കവിതയുടെ കപ്പൽ സഞ്ചാരങ്ങൾ
പി. എ നസിമുദീന്റെ കവിതകള്‍
The law is simple.
Every experience is repeated or
suffered till you experience it
properly and fully
the first time.”
― Ben Okri,
ഭാഷയിൽ ആ ഭാഷയുടെ തന്നെ സവിശേഷമായ വിചേദങ്ങളെ ആവിഷ്കരിക്കുകയും എന്നാൽ ആ ഭാഷയായി തന്നെ തുടരുകയും ചെയ്യുന്ന വൈരുധ്യത്തെ കുറിച്ച് ഒരു ചൈനീസ് കവിതയുണ്ട്. വരികൾ ഓർമ്മയില്ല. വായിച്ചത് മാത്രമുണ്ട് ഓർമ്മയിൽ.
ഭാഷയുടെ നിയമ വ്യവസ്ഥകളിൽ നിന്ന് പുറത്തുകടക്കാൻ അതേ ഭാഷയിൽ നിൽക്കുകയാണ് കവി. പൊഴിഞ്ഞ പൂവിനെ കുറിച്ച് കൂടി പറയാതെ പൂവിൻറെ സ്വാതന്ത്ര്യത്തെക്കുറിച്ചോ ചലനത്തെക്കുറിച്ചോ ചിന്തിക്കാനാവില്ലല്ലോ!
“ചക്രവാളത്തിനപ്പുറം ചൂടുകൾ
ഞെട്ടി വന്നു പിറന്ന നക്ഷത്രമേ
നീയുണരൂക വാനിലിപ്പാരിന്റെ ചോരയൂറ്റുവാൻ
നാഡി തുടിക്കുവാൻ ”
എന്നാണു പി. എ.നാസിമുദ്ദീന്‍ എന്ന കവിയെക്കുറിച്ച് എഴുതുമ്പോള്‍ ഓര്‍മ്മയില്‍ വരുന്ന വാക്കുകള്‍ .
പി എ. നാസിമുദ്ധീനെ പരിചയപ്പെട്ടപ്പോൾ സെബാസ്റ്റ്യനും അയ്യപ്പനും കൂടെയുണ്ടായിരുന്നു.
ഒന്നും മിണ്ടിയില്ല.
” കവിതയെഴുതുമ്പോൾ സന്തോഷമുണ്ടോ? ”
എന്നോട് ചോദിച്ചു
“ഇല്ല, ഒരുന്മാദമുണ്ട് ”
കവി ചുറ്റും നോക്കി.
ആകാശത്ത് ഇലകൾ തിരയും പോലെ….
ഉത്തരം തൃപ്തികരമായിരുന്നിരിക്കാം. ഒന്നും മിണ്ടാതെ പോയി.
ഞാൻ ഒരു മനുഷ്യനെ കണ്ടു.
“ദൈവവും കളിപ്പന്തും” എന്ന പുസ്തകത്തിൽ ഒരു കവിതയുണ്ട്
“”ഈ രാത്രി പറയുന്നു.
മനുഷ്യനായിരിക്കുക
എത്ര രസകരമാണ്.
എയ്യാനൊരുങ്ങിയ
അമ്പുകൾ പോലെ.
ചരാചരങ്ങൾ
ആകാശത്തിനു നേരെ
കൂർത്ത് നിൽക്കുന്നു.
ഭൂമിയെ
കഴുകാനുള്ള
ആർത്തിയോടെ….
കടൽത്തിരകൾ
ആഞ്ഞടിക്കുന്നു.
ഭൂമിക്കടിയിൽ
നടപ്പിലാക്കപ്പെടുന്ന
നിയമങ്ങൾ
മനുഷ്യൻറെ
കാലുകളെ
പൊള്ളിക്കുന്നു
ജീവിക്കുന്നു
ജീവിതത്തെ
ജീവിതയോഗ്യമാക്കുന്നു
…………………………………………………..
ഈ രാത്രി
ഞാനറിയുന്നു
മനുഷ്യനായിരിക്കുക
എത്ര രസകരമാണ്””
മനുഷ്യൻ എന്ന തോന്നലിനെ വെളിപ്പെടുത്തുകയാണ് ഇവിടെ.
നാസിമുദ്ദീന്‍റെ കവിത അടിമുടി സംസാരിക്കുന്നത് ഈ മനുഷ്യനെ ക്കുറിച്ചാണ്.
I am never afraid
to admit the fact
. I declare, I am human.
I struggle still with സച്
common things.
believe you me
I am human.
