പൂമ്പാറ്റകളായി മാറുന്ന ആൾക്കൂട്ടത്തിൽ ഒരാൾ ഒറ്റക്കിരുന്നെഴുതിയ കവിതകൾ

0
1138
Jayashankar Arakkal

കവിതയുടെ കപ്പൽസഞ്ചാരങ്ങൾ

ഡോ. രോഷ്നി സ്വപ്ന

ജയശങ്കർ അറക്കലിന്റെ കവിതകൾ

“ I am large
I contain
Multitude’’
–Walt whitman

പിന്നാലെ ഒരാള്‍ക്കൂട്ടം ഇരമ്പി വരുന്നുണ്ടെന്ന് തിരിച്ചറിയുന്ന ഒരാളാണ് ”പിരാക്കറസ്റ്റ്” എന്ന സമാഹാരത്തിലെ കവിതകള്‍ എഴുതിയത്. അയാളുടെ പേര് ജയശങ്കര്‍ എ.എസ് അറയ്ക്കല്‍ എന്നാവണമെന്ന് യാതൊരു നിര്‍ബന്ധവുമില്ലല്ലോ!
“സെവന്‍ നൈറ്റ്സ്” എന്നൊരു പുസ്തകത്തില്‍ കവിതയെ കുറിച്ച് ബോര്‍ഹസ് പറയുന്നത് “സൗന്ദര്യം സാര്‍വ്വത്രികമല്ല, പ്രത്യേകിച്ച് കവിതയില്‍ സൗന്ദര്യമെന്നത് പ്രണയമോ ജലദാഹമോ രുചിയോ പോലെ സ്വകാര്യമാണ്” എന്നാണ്.

ഈ പുസ്തകത്തിലെ കവിതകള്‍ എന്നെ വായിക്കാന്‍ പ്രേരിപ്പിക്കുന്നത് അതിന്‍റെ വേഗം കൊണ്ടാണ്. വേഗത്തില്‍, വേഗത്തില്‍ എന്ന് മന്ത്രിച്ച് ഒരാള്‍ ഒറ്റക്ക് കുന്നിറങ്ങുന്നത് കണ്ടതുകൊണ്ടാണ്. അവന്‍റെ പിന്നാലെയാണ് ആള്‍ക്കൂട്ടം ഇരമ്പിവരുന്നത്. അവ ശലഭങ്ങളാകുന്നുണ്ട് എന്നതാണ് മറ്റൊരാകര്‍ഷണം.

അവനെയും മറികടന്ന് അവര്‍ താഴേക്കു പറക്കുന്നുണ്ട്. വാന്‍ ഗോഗിന്‍റെ ചിത്രത്തിലെ മഞ്ഞപ്പൂമ്പാറ്റകളെയാണ് എനിക്കോര്‍മ്മ വരുന്നത്. ഭ്രമാത്മകതയുടെ സൂക്ഷ്മമായ അനക്കങ്ങളാകുന്നു “സൂയിസൈഡ് സോള്‍” എന്ന കവിത. ആള്‍ക്കൂട്ടമാണ് ഈ കവിതയുടെ ജീവന്‍. മുദ്രാവാക്യ പ്രകമ്പനങ്ങളില്ലാതെ, പട്ടണങ്ങളും കടന്ന് മരങ്ങള്‍ക്കിടയിലൂടെ ഉറുമ്പുകളെപ്പോലെ വരിവരിയായി നടന്നു നീങ്ങുന്ന കവിത, തോമസ് ഹാര്‍ഡിയുടെ “ദി റിട്ടേണ്‍ ഓഫ് ദി നേറ്റീവ്” എന്ന വിഖ്യാത നോവലിലെ ഒരു രംഗത്തെ ഓര്‍മ്മിപ്പിക്കുന്നു. ചതുപ്പിലൂടെ പാതിരയുടെ കറുപ്പില്‍ നടന്നുനീങ്ങുന്ന നാടക സംഘത്തിന്‍റെ ദൃശ്യം. ഇരുട്ടാണിവിടെ നിശ്ശബ്ദമാകുന്നത്.

