എന്നെ എന്നിൽ തന്നെ കൊളുത്തിയിടുന്നു എന്ന് ഒരു കവി (സെബാസ്റ്റ്യന്റെ കവിതകളുടെ വായന )

2
1124
kavithayude-kappal-sanchaarangal-dr-roshni-swapna-athmaonline-the-arteria

കവിതയുടെ കപ്പൽ സഞ്ചാരങ്ങൾ

ഡോ. രോഷ്‌നി സ്വപ്

ചൈനയിലെ അവസാന രാജവംശ കാലത്തെ കവിതകളും കുറിപ്പുകളും അടങ്ങിയ ഒരു പുസ്തകമുണ്ട്. Tai Lin Chi എന്നാണ് ആ പുസ്തകത്തിന്റെ പേര്. 1644-1911കാലഘട്ടമാണ് പ്രതിപാദ്യം. അതിലെ ഒരു കവിത ഇങ്ങനെയാണ്.

When you meet a
master swordman
Show him, your
Sword.

When you meet a man
who is not a poet,
do not show him
your poem.

ഈ കവിതയ്ക്ക് റോബർട്ട് ഗ്രീനിയുടെ പുനരെഴുത്ത് ഇങ്ങനെയാണ്

When you meet a
swordman
draw your sword

Do not recide poetry
to one who is not a poet.

സെബാസ്റ്റ്യന്റെ കവിതകളെക്കുറിച്ച് പറയുമ്പോൾ ഇത് ഓർമിക്കാം. കാരണം സെബാസ്റ്റ്യന്റെ കവിതകൾ ഉള്ളിൽ കവികളായിരിക്കുന്നവർക്കെ തൊടാനാവൂ.
മറ്റൊരു വിധത്തിൽ പറഞ്ഞാൽ സെബാസ്റ്റ്യന്റെ കവിതകൾ,
കവികൾ അല്ലാത്തവരെയും കവികൾ ആക്കും.

എല്ലാവരും എല്ലായ്‌പ്പോഴും കവികളായിരിക്കുന്നില്ല.
പക്ഷേ ‘Be a poet. Even in prose’.
എന്ന ബോദ്ലയർ പറയുന്നുണ്ട്. സെബാസ്റ്റ്യനും സെബാസ്റ്റ്യന്റെ
കവിതകളും അങ്ങനെയാണ്. ചൂളപ്പൊതികൾ എന്ന പുസ്തകത്തിൽ
ഒരു കവിതയുണ്ട്

“അങ്ങനെ അവസാനിക്കുന്നത്”
എന്ന പേരിൽ

“ഗ്രാമത്തെ ഒപ്പിയെടുക്കാൻ
ഒരു മേഘത്തിന്റെ ഹൃദയത്തിനു കഴിയും;
“ഒരാൾ അവിടെ പാർക്കുന്നതുകൊണ്ട്.

ഗ്രാമത്തെ ഹൃദയത്തിൽ നിന്നെടുത്ത് നീർത്തിയിട്ട്

അതിലൂടെ അലയുവാൻ മേഘത്തിനു കഴിയും
ആ ഒരാളെ കണ്ടുപിടിക്കേണ്ടതുകൊണ്ട്.

ഗ്രാമത്തെ ചുരുട്ടിയെടുത്ത് ആത്മാവിൽ ഒളിപ്പിക്കാൻ അതിനു കഴിയും
അയാൾ അവിടെ ഉണ്ട് എന്ന സത്യത്താൽ.

ഗ്രാമത്തെ ചെറുതാക്കി ചെറുതാക്കി തന്നിൽ ലയിപ്പിക്കാൻ മേഘത്തിനു
കഴിയും അയാളെ അവിടെ കണ്ടെത്തിയ ഉൾപ്പുളകത്താൽ.