എന്ന ഡോൾസൻ മൊറായ്നിന്റെ കവിതപോലെ നാസിമുദ്ദീനിലുമുണ്ട് “മനുഷ്യൻ മനുഷ്യൻ” എന്ന് ഉരുവിട്ടുകൊണ്ട് ഇരിക്കുന്ന ഒരാൾ.
ഒരു മാസിക തേടി നടക്കുകയും അത് കിട്ടാത്തപ്പോൾ ഒരു കല്ലെടുത്ത് കീശയിൽ ഇടുകയും വീട്ടിലെത്തിയ ഉടനെ അത് നിവർത്തി വായിക്കാൻ ആരംഭിക്കുകയും ചെയ്യുന്നു അയാൾ. ഒരു ജ്ഞാനിയുടെയോ ജിപ്സിയുടെയോ അടയാളങ്ങൾ അയാളില്‍ നമുക്ക് വായിച്ചെടുക്കാം
പക്ഷേ
‘’പെട്ടെന്ന്
നോക്കുന്നവനെക്കൂടി
പശ്ചാത്തലത്തിൽപ്പെടുത്തുന്ന
ഒരു ഭ്രമാത്മക ചിത്രം പോലെ
പ്രപഞ്ചം എനിക്ക് ചുറ്റും നിന്ന
ആ നിമിഷം
ഞാൻ ആ കല്ല്
ജനലിലൂടെ
പുറത്തേക്ക് വലിച്ചെറിഞ്ഞു’’
എന്നാണ് പിന്നീട് കവിതയിൽ. ഇതൊരു വ്യവസ്ഥയെ നിഷേധിക്കലാണ്. നിലനിൽക്കുന്ന എല്ലാ വ്യവസ്ഥകളിലും വസ്തുവിനെക്കുറിച്ചും വസ്തുതകളെക്കുറിച്ചും നിലനിൽക്കുന്ന ചില നിയത ധാരണകളുണ്ട് . നിരന്തരം നിഷേധിച്ചും അതിനെതിരെ കലഹിച്ചുമാണ് കാവ്യനീതികൾ രൂപപ്പെട്ടിട്ടുള്ളത്.
ഈ കാവ്യനീതികളെത്തന്നെ ചില അബോധങ്ങളിൽ തളച്ചിടാനാണ് സാമാന്യ ലോകം ശ്രമിക്കുന്നത്. അതിനെയും മറികടക്കുന്നിടതാണ് കവിത സാധ്യമാകുന്നത്.
What is now proved was once only imagined എന്ന് വില്യം ബ്ലൈക് പറയുന്നുണ്ട് .ഭാവനയും യഥാര്ത്യവും ഇടകലരുന്ന കവിതയുടെ ഇടങ്ങള്‍ ആര്‍ക്കാണ് നിര്‍വചിക്കാനാകുക !ബോധാബോധങ്ങളില്‍ നിന്നുന്കവി പുരത്തുകടക്കണേ ആഗ്രഹിക്കുന്നില്ലല്ലോ .ഈ ഇടകലര്‍ച്ച അയാളെക്കൊണ്ട് നിരന്തരം എഴുതിപ്പിക്കുകയാണല്ലോ !
”Revolution in poetic language ‘ എന്ന പുസ്തകത്തിൽ അനുഭവത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഒരു ലേഖനമുണ്ട്. എക്സ്പീരിയൻസ് ഈസ് നോട്ട് പ്രാക്ടീസ് എന്നാണ് അതിൽ പറയുന്നത്.
അവൻ ഗാർഡ് പാഠങ്ങൾക്കുള്ളിൽ നിലനിൽക്കുന്ന പ്രാതിനിധ്യങ്ങൾ പേറുന്ന ഒരു അവസ്ഥയുണ്ടെന്നും അത് കണിശമായും corporeal ആണ് എന്നും, യഥാതതമാണെന്നും ലേഖനം പറയുന്നു.
രണ്ട് പദങ്ങൾ പ്രശ്ന വിധേയമാകുന്നു.
“signifying experience”, “signifying practice ”
മനുഷ്യാവസ്ഥയുടെ അനുഭവതലങ്ങളെ ഈ രണ്ട് തുലനാവസ്ഥകളിലൂടെ ചേർത്ത് വായിക്കുമ്പോൾ, അനുഭവത്തിന്റെ തന്നെ വിഭിന്ന തലങ്ങൾ തെളിഞ്ഞു വരും.
Experience, practice.
