറത്തേക്കൊഴുക്കുവാനും ഇടുക്കി ജില്ലാ കളക്ടർ അനുമതി നൽകി. പെരിയാറിന്റെ ഇരുകരയിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന‌് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി.
തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ശക്തമായ മഴമുന്നറിയിപ്പായ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്ന് തീവ്രമഴയുടെ മുന്നറിയിപ്പായ ഓറഞ്ച് അലർട്ടും മറ്റു ജില്ലകളിലെല്ലാം ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ വാസയോഗ്യമല്ലാത്ത പ്രദേശങ്ങളിലും വീടുകളിലും താമസിക്കുന്നവർ കുടുംബങ്ങളെ മാറ്റേണ്ട സാഹചര്യമുണ്ടെങ്കിൽ അതാതു വില്ലേജുകളിൽ ക്യാമ്പുകൾ തുടങ്ങാൻ വേണ്ട ക്രമീകരണങ്ങൾ നടത്തേണ്ടതാണെന്നു ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകി.

Photo: Rishiraj Sathyan

LEAVE A REPLY

Please enter your comment!
Please enter your name here