“പിരാക്കറസ്റ്റ്’ എന്ന കവിത ഒരു പാരഡോക്സ് ആയി മാറുന്നുണ്ട് ചിലപ്പോള്‍. അടിയന്തരാവസ്ഥയാണ് ഈ കവിതയിലെ ആന്തരികധാര എന്നിരിക്കിലും, ഇത് പലപ്പോഴും കവിയെ നേര്‍ക്കുനേര്‍ നിര്‍ത്തുന്ന ഒന്നായിക്കൂടി മാറുന്നു. പാഠാന്തരത (ഇന്‍റര്‍ടെക്സ്റ്റ്വാലിറ്റി intertextuality)യുമായി ബന്ധപ്പെട്ട ഫൂക്കോയുടെ ഒരു ലേഖനത്തില്‍ അദ്ദേഹം കുറച്ചു ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്.

പാഠം എവിടെ നിന്നു വരുന്നു? എങ്ങനെയാണ് ഇത് വിതരണം ചെയ്യപ്പെടുന്നത്. ? ആരാണിത് നിയന്ത്രിക്കുന്നത്? ആരാണ് യഥാര്‍ത്ഥ എഴുത്തുകാരന്‍ ?എഴുത്തുകാരന്‍റെ സാധ്യതയെ വ്യക്തമാക്കുന്ന തെളിവുകള്‍ എന്താണ്? ആ തെളിവുകള്‍ വെളിപ്പെടുത്താനായി അയാള്‍ അയാളെത്തന്നെ അയാളുടെ ഭാഷയില്‍ എങ്ങനെ സ്വരുക്കൂട്ടിയെടുക്കുന്നു? ഈവ്യവഹാരത്തില്‍ അയാളുടെ നിലനില്‍പ്പുരീതികളെന്തൊക്കെയാണ്? ഇതെവിടെനിന്നു വരുന്നു? വിഷയ സാധ്യത നിര്‍ണ്ണയിക്കാനായി ലഭ്യമായ രേഖകളെന്തൊക്കെയാണ്? ആരാണ് ഈ വ്യതിരിക്തതകളെ നിബന്ധിക്കുന്നത്? എന്താണ്,ആരാണ് സംസാരിച്ചു കൊണ്ടേയിരിക്കുന്നത്? ഇത് വളരെ പ്രധാനമാണ്. കവിയാണ് നിരന്തരം സംസാരിച്ചു കൊണ്ടിരിക്കുന്നത്. ഇതൊരു നൈരന്തര്യത്തിന്‍റെ ഭാഗമാണ്. കാലവും ഭാഷയും അനുഭവവും ഈ നൈരന്തര്യത്തില്‍ കോര്‍ക്കപ്പെട്ടിരിക്കുന്നു.

നെഞ്ചിന്‍ കൂടിനു മുകളില്‍
ബൂട്ടുകള്‍ ചിത്രം വരഞ്ഞ,
ആഘോഷിക്കപ്പെട്ട
അതേ പഴയ, ചരിത്ര കുപ്രസിദ്ധമായ
ആ “ഇടിയന്തരാവസ്ഥ”
എന്ന് ഈ കവിത പ്രഖ്യാപിക്കുമ്പോള്‍ അവിടെ ഒരേ സമയം പാരഡോക്സും, ഇന്റര്‍ ടെക്സ്റ്റ്വാലിറ്റിയും (വിരുദ്ധ സൂചനയും പാഠാന്തര ബന്ധവും) സാധ്യമാകുകയാണ്. അടിയന്തരാവസ്ഥയെ ‘ഇടിയന്തരാവസ്ഥ’ എന്ന് മാറ്റിയെഴുതുന്നതിലൂടെ കവി സാധിച്ചെടുക്കുന്നതും ഇതാണ്.