എന്ന രണ്ടു വാക്കിൻറെ സമതുലിതമായ അർത്ഥമാണോ അനുഭവം പരിശീലനം എന്നത് കൊണ്ട് നമുക്ക് കിട്ടുക? അറിയില്ല.ഈ വ്യത്യാസം ചിലപ്പോള്‍ നാസിമുട്ദീന്റെ കവിത ചര്‍ച്ച ചെയ്യുന്നു .
“”ഈ രാത്രി പന്ത്രണ്ട് ആണെന്ന് ആരാണ്
എന്നോട് പറഞ്ഞത്
ഇത് നട്ടുച്ചയായിരിക്കാം പാതിര
അല്ലെങ്കിൽ
വെളുപ്പാൻകാലം”
(സ്കിസോഫ്രീനിയ )
എന്ന മട്ടിൽ ഒഴുക്കൻ ആകാം ഈ അനുഭവം.അല്ലെങ്കിൽ
“അപ്പോഴീകവിത
എഴുതുന്നത് ആരാണ്?
ഞാനോ പ്രേതമോ നിഴലോ”?
എന്നമട്ടിൽ അത്രമേൽ കലർച്ചയുള്ളതാവാം. എങ്ങോട്ടാണ് ടിക്കറ്റ് എടുത്തിരിക്കുന്നത്? എവിടെയാണ് ഇറങ്ങേണ്ടത് എന്നമട്ടിൽ സംഘർഷാത്മകവുമാവാം. ഇത് അവനവനെ മറ്റൊരാൾ ആക്കുകയല്ല, പലതായി പടരുകയും അല്ല.
പോർട്ടുഗീസ് കവിയായ ഫെർണാണ്ടോ പെസോവയിലാണ് ഈ പകർച്ച ഉള്ളത്(heterogenity )
ആ ഗണത്തിൽ പെടുന്ന കവിതയാണ് സ്‌കിസോഫ്രീനിയ.
രാത്രിക്ക് ദൂരെ ഉയരുന്ന നിലവിളിയിൽ ഒരുത്തന്റെ മരണം മണക്കുകയാണ്. ഞാനാണോ കൊലയാളി എന്ന് സംശയിക്കുന്നു കവി. നിലനിൽക്കുന്ന അവസ്ഥയിലാണ് ക്രമരാഹിത്യം സംഭവിക്കുന്നത്. അത് സംശയനിവാരണത്തിനലേക്ക് എത്തുന്നു.
അപ്പോഴും ആരോട് ചോദിക്കാൻ എന്ന പ്രശ്നം ബാക്കിയാവുന്നു.
ചോദിച്ചാൽ കേൾവിക്കാരൻ ഞാൻ തന്നെയായി മാറില്ലേ എന്ന ആശങ്കയാണ് ഉള്ളത്. മനുഷ്യൻ എന്ന നിലയിൽ ഒരാൾ അനുഭവിക്കുന്ന പ്രശ്നത്തെ ദൈവത്തിലേക്ക് പരിവർത്തിപ്പിക്കുന്നുണ്ട് ദൈവവും കളിപ്പന്തും എന്ന കവിത.
പ്രപഞ്ചഭാവിയെക്കുറിച്ചുള്ള സങ്കീർണമായ ചിന്തകൾക്ക് ശേഷം ഉറങ്ങാൻ പണിപ്പെടുകയാണ് ദൈവം. ഭൂമിയിൽ കളിപ്പന്തുമായി ഓടിക്കളിക്കുന്ന ഒരു കൊച്ചുപയ്യന്റെ ശിരസ്സിൽ ദൈവം ജ്ഞാനത്തിന്റെ ഒരു തുള്ളി ഏകുന്നു.
കളിക്കളം വിട്ടു ഏകാന്തതയിലേക്ക് കയറി പോവുകയാണ് ദൈവം.
ഇങ്ങനെ കയറി പോയ കുട്ടിയാണ് കവി.
അറിഞ്ഞതെല്ലാം
അവനറിയാത്തതിനെ അറിഞ്ഞു
അറിയാത്ത വഴിയിൽ
അറിയാത്തവയിൽ
പിന്നെയും
അറിയാത്തതിനെ
അറിഞ്ഞു ”
അവനിൽ ഏകാന്തത കൂട് കെട്ടുന്നത് കാണാം.