ഒരു മേഘത്തിന്
ആ ഗ്രാമത്തെ
ശൂന്യമാക്കാൻ കഴിയും അതിന്റെ ആത്മാവ്
അയാളെ
മരണമില്ലാത്തവനായ് സ്വീകരിച്ചതുകൊണ്ട്,”

നിലനിൽപ്പിനെ,
മനുഷ്യനെന്ന ജൈവികാനുഭവത്തെ സ്വന്തം ആത്മാവിൽനിന്ന്
കണ്ടെടുക്കുന്നു കവി. ഗ്രാമവും മേഘവും ശൂന്യതയും
ഒരൊറ്റ ആളെ ആശ്രയിച്ചാണ്
നിലനിൽക്കുന്നത്. മനുഷ്യനിലാണ് ഭൂമിയുടെ വേര് എന്ന് കവിതയിലൂടെ
ഓർമ്മിപ്പിക്കുകയാണ് കവി.

നൂലുകളുടെ മറ്റേയറ്റം കാണാൻ കൊതിക്കുന്ന, പായുന്ന തീവണ്ടിയുടെ
കൂക്കി വിളികൾ ശേഖരിക്കുന്ന, ചെറിയ, വലിയ ശബ്ദങ്ങൾ കേൾക്കാൻ
ജാഗരൂഗനായിരിക്കുന്ന, പുൽനാമ്പിൽ ഇരുന്ന് കണ്ണടച്ചു കരയുന്നുണ്ടോ
ശലഭം എന്ന് ആധി കൊള്ളുന്ന ഒരാൾ കവിയിൽ ഉണ്ട്. തുരങ്കത്തിലൂടെ
തീവണ്ടി കടന്നുപോകുമ്പോൾ കണ്ണടച്ച് ഇരിക്കരുതെന്ന് അയാൾക്ക് അറിയാം.
തുരങ്കത്തിലൂടെ വണ്ടി പായുമ്പോൾ കാണുന്ന ചില നെൽവയലുകൾ,
കരിമ്പിൻ തോട്ടങ്ങൾ, അവിടെ വിളവെടുക്കുന്നവരുടെ അനക്കങ്ങൾ,
ആട്ടങ്ങൾ, ഇരുളിലെ അവയുടെ തിളക്കം, എല്ലാം കവി കാണുന്നു,
അറിയുന്നു, അനുഭവിക്കുന്നു. ആ യാത്രയിൽ നിന്ന് കവി ഒരു കാവ്യനീതി
മെനഞ്ഞെടുക്കുന്നുണ്ട്.

തുരങ്കത്തിലൂടെ വണ്ടി പായുമ്പോൾ കണ്ണടച്ചിരിക്കരുത്
ഇരുളിൽ നഗ്നരാവുകയും പെട്ടെന്ന്
വെളിച്ചം പോകുമ്പോൾ
വയലുകളുടെ നിവർത്തിയ ചിറകുകൾ നമ്മെ ഉടുപ്പിക്കുകയും
ചെയ്യുന്നത് അറിയണമെങ്കിൽ!

“ഉറുമ്പിനെ
മുഴുത്ത ചങ്ങലയാൽ
തളച്ചു
ആനയെ ചെറുനൂലിൽ കെട്ടിയിട്ടു
പാറും കിളിക്കുഞ്ഞിനെ
മുളച്ചു വലുതാകാൻ
മണ്ണിൽ കുഴിച്ചിട്ടു
എൻറെ
രക്ത മാംസങ്ങളിൽ
കുഴിച്ചിട്ടു നിന്നെ
ഇവന്റെ നവദ്വാരങ്ങളിലൂടെ മുളപൊട്ടി
പുറത്തുവരുമോ ശിഖരങ്ങൾ?”

സെബാസ്റ്റ്യന്റെ “സസ്യം” എന്ന കവിതയിലെ വരികൾ അതിജീവനത്തിന്റെ
ജീവശാസ്ത്രമായി ഹൃദയം പകർത്തുന്നതിന്റെ അസാധാരണമായ തെളിവ്
എന്ന് കവിയുടെ ഭാഷയിൽ പറയാം..
ലോകത്തേക്ക് നോക്കി എഴുതുമ്പോൾ കാണുന്ന ജീവൻറെ പൊടിപ്പുകളുടെ
അനുഭവലോകം ആണ് സെബാസ്റ്റ്യന്റെ കവിതകൾ. ചിലപ്പോൾ
ചുണ്ടുകളിൽ ഹൃദയം പകർന്നു വെച്ചതെന്ന്, അസാധാരണമായത്
പകർന്നു വെക്കുന്നതിന് അപ്പുറത്ത് ഉള്ളതാണ് ചോര പൊടിയുന്നത് എന്ന്,
രക്തം കൊണ്ട് മാത്രം നിർമ്മിക്കപ്പെട്ട രക്തത്തിൽ ജീവിക്കുന്നു എന്ന്,….