ഒരിക്കൽ ഓർമ്മയില്ലാതെ അവൻ അലറുന്നുണ്ട്. പ്രപഞ്ചം ശൂന്യമാണെന്ന് കണ്ട് അവൻ അസ്വസ്ഥനാകുന്നുണ്ട്. അവൻ കുടിച്ച വിഷം അവൻറെ ഉഷ്ണത്താൽ നീരാവി ആവുകയും,അവൻ കെട്ടിയ കുരുക്ക് അവന്റെ തന്നെ കൈകളാൽ അഴിഞ്ഞുവീഴുകയും ചെയ്യുന്നുണ്ട്. കൈകളിൽനിന്ന് കൈവിട്ടുപോയ പന്തിനു വേണ്ടി അവൻ ദൈവത്തോട് കെഞ്ചുന്നു.
” ദൈവമേ ദൈവമേ ഈയിടെയായി
എനിക്ക് എന്തോ സംഭവിക്കുന്നു
കഴിയുമെങ്കിൽ
ഉരുട്ടിക്കളിച്ചിരുന്ന ആ പഴയ
കളിപ്പന്ത് തിരിച്ചു തരിക “”
മനുഷ്യൻറെ ആനന്ദങ്ങളില്‍ ദൈവം അസ്വസ്ഥമാക്കുന്നത് എന്തുകൊണ്ടാണ്? തൻറെ മറ്റൊരു രൂപമായി ദൈവത്തിന് മനുഷ്യനെ തിരിച്ചറിയാനാവാതെ പോകുന്നുവോ ?
പ്ര ച്ഛന്നനായ
മനുഷ്യനിലും
ഒരു ബുദ്ധൻ ഉണ്ട്
എന്ന് കൽപ്പറ്റ എഴുതുമ്പോലല്ലല്ലോ അത്
ഇതുപോലെ സൂക്ഷ്മമായ ചില സത്യങ്ങൾ .,പരസ്യങ്ങൾ ,അനക്കങ്ങൾ നാസിമുദീന്റെ കവിതകളിൽ നിന്ന് കേൾക്കാം ,കാണാം .
ഒന്നു മുന്നോട്ടു കുതിച്ചാൽ അറുത്തു പോകുന്ന ഞരമ്പുകൾ,അറ്റ് പോകുന്ന ജീവൻ ,പറയുന്ന വാക്ക് ,ഉന്മാദം കൊള്ളുന്ന അക്ഷരങ്ങൾ ,ഒളിഞ്ഞിരിക്കുന്ന അർത്ഥം, ഇലകൾക്കിടയിൽ അനക്കമുണ്ടെന്ന തോന്നൽ പോലെ, പ്രാണൻ വെളിച്ചത്തിന്‍റെ ഞരമ്പുകളിലേക്ക് പ്രവേശിക്കുകയാണ്. അതിതീവ്രമായ ഉന്മാടതിന്റെ കപ്പൽച്ചാലുകൾ ആകുന്നു അപ്പോള്‍ അയാള്‍ക്ക് കവിത .
ലോകത്തെ തീവ്രമായി സ്നേഹിക്കുന്ന സിംഹത്തെ പോലെയോ (പനിനീർപ്പൂവും നഖമുനകളും) വിദൂരങ്ങളെ അടുപ്പിച്ചു നിർത്തുന്ന ബസ്സുകൾ പോലെയോ രാത്രിക്ക് ദൂരെ കേൾക്കുന്ന നിലവിളി കുത്തിമലർത്തിയവന്റെ ആകുമൊ എന്ന സംശയം പോലെയോ അല്ലെങ്കിൽ കൊലചെയ്യപ്പെട്ട പെങ്ങളുടെതാകുമോ ആ നിലവിളി എന്ന ആശങ്ക പോലെയോ
കാഴ്ചക്കാർ ഉപേക്ഷിച്ചുപോയ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഒരാൾ ഒരു വാക്ക് എടുക്കും പോലെയൊ ആവാം അത്
കവിതയുടെ ,അത്രമേൽ ഒളിഞ്ഞിരിക്കുന്ന ഇടങ്ങളിൽ നിന്നാണ് നാസിമുദ്ദീൻ വാക്കുകളെ കണ്ടെത്തുന്നത് .കവിയുടെ ശ്രമങ്ങളാണ് പിന്നീട് നാം കാണുക .അങ്ങേയറ്റവും ഇങ്ങേയറ്റം ഒന്നിച്ചു നിൽക്കുന്ന വൈരുധ്യങ്ങൾ ഏറെയാണ് നാസിമുദ്ദീന്‍റെ കവിതകളില്‍ . ഏറ്റെടുക്കലോ നഷ്ടമോ എന്തുമാകട്ടെ ,അത് കവിതയാകുന്നു എന്നതാണ്
പർവതത്തെ
ധ്യാനിച്ചപ്പോൾ
.മണൽത്തരിയുടെ
സ്നേഹം നഷ്ടമായി
വിജയത്തെ പറ്റി
ഓർത്തു നടക്കുമ്പോൾ
പെൺകുട്ടിയുടെ
ചുംബനം കിട്ടാതായി
(നഷ്ടം )
ഭൂമിയിൽ
അഴുക്കുചാലുകളും
ഓടകളും സ്പർശിക്കാത്ത,
വെയിലും മഞ്ഞും
വിരസതയുമാകുന്ന
ലോകത്ത് കവി
മറ്റൊരാളെ
കണ്ടെത്തുന്നു.
അയാളിൽ
ആശ്വസിക്കുന്നു.
നീയുള്ളിടത്തോളം
ഈ ലോകം
ജീവിതാർഹമാണ്
എന്ന് തിരിച്ചറിയുന്നു
അങ്ങനെ
ആശ്വസിക്കുന്നു.
ഭാഷയെ ഒരു വിത്ത് പോലെയാണ് നാസിമുദ്ദീൻ സൂക്ഷിക്കുന്നത്.പതിയെപ്പതിയെ അതിനെ വിളയിച്ചെടുക്കുകയാണ്.
പ്രയോഗിക്കുമ്പോൾ, കൂട്ടിച്ചേർക്കുമ്പോൾ, വിഛേദിക്കുമ്പോൾ…..
ഒക്കെത്തന്നെ ഈ സൂക്ഷ്മത പ്രകടമാണ്.അതേസമയം തണ്ടോടടർന്നു പോകാനുള്ള ഞെട്ടിന്റെ പ്രവണതയും ശക്തം തന്നെ.
ഒട്ടും പരിചയമില്ലാത്ത ഊടുവഴികളിലേക്ക് കവിത നടന്നുനീങ്ങുന്നത് നമുക്ക് കാണാം.
“ശിരസ് നഷ്ടപ്പെട്ട്
ചർമമടർന്ന
കോൺക്രീറ്റ്
മത്സ്യകന്യകയുടെ
മുതുകിലൂടെ കുഞ്ഞുങ്ങൾ വഴുതി ഇറങ്ങുന്നു. “”
എന്ന സ്വപ്നം കാണാനും
“കാഴ്ചക്കാർ
ഉപേക്ഷിച്ചുപോയ
അവശിഷ്ടങ്ങളിൽ
നിന്ന് അയാൾ
ഒരു വാക്കിനെ
എടുക്കുന്നു
മറുവാക്കുകൾ
അതിൽ
തീയുണർത്തുന്നു “”
എന്നു സങ്കൽപ്പിക്കാനും
തൻറെ ഭീമ ഭാവനയുടെ
വാലിൽ
തീ പടർത്തുന്നവനിലേക്ക്
അകാലത്തിൽ വിഗതനായ ശിൽപ്പിയുടെ
കരങ്ങളുടെ
ആക്കം
ഭൂമിക്കടിയിൽ
കട്ടപിടിക്കുന്നു “”
എന്ന് മുന്നറിയിപ്പ് തരാനും കവിക്ക് കഴിയുന്നത് ഈ വക മാറിനടത്തം കൊണ്ടാണ്.
കവിതയെക്കുറിച്ചുള്ള നാസിമുദ്ദീൻറെ കാഴ്ചപ്പാട് വ്യത്യസ്തമാണ്. ഭ്രാന്തും ചുഴലികളും നീന്തി എത്തുന്ന മറുകരയാണ് അയാൾക്ക് കവിത.
അത് തന്നെയാണ് ജീവിതവും
ഒരു ചെറിയ
ആകാശം
ഒരു ചെറിയ കൂര
ഒരു ചെറിയ ജീവിതം
ചെറിയ കാലങ്ങളിൽ നിന്ന്
മഹാ കാലങ്ങളിലേക്കുള്ള
പടർച്ച..
ഇതിനിടയിൽ സ്വപ്നങ്ങളിലും പ്രതികാരങ്ങളിലും വശ്വസിക്കുന്ന ഒരു മനുഷ്യനായി ഈ പുണ്യവാളൻമാർക്കിയിൽ നിൽക്കുന്ന ഒരാളാണ് കവി. ഒഴിഞ്ഞു മാറ്റങ്ങളെ തീവ്ര ദുഃഖങ്ങളായി കാണുന്ന ഒരാളാണ് ഈ മനുഷ്യൻ. അയാള്‍ക്ക് ഒരേയൊരു അഭയം ജീവിതമാണ്.ഈ സംഘർഷത്തെ മറികടക്കാനാണയാൾ കവിത എഴുതുന്നത്.