ഈ സങ്കീർണ്ണവും അചേതനവുമായ ജീവിതത്തിൽ നിന്ന് മനുഷ്യൻ
എന്ന അതിജീവനത്തിന് പൊരുതുകൾ കവി കണ്ടെടുക്കുന്നത് ഇപ്രകാരമാണ്.

“”വലിപ്പചെറുപ്പങ്ങൾ
അല്പം അഭംഗി ഉണ്ടാക്കുമെങ്കിലും വിശേഷപ്പെട്ട
മറ്റൊരു ആൽബം ഉണ്ടാക്കുന്നു
മുത്തങ്ങ
മേപ്പാടി
നെല്ലിയാമ്പതി
ചെങ്ങറ
എല്ലാം കോർത്ത്
തുന്നിക്കെട്ടി ഒഴിവു നേരങ്ങളിൽ വെറുതെ മറിച്ചുനോക്കി രസിക്കാം””

കവിതയിൽ ജീവിത രാഷ്ട്രീയം പടരുന്നതിന്റെ അതിസൂക്ഷ്മമായ
തെളിവുകൾ!
നിരന്തര ജാഗ്രതയുടെയും പരിശ്രമത്തിലൂടെയും ആർജ്ജചിച്ചെടുത്ത
ഒന്നാണ് കവിയിൽ.

======
ഇത് അത്രയെളുപ്പം മെനഞ്ഞെടുക്കാൻ ആവുന്ന രാഷ്ട്രീയ ജാഗ്രത അല്ല.
പുഴുക്കളുടെ ജീവിതം വായിക്കുന്നതുപോലെ പ്രയാസമേറിയ
മീനുകളുടെ വിശപ്പിനെ കുറിച്ച് ഓർക്കുമ്പോലെ ആയാസകരമായ,
കണ്ടുപിടിക്കപ്പെട്ട കാട്ടു പുല്ലുകളെ കുറിച്ച് ഓർക്കും പോലെ നിഗൂഢമായ,
നട്ടുച്ചയിൽ എരിയുന്ന മീസാൻ കല്ലുകളുടെ ഭാരത്തെക്കുറിച്ച്
ഓർക്കും പോലെ വേദനിപ്പിക്കുന്ന ഒന്നായി സെബാസ്റ്റ്യന്റെ കവിതയിൽ
ജീവിതം കടന്നു വരുന്നു.

സെബാസ്റ്റ്യന്റെ കവിതയിൽ ആകമാനം കവിയും മനുഷ്യനും
തമ്മിലുള്ള സംവാദങ്ങൾ കാണാം.

പൊടുന്നനെ ഒരു ചെറു തീനാളം എന്നിലേക്ക്…..
ഒരു മിന്നൽപിണർ ഉള്ളിനെ പിളരുന്നു
എന്ന വിധത്തിൽ അപ്രതീക്ഷിതമായാണ് ഈ കണ്ടുമുട്ടൽ. മണ്ണിലൂടെ
കുഞ്ഞുറുമ്പിന്റെ ജീവിതം പോലെ ആരോ മറന്നുവെച്ച
വിസിറ്റിംഗ് കാർഡിലെ വരികൾ പോലെ ആ സംവാദം കവിതയാകുന്നു.

“” പല ദിവസങ്ങളായി
നീ വേഷം മാറി വന്നു
പറയുന്ന ഭ്രാന്തുകൾ
ഇതുവരെ അനുഭവിക്കാത്ത കവിത
കുരിശു വരെയുള്ള ചെറുപുസ്തകം
ഉയർത്തി
നീ പുലമ്പുന്നു
ഞാൻ ഭൂമിയിലില്ല
നിൻറെ
വാക്കുകൾക്കായി…. ”