ഉന്മാദത്തിന്റെയും അനുഭവ തീക്ഷണതയുടെയും തീവ്രതകൾ കൊണ്ട് അതിൻറെ കനം കവിതയിൽ കനക്കുന്നുമുണ്ട്.
പച്ചിലയും കാറ്റും, സ്നേഹാർദ്രമായി തിരിയുന്ന ഭൂമിയും, നക്ഷത്രങ്ങളുടെ അനന്തസ്മിതവും, നീൾമുടിയൂലഞ്ഞ മേലോട്ടു നോക്കുന്ന തിളങ്ങുന്ന കണ്ണുകളും ഉച്ചയുടഈ കവിതകളില്‍ നിറയുന്നു
.സ്വപ്നാലിംഗങ്ങളാൽ ജീവിതം മറന്ന ഭ്രാന്തൻറെ അർത്ഥമറിവിൽ,കോളും ഇരമ്പും കേട്ട് അയാൾ വെറുതെ ഇരിക്കുകയാണ്. ജീവിതം തന്നെയാണ് അഭയം എന്ന ഉറപ്പിൽ. ഈ ഉറപ്പാണ് അയാളെക്കൊണ്ട് കവിത എഴുതിക്കുന്നത്.
“അഭയം “”,””മനുഷ്യനെപ്പറ്റിയുള്ള ശുഭഗീതങ്ങൾ ”
തുടങ്ങിയ കവിതകളിൽ ഈ അവസ്ഥകൾ വ്യക്തമാണ്.
കവിതയിലേക്കുള്ള സൂക്ഷ്മ യാത്രകളിൽ വിരസതയിലേക്കുള്ള മയക്കങ്ങളിൽ നിന്ന് കവിയെ ഉണർത്തുന്നത്,ഭൂമിയിൽ വസ്ത്രങ്ങൾ അലക്കി എടുക്കുന്ന ശബ്ദമാണ്.
കവിക്ക്
ചുറ്റും എത്രഏറെ പറക്കങ്ങൾ! അനക്കങ്ങൾ….!ഒച്ചകൾ!
പറന്നു പോകുന്ന പക്ഷികൾ… സൂര്യനിലേക്ക് തല ഉയർത്തുന്ന മരങ്ങൾ…. യാത്രക്കാർ… സമ്മാനപ്പൊതികൾ…. നീറുന്ന വിരഹങ്ങൾ…ചുംബനങ്ങൾ…………. അണിഞ്ഞൊരുങ്ങിയ പെൺകുട്ടികൾ…. കുഞ്ഞുങ്ങൾ…..
ശ്ലഥ ബിംബങ്ങളുടെ യാത്രയാണ്.
പക്ഷേ കവി പറയുന്നത്
“” മനുഷ്യൻ എന്നെ സ്വാധീനിക്കുന്നു.
മനുഷ്യൻ എന്നെ
വീർപ്പുമുട്ടിക്കുന്നു ”
എന്നാണ്.
അഭിലാഷങ്ങളുടെ കിരീടമണിഞ്ഞ് വഴിയോരങ്ങളിലും വാഹനങ്ങളിലും കവിക്കയാളെ കാണാം.
സ്വന്തം ജാലകങ്ങൾ കൊട്ടിയടക്കുന്ന അവൻ ഈ മധ്യാഹ്നത്തിൽ ഒരു കുറ്റവാളിയായി തീരുമെന്ന് തന്നെ കവി ഉറച്ചു വിശ്വസിക്കുന്നുണ്ട്. കവിതയ്ക്ക് ഒരു രണ്ടാം ഭാഗം കൂടിയുണ്ട്” രാത്രി” എന്ന ഭാഗത്ത്
രാത്രി പറയുന്നത്
“മനുഷ്യൻ ആയിരിക്കുക
എത്ര രസകരമാണ്” എന്നാണ്
ഭൂമിക്കടിയിൽ
നടപ്പിലാക്കപ്പെടുന്ന
നിയമങ്ങൾ
മനുഷ്യൻറെ കാലുകളെ
പൊള്ളിക്കുന്നു
മനുഷ്യൻ നിർമ്മിക്കുന്നു
നിർമ്മിക്കപ്പെടുന്നു
ജീവിക്കുന്നു.
ജീവിതത്തെ
ജീവിതയോഗ്യമാക്കുന്നു
——–
മനുഷ്യൻ ആയിരിക്കുക
എത്ര രസകരമാണ്!
ആത്മപരതയെ മറികടന്നുകൊണ്ട് ജീവിതത്തെയും മനുഷ്യാവസ്ഥയെയും അനുഭവിക്കാനാണ് കവി ശ്രമിക്കുന്നത്.
ജ്ഞാനവ്യവസ്ഥയുടെ അസ്ഥിരതകളെയും അലങ്കാരികതകളെയും ചോദ്യംചെയ്യുന്ന കവിതയാണ് “ഉപനിഷത്ത്”.
അറിവ്/ ജ്ഞാനം സ്വാംശീകരിച്ചു കഴിഞ്ഞവർ അധികാരത്തെ പെരുവിരലിലേക്ക് ചുരുക്കി എടുക്കുന്നു എന്ന വിമർശനം ഈ കവിത തീവ്രമായി മുന്നോട്ടുവയ്ക്കുന്നു. എന്നിരുന്നാലും തർക്കങ്ങളിൽ മൗനിയായി ഇരിക്കുന്നവനാണ് കവി.
സൂര്യൻ ചിതറിവീഴുന്ന പകലിനെ നിഴലുകളിലും ദൈനംദിനതയുടെ വേഗ സമ്മർദ്ദങ്ങളിലും ഗൃഹാന്തരത്തിലെ ചെറു സ്നേഹ വിദ്വേഷങ്ങളിലും മറ്റൊരുവന്റെ ധ്രുവ വാസനകളിലേക്കും കലര്‍ത്തി ചേർന്ന് ഒന്നാക്കാനാണ് കവിയുടെ ശ്രമം.അതേസമയം എപ്പോൾ വേണമെങ്കിലും കണ്ടുമുട്ടിയേക്കാവുന്ന തൻറെ അപരനെ പേടിയുമാണ് കവിക്ക്
ഒരുവനിരിപ്പു
എൻ പാർശ്വത്തിൽ
കറുത്ത കുപ്പായക്കൈ
മറിച്ചും
കനത്ത മീശ
കവിളിൽ വിടർന്നുo
ഒളിഞ്ഞിരിക്കുന്ന അവൻ ഒരുപക്ഷേ ഒരു കൊലയാളിയായിരിക്കാം. അടുത്ത ഇരയെ കാത്തിരിക്കുകയായിരിക്കാം.
അടുത്ത ചുവടുവെക്കാതിരിക്കാൻ ആവാതെ,കോരി വിയർക്കുകയാണ് കവി. അടുത്ത ചുവടുവയ്ക്കാൻ ആവാതെ അപരന്റെ നിലവിളി കവിയെ കാർന്നു തിന്നുന്നുമുണ്ട്.
അപൂർവ്വമായ ഇത്തരം കണ്ടെത്തലുകൾ നാസിമുദ്ദീൻ കവിതകളിലെ തട്ടി മറിയലുകളിലേക്ക് കലരുമ്പോൾ,
തനതായ ഒരു അർത്ഥം വേറിട്ടു കിട്ടുന്നു.
അപ്പോഴാണ്” ഒരു പൂ പറിച്ച് ആകാശത്തേക്ക് എറിയുകയും ഒരു നിമിഷം സൂര്യൻ ചുവന്നു പോയി എന്ന് കവിക്ക് തോന്നുകയും ചെയ്യുന്നത്.
സ്നേഹത്തിന്റെ പൂ പറിച്ച് ഭൂമിയുടെ ഉർവരതയിൽ തൂവലായി ഉറങ്ങിയെന്ന് സങ്കൽപ്പിക്കാൻ ആവുന്നത്.
ഉണരുമ്പോൾ ആകാശത്ത് വിരിഞ്ഞുനിൽക്കുന്ന വടവൃക്ഷമാണെന്ന് തോന്നുന്നത്…
മരണശേഷമാണ് ജ്ഞാനത്തിന്റെ തീക്കനക്കലിലെ ആദ്യമായി അറിയാനും വിതക്കാരന്റെ മുറത്തിൽ നിന്നും ഉൾപ്പെടുത്തി വീണ വിത്താണ് ഞാനെന്നു തോന്നാനും നിശൂന്യതയുടെ നീലവിരിപ്പിൽ “ഞാനൊരു കുരുടൻ വിത്താണെന്ന് ദൈവത്തോട് പറയാനും കവിക്കാവുന്നത്. കവി ആദ്യന്തം മനുഷ്യനായതുകൊണ്ടാണ്.