സ്വർഗ്ഗത്തിലെ ഒരു മരച്ചില്ലയിൽ പക്ഷിയായി മാറിയ മനുഷ്യൻറെ
ആത്മാവുണ്ട് കവിയിൽ.
ആരുമായി എപ്പോൾ വേണമെങ്കിലും മാറാവുന്ന മനുഷ്യരുടെ നിഴലാണ്
അയാൾ.
മനുഷ്യന് സ്വന്തം മുഖം ഇല്ല എന്ന് അയാൾ പറയുന്നു

പെട്ടെന്ന് ഞാൻ
അരൂപിയായി
നിൻറെ തിരുനെറ്റിയിലെ തൃക്കണ്ണായി മാറുന്നു.
ഇത്
ഭൂമിയുടെ നെറ്റിത്തടം

എന്നയാൾ എഴുതുന്നുണ്ട്. കവിതയിൽ നിറഞ്ഞിരിക്കുമ്പോഴും
കവിതയിൽനിന്ന് വിമോചിക്കപ്പെടാനുള്ള നിരന്തര ജാഗ്രത ഉണ്ട് കവിയിൽ.
കവിതയിൽ ചിലപ്പോൾ ഏറെ വൈകാരികമായും ചിലപ്പോൾ
നിസ്സംഗനായും ചിലപ്പോൾ ആത്മപ്പെട്ടും കവി നിലനിൽക്കുന്നു

രാവിലെ മരിച്ചു
വൈകുന്നേരം
അടക്കി
ഇടയ്ക്ക് ചിലർ
വന്നു പോയി
രാത്രിയായി
പിന്നെ പുലരിയും
എല്ലാം പതിവുപോലെ
എന്ന് കിളികൾ ചിലച്ചു
ജീവിതമേ
നീ
എത്ര
ചെറുത്”

എന്നെഴുതുന്നത് അതുകൊണ്ടാണ്.

If whole World, I once could see on free Soil
stand with the people free.
Then to the moment might say higher awhile so fair thou art.

കലയുടെ സ്വീകാര്യതയെ പറ്റി ഗോദേ പറഞ്ഞ വാക്കുകളാണ് ഇത്.
ലോകം കാണാനാകുമെങ്കിൽ അത് കലയിലൂടെ ആയിരിക്കും
കവിതയിലൂടെ ആയിരിക്കും എന്ന് ഉറപ്പിച്ച കവിയാണ് സെബാസ്റ്റ്യൻ.
ഈ ചിന്തയിൽ കാലവും ഒരു അടിസ്ഥാന ഘടകമാണ്. കവിതയും
കാലവും ഇടപെടുന്നത് ആഖ്യാനത്തിലെ കർതൃത്വ രൂപീകരണത്തിന്റെ
ഭാഗമായാണ്.
ഇരുട്ട് പിഴിഞ്ഞ് എന്ന കവിതയിൽ അത് പ്രകടമാണ്.

“രാത്രി മുഴുവൻ
പഴന്തുണി മുക്കി
ഇരുട്ടിനെ കുറേശ്ശെയായി
പിഴിഞ്ഞൊഴിച്ചുകൊണ്ടിരുന്നു
വീടിനു പിന്നിലെ
ടാങ്കിൽ

ഏറെ പണിപ്പെട്ടു…
മെല്ലെ
വെളുത്തു വെളുത്തു വന്നു
ആകാശവും ഭൂമിയും.
മടിയോടെ ഉദിച്ചുവന്ന
സൂര്യൻ
മരച്ചില്ലകൾക്കിടയിൽ നിന്നും
ഈർഷ്യയോടെ
എന്നെ നോക്കി.

വെളുപ്പിച്ചെടുത്ത
ഭൂമിയെ നോക്കി
സ്വയം മറന്നു ഞാൻ.
ഉച്ച വൈകുന്നേരം
സന്ധ്യ ഒന്നും അറിഞ്ഞില്ല,
വീടിനു പിന്നിലെ ടാങ്കിൽ മൂടിവെച്ച
ഇരുട്ട് പതുക്കെ പുറത്തേയ്ക്ക്
ഒഴുകിപ്പരന്നുകൊണ്ടിരുന്നതും.

കയറിവന്നു അത്
രണ്ടു കണ്ണിലേക്കും.
തപ്പി നടന്നു
പഴയ പഴന്തുണി”

രാത്രിമുഴുവൻ ഇരുട്ടിനെ പിഴിഞ്ഞൊഴിക്കുന്ന കവി ഇടപെടുന്നത്
കാലത്തിൻറെ ചരിത്രത്തിൽ കൂടിയാണ്.

‘’ആയുധങ്ങളിൽ
മൂർച്ച പോലെ
നമ്മുടെ ഓരോ മനസ്സിലുമുണ്ട്
പ്രതിജ്ഞാബലത്തിന്റെ
തീഷ്ണ നിശബ്ദത’’

എന്ന് കെജിഎസ് എഴുതുന്നുണ്ട്.
കാലവുമായി കവിതയെ ചേർത്തുവെക്കുമ്പോൾ സാധ്യമാകുന്ന
ആത്മവിമർശനം സെബാസ്റ്റ്യനിലും തെളിയുന്നുണ്ട്.
1980കളുടെ ഒടുക്കവും തൊണ്ണൂറുകളുടെ തുടക്കത്തിലും ആയി
മലയാളകവിതയിൽ ഉണ്ടായ മുഖ്യമായ മാറ്റങ്ങളിൽ പ്രധാനം ദൃശ്യപരത
ആയിരുന്നല്ലോ!
പുതിയ ഭാവുകത്വത്തിന്റെ അടയാളങ്ങൾ, ആശയങ്ങളുടെ സ്ഫോടനാത്മകത,
തൊട്ടറിയാൻ ആവുന്ന ബിംബ സമൃദ്ധി,പുതിയ രൂപഭാവ പ്രവണതകൾ
ഇതെല്ലാം സെബാസ്റ്റ്യന്റെ തലമുറയിലെ കവികൾ കവിതയിലേക്ക്
കൊളുത്തി വിട്ട പുതുമകളാണ്.

“ഈ നിയമം
ലളിതമാണ്
ഓരോ അനുഭവവും ആവർത്തിക്കുന്നു
അല്ലെങ്കിൽ അത് അനുഭവവേദ്യമാകും വരെ സഹിക്കേണ്ടി വരികയും
ചെയ്യുന്നു ”

എന്ന് ബെൻ ഓക്രി എഴുതിയതുപോലെ അനുഭവിപ്പിക്കുന്ന ദൃശ്യങ്ങളായാണ്‌
സെബാസ്റ്റ്യൻ കവിതയിൽ കാലത്തെ അടുക്കുന്നത്. കവിതയുടെ
ആന്തരിക ശരീരത്തിലേക്ക് ആഖ്യാനത്തിന്റെ
സവിശേഷ അവയവമായി സെബാസ്റ്റ്യനിൽ വർത്തിക്കുന്നു.
അനുഭവിക്കും വരെ അതിതീക്ഷ്ണവും അനുഭവിച്ചാൽ ആത്മ പരവും ആണത്.

പായുകയാണ്
കടൽ തീവണ്ടി
എൻറെ പക്കൽ ചൂണ്ടയില്ല അതിനാൽ
എന്നെ എന്നിൽ തന്നെ കൊളുത്തി
ജാലകത്തിലൂടെ
നീട്ടി എറിഞ്ഞു ”

എന്ന് വേഗത്തെയും
(മീൻപിടുത്തം )

പകലുകളെ
കീറിയെടുത്ത്
രാത്രികൾ മാത്രം കൂട്ടിച്ചേർക്കാൻ
ആകുമോ
എടുത്തുമാറ്റിയ
പകലുകളെ എന്ത് ചെയ്യും?
ഒരിക്കലും അതിൻറെ
വെള്ളിവെളിച്ചം
പുറത്തുവരാതെ
ഏത് പാതാളത്തിൽ തള്ളും

എന്ന് പ്രതീതിയാഥാർഥ്യത്തെയും
(വേണ്ടത് മാത്രം )

ചർമ്മം നഷ്ടപ്പെട്ടാൽ
നീ സ്വതന്ത്രയാകും
ഭാരങ്ങൾ നീക്കി
തീർത്തും നഗ്നയാകും
ധർമ്മത്തിൽ നിന്നും മാത്രം
എൻറെ രാജ്യവും
രാജ്യഭാരവും എടുത്തു മാറ്റട്ടെ
ഒറ്റയ്ക്ക് ഭരിച്ചും വാണും ജീവിക്കാൻ ”