” മരിക്കുമ്പോൾ
എനിക്ക് 45
മരണത്തിന് പ്രായം 100″
(വാരിയംകുന്നത്ത് ഹാജി)
എന്ന് ഏറ്റവും പുതിയ കവിതയിൽ നാസിമുദ്ദീൻ എഴുതുമ്പോൾ ആ മനുഷ്യൻ തെളിഞ്ഞുവരുന്നു എന്നിട്ട് ചരിത്രത്തിലേക്ക് കയറി ഇരിക്കുന്നു
“മങ്ങിയ
വെളിച്ചത്തിൽ
അയാൾ
ചരിത്രത്തിൽ
നിശ്ചലമായ ഒരു
വാസ്തു ഗോപുരം
(സ്തംഭനം )
എന്നു തന്നെത്തന്നെ തിരുത്തി എഴുതുന്നുണ്ട് കവി.
ചരിത്രവുമായുള്ള അഭിമുഖങ്ങളിൽ അയാൾ അസ്വസ്ഥനാണ്. മുന്നിൽ കാണുന്ന തെളിഞ്ഞ വഴികൾ ഈ കവി ഉപേക്ഷിക്കുന്നതും ഈ വേവലാതി മൂലമാണ്. അയാൾക്ക് കേട്ടുകേൾവിപ്പെട്ട ചരിത്രങ്ങളിലല്ല വിശ്വാസം.
ഒച്ച വച്ച് പതിപ്പിച്ച സമയ സങ്കൽപ്പങ്ങളിലല്ല അറിവ്.
ഒരു മാത്രയിൽ നിന്ന് അടുത്ത മാത്രയിലേക്ക് നടന്നെത്താനയാൾക്ക് കാലങ്ങൾ വേണം.
ചിലപ്പോൾ ഒരു മാത്രയുടെ ആയിരത്തിൽ ഒരു കഷണം!
രണ്ടു സാധ്യതകളുണ്ട് നാസിമുദ്ദീൻ കവിതയിൽ. അതുകൊണ്ടാണ് അയാൾ കാടുമൂടിയ വഴികളിലൂടെ ആഞ്ഞ് നടക്കുന്നത്.
” ഞാൻ വാതിൽ
തള്ളിത്തുറന്ന്
തെരുവിലൂടെ
ആഞ്ഞു നടന്നു”
ശീതരാത്രിയിൽ
ഒരു നിഴൽ രൂപം
ശാന്തമായി
അലഞ്ഞു കൊണ്ടിരുന്നു (ഒൿടോബർ )
ഈ അലച്ചിലിന്റെ രാഷ്ട്രീയ മാനം കാണാതെ പോകാനാവില്ല.
“ഞാൻ വാക്കുകളെ
പിടികൂടി
അവയിലെ
വെളിച്ചത്തെ
പിടികൂടി ”
എന്നെഴുതുമ്പോൾ റിൽക്കെയെ ഓർമിപ്പിക്കുന്നു കവി.
“നിന്റെ ആദ്യ വാക്ക്
“”മനുഷ്യൻ “”
വെളിച്ചം തെളിഞ്ഞു””
എന്നാണല്ലോ റിൽക്കെ എഴുതിയത്!
കാലത്തിന്റെ എല്ലാ രഹസ്യങ്ങൾക്കും മീതെ ഈ കാലത്തിന്റെ മിടിപ്പുകൾക്കായി ജാഗ്രതയോടെ കാതോർക്കുകയാണ് കവി. മനുഷ്യവംശത്തിലേക്ക് ഈ വിനീതമായ പൊക്കിൾകൊടി നീട്ടിത്തന്നതിന് നന്ദി പറയാനാണെന്ന് കവിതന്നെ പറയുന്നുണ്ട് ഒരിക്കൽ.
ഉടൻതന്നെ ഒരു തിരുത്തുണ്ട് .
ജന്മ പരമ്പരയിലെ
നമ്മുടെ ചെറിയ
കൊളുത്തുകൾ
മറ്റുള്ളവയെക്കാൾ
മാറ്റു
കുറഞ്ഞതാവാതിരിക്കാനാണെന്ന്.
ഈ രാഷ്ട്രീയ ജാഗ്രത,
മനുഷ്യൻ എന്ന സൂക്ഷ്മത തന്നെയല്ലേ നാസിമുദ്ദീൻ എന്ന കവിയെ വേറിട്ടതാക്കുന്നത്.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.