എന്ന് രാഷ്ട്രീയത്തെയും
(വെന്നിക്കൊടി )

“ആരുടെ ആജ്ഞ കൊണ്ടാവും നിശബ്ദത വർദ്ധിക്കുന്നത് “?
എന്ന് അധികാരത്തെയും (അചരം )

“എല്ലാം ശരിയായെന്ന പോലെ നിറയെ കായ്ച്ചിരിക്കുന്നു പുളിമരം
വീടെത്താനുള്ള
ഒരു തിടുക്കം ഉണ്ട് ആ നിൽപ്പിലും (പുളിമരം)
എന്ന് ചരിത്രത്തെയും കവി ആവിഷ്കരിക്കുന്നു

പുളിമരം എന്ന കവിത മനുഷ്യവംശത്തിന്റെ ചരിത്രത്തെ
അടയാളപ്പെടുത്തുന്നു. ജീവിതയാത്രയിൽ ഇതെല്ലാം മതിയെന്ന്
രാത്രി വാനം വിളിച്ചുപറയുന്നത് നിശബ്ദമായി കവി കേൾക്കുന്നു

“ഗ്രാമത്തെ
ഒപ്പിയെടുക്കാൻ
ഒരു മേഘത്തിന്റെ
ഹൃദയത്തിന് കഴിയും
ഒരാൾ അവിടെ പാർക്കുന്നത് കൊണ്ട്”

എന്ന്”” അങ്ങനെ അവസാനിക്കുന്നത് ”എന്ന കവിതയിലുണ്ട്.

അകലെ ഒരിടത്ത്
അല്ല
പലയിടത്തു
ഒരുവൻ
അല്ല ഒരുപാടുപേർ ഓരിയിടുന്നു
മുരളുന്നു

എന്ന് കവർസ്റ്റോറിയിലും. മനുഷ്യനായി ജീവിക്കേണ്ടി വരുമ്പോഴും
പ്രപഞ്ചത്തിലെ ഒരു ജീവി എന്ന നിലയിലുള്ള അതിജീവനത്വര
കവിയിൽ ഉണ്ട്.

പ്രകൃതിയും മൃഗജീവിതവും ഓർമ്മകളും ചരിത്രവും ബോധത്തിലേക്ക്
കവിയെ കോർത്തു വെക്കുന്നു.

അത് ജൈവികമായ പ്രതിരോധ പ്രവർത്തനം ആയി മാറുന്നു.

മനുഷ്യനും മൃഗങ്ങൾക്കും പൂവിനും പുല്ലിനും പുഴുവിനും ഉള്ള
ജീവിതാവകാശം ആണ് അത്.

“വിശാല തീരത്ത്
സന്ധ്യ വിരിച്ച
സ്വർണ്ണ പരവതാനി.

പല വേഷങ്ങൾ അണിഞ്ഞ്
നായ്ക്കൾ
നിറഞ്ഞെത്തുന്നു
അല്ല
മനുഷ്യർ.
ഒന്നും ശ്രദ്ധിക്കാതെ
ഒന്നുമറിയാതെ
തീരത്തുറങ്ങുന്നു
മനുഷ്യർ
അല്ല നായ്ക്കൾ!

ഇവിടെ മനുഷ്യനും നായയും ഒന്നാവുന്ന അപൂർവ്വ പ്രപഞ്ച ദർശനമാണ്.
സെബാസ്റ്റ്യൻ തന്റെ കവിതയിൽ ഇടം കൊടുക്കുന്ന തിരസ്കൃത
പ്രാതിനിധ്യങ്ങൾക്ക് ഏറെ പ്രസക്തിയുണ്ട്. കലപ്പയുമായി
ഇറങ്ങുന്ന കർഷകനും രൂപാന്തരപ്പെടുന്നവനും
തൊണ്ടയിൽ തടഞ്ഞ വാക്കിൽ കൊളുത്തിനെ മറക്കുന്നവനും
സെബാസ്റ്റ്യന്റെ കവിതയിൽ ഒരാളാണ്.
തൻറെ കാലത്തെയും തനിക്ക് മുന്നിലും പിന്നിലും ഉള്ള കാലത്തെയും
അടയാളപ്പെടുത്തുക മാത്രമാണ് കവിയുടെ ദൗത്യം.
അത് ഭാഷയിലൂടെയും ആഖ്യാനത്തിലൂടെയും കവി നിർവഹിക്കുന്നുണ്ട്.

തുരന്ന് തുരന്ന് മണ്ണിൻറെ സ്വർഗീയതകളിലേക്ക് പോകാനാണ്
കവിക്ക് താല്പര്യം. നാഗരികതയിൽ നിന്ന്
കവിത എന്ന സത്യത്തിന്റെ മൊട്ടുകളെ കവി പ്രതീക്ഷിക്കുന്നു

“എല്ലാം പൊളിച്ചു
മാറ്റിയെങ്കിലും
പുകക്കുഴൽ മാത്രം ബാക്കി നിന്നു
ഓട്ടുകമ്പനിയുടെ സ്മാരകം ആയിട്ടല്ല “”

എന്ന് കൃത്യമായി ഉറപ്പിച്ചു പറയുന്നുണ്ട് കവി.
എല്ലാ കലകളിലും വെച്ച് അത്യുത്തമം കവിതയാണെന്ന്
ഇമ്മാനുവൽ കാന്റിൻറെ അഭിപ്രായം ഓർക്കാം.
സെബാസ്റ്റ്യനിലും ഈ ഉദാത്തത കാണാനാവും

വൃക്ഷമേ എന്ന കവിത ശ്രദ്ധിക്കുക

വൃക്ഷമേ
തല്ലിയ പൂങ്കുലയെ
സ്നേഹിക്കുക, ഞാൻ അടർത്തിയ ഇലകളെ കൊത്തിയ വേരുകളെ
ചില്ലകളെ ചീന്തിയ തൊലിയെ
വാളുവച്ച തടിയെ
മണ്ണിനെ
ചൂടിയ വാനത്തെ…
സ്നേഹിക്കുക
എന്റെ വാളിനെ
കോടാലിയെ
ബന്ധുക്കൾ വിലപേശി വാങ്ങി
കിടത്തിയ ജഡത്തെ
ആറടി പണിത
മരപ്പണിക്കാരനെ വിൽക്കാൻ വച്ച
വ്യാപാരിയെ
അതിൽ
സ്നേഹിക്കുക.

ഇത്തരത്തില്‍ വിശാലമായ ജീവിതദർശനം കവി വരച്ചിടുന്നു .
സ്നേഹവും പ്രണയവും രതിയും കവിതയില്‍ ഒന്നാകുന്നു .
കാഴ്ചയും അനുഭവവും സ്പര്ശവും ഭാഷയുടെ ഞരമ്പുകളാകുന്നു

പാഞ്ഞുപോകുന്ന വാക്കുകൾ
…………………………………………….
തനിയെ തുറന്നതല്ല
വിരൽ
തൊട്ടു
ഇടത്തുനിന്നും
വലത്തോട്ട്
കണ്ണിനാൽ
അരിച്ചു
നോട്ടത്താൽ
ഇക്കിളിയിട്ടു

വിരൽ തൊട്ടു
വീണ്ടും

നനഞ്ഞ മുടിയിഴ
ഇഴയും പോലെ
ചെറു തൂവൽ
തൊട്ടുഴിയും പോലെ

സുഖ വേദന
ഏത് പുസ്തകം ഞാൻ
വായിക്കുന്നതാരാണ്?”

അവസാനത്തെ രണ്ടു വരിയാണ് കവിക്ക് എഴുതേണ്ടത്. കവിതയെ
ജീവിതത്തോട് കലർത്താതെ ജീവനില്ല സെബാസ്റ്റ്യനിൽ.

കവിതയിലും ജീവിതത്തിലും പ്രണയത്തിൻറെ അതിനിഗൂഢമായ
ഇമയനക്കങ്ങളിലൂടെ കവിതയിലേക്ക് അയാൾ കടക്കുന്നതിന്
സൂക്ഷ്മതയാണ്‌ വെളിപ്പെടുക.

കണ്ണിനാൽ അരിച്ചു എന്ന പ്രയോഗം!,നനഞ്ഞ മുടി ഇഴയും പോലെ
എന്ന ഭാവന! കവിതയിൽ അടിമുടി മുങ്ങിക്കിടന്നു കവി പ്രണയത്തെ
വരച്ചെടുക്കുകയാണ്.

“”മകരം തരുന്ന കുളിര്
നീ എനിക്ക് തന്ന ഉമ്മകളുടെ കാരുണ്യമാവാം ”

എന്ന കരുണയിൽ പ്രണയം പടരുകയാണ്. അഴകിന്റെയും മോദത്തിന്റെയും
വസ്ത്രങ്ങൾ ഭാഷക്കും ഭൂമിക്കും ആഴത്തിൽ ഹൃദയങ്ങൾക്കും നൽകുന്നു
എന്ന തിരിച്ചറിവിലാണ് സെബാസ്റ്റ്യന്റെ കവിതകളിലെ ഉണ്മ കുടികൊള്ളുന്നത്.

എല്ലാം പൊളിച്ചു മാറ്റിയെങ്കിലും പുകക്കുഴൽ മാത്രം ബാക്കിനിൽക്കുന്ന
ലോകത്ത് നിലനിൽപ്പിന്റെ ഒടുവിലത്തെ ആധാരം പ്രണയവും
സഹജീവിസ്നേഹവും ആണ് കവിക്ക്.
അതുകൊണ്ടാണ് ചെറിയവരുടെ കവി ശിക്ഷകൾ ആകുന്നവരെ
കവി സ്വയം മുറിഞ്ഞു സ്നേഹിക്കുന്നത്.

ഏറ്റവും പുതിയ കവിതയിൽ ആഖ്യാനത്തിലും ഭാഷയിലും കടന്നുവരുന്ന
നവാനുഭൂതികളുടെ തെളിവുകൾ സെബാസ്റ്റ്യനിൽ സമൃദ്ധമായുണ്ട്.

” തൊണ്ടയിൽ തറഞ്ഞ വാക്കിൻ കൊളുത്തിനെ
മറന്നു
ശബ്ദമില്ലാതെ
ഉച്ചരിച്ചു
പലഭാഷകൾ പിന്നെ വ്രണമായ് വിഴുങ്ങാനോ
തുപ്പാനോ വയ്യാതെ
ചൂണ്ടലുമായിരിപ്പൂ
പുതുവാക്കിനെ
ഉച്ചരിച്ചരിച്ചൊരു
വെട്ടു വെട്ടുവാൻ ”

ഇതൊരു രാഷ്ട്രീയജാഗ്രതയാണ്. ജീവിതത്തിൽനിന്ന് അനുഭവത്തിലേക്ക്,
കവിതയിലേക്ക്,ഭാഷയിലേക്ക് കടന്നിരിക്കുമ്പോഴും കൊല്ലപ്പെടാനുള്ള
മനുഷ്യൻറെ ശ്വാസം സംരക്ഷിക്കാനാണ് സെബാസ്റ്റ്യന്റെ കാവ്യനീതി
ജാഗ്രത പുലർത്തുന്നത്. ആഴങ്ങളിൽ ഊളിയിട്ട് കവി കണ്ടെടുക്കുന്നത്
കാലത്തിൻറെ അതീവ നൂതന സാധ്യതകൾ ആണ്. കവിതയിൽ
എത്തുമ്പോൾ അത് സമകാലികവുമാകുന്നു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

2 COMMENTS

  1. ശ്രദ്ധേയനായ കവിയ്ക്ക് രോഷ്നി സ്വപ്നയുടെ ശ്രദ്ധേയമായ പഠനം.

  2. കവിയുടെ വരികളിലൂടെ ആഴത്തിൽ സഞ്ചരിച്ചു,
    നന്നായി ആസ്വദിച്ച കുറുപ്പ്.. കവി ഹൃദയമുള്ള ഒരാൾക്കേ കവിത ആസ്വദിക്കാനാവൂ.. പരിചയപെടുത്തിയ കവിതകൾ വായനക്കാരനുമായി സംവദിച്ചുകൊണ്ടിരിക്കും

LEAVE A REPLY

Please enter your comment!
Please enter your name here