‘അവന്‍റെ’ വരവും കാത്തിരിക്കുന്ന ആള്‍ക്കൂട്ടത്തിന് നടുവിലേക്ക് ഒറ്റക്കാണ് അവന്‍ ഇറങ്ങി ച്ചെല്ലുന്നത്. കവിതയിലേക്ക് ഒറ്റക്കിറങ്ങി വരികയാണ് കവി. ചോദ്യങ്ങളില്ലാത്തതിനാല്‍ വിശ്വാസം ഊതിപ്പെരുപ്പിച്ച് നിര്‍മ്മിച്ച് അവിശ്വാസങ്ങള്‍ തകര്‍ന്നടിയുമ്പോള്‍ ‘മൂന്നുരംഗങ്ങള്‍’ എന്ന കവിത ചോദിക്കുന്നത്..
“മണ്ണില്‍ നിന്ന്
നിങ്ങളെല്ലാം
എന്തിനാണ്
സ്ഥലം കാലിയാക്കിയത്”
എന്നാണ്. മനുഷ്യനും മണ്ണും നശിച്ചു തുടങ്ങിയതിന് കവിതയില്‍ ഉത്തരമുണ്ട്. മനുഷ്യ രൂപം കൊണ്ട് നഗ്നരല്ലാത്ത സവര്‍ണ്ണ ദൈവങ്ങള്‍ ജീവിതത്തില്‍ കറുപ്പിക്കപ്പെട്ടവരെ നോക്കി വെളുക്കെ ചിരിച്ചു കൊണ്ടേയിരിക്കുന്നതാവാം കാരണം. അല്ലെങ്കില്‍ ദൈവങ്ങള്‍ മരണത്തിന് കീഴടങ്ങിയതും.

പല കവിതകളിലും ജീവന്‍റെ സംഘര്‍ഷങ്ങള്‍ ദൃശ്യമാണ്. നിലനില്‍പ്പും , പ്രതിരോധ ചരിത്രവും , അവ്യവസ്ഥിതത്വവും ഇടകലരുന്ന കത്തുന്ന ജീവന്‍ പല കവിതകളുടേയും പ്രമേയമാണ്. ‘ ‘ഇതൊക്കെയാണ് സാര്‍’, ‘പകല്‍ച്ചിത്രങ്ങള്‍’,’മോര്‍ച്ചറി’ തുടങ്ങിയ കവിതകളില്‍ ജീവിതം, മരണം,പ്രണയം എന്ന ഒരു തുടര്‍ച്ചയുണ്ട്, ഇടര്‍ച്ചയും. ജീവിതത്തിന്‍റെ ഏറ്റം നിസ്സഹായമായ അവസ്ഥയാണ് ഒന്നിലെങ്കില്‍ ‘തിളച്ച പകലുകളും’, ‘വെയില്‍പ്പുരകളും’ നനഞ്ഞ തിരകളും വേദനകള്‍ വാറ്റിക്കുടിച്ച ഉഷ്ണവും വലിച്ചൂരിയെടുത്ത അമ്പും ഒഴുകിപ്പരന്ന രക്തവും ഉരുക്കുപാളങ്ങളും വാകപ്പൂക്കളുടെ ചുവപ്പും’ ബിംബങ്ങള്‍ ഇടകലര്‍ന്ന് കത്തുന്ന പ്രണയമാണ് മറ്റൊന്നില്‍ (പകല്‍ച്ചിത്രങ്ങള്‍). ഏകാന്തവും വിരഹാര്‍ത്തവുമായ തണുപ്പും ശൂന്യതയുടെ സംഗീതവും വെളുപ്പിന്‍റെ വിളര്‍ച്ചയും പടരുന്ന മരണമാണ് അടുത്തതില്‍(മോര്‍ച്ചറി)’കവിതക്കരിമ്പടം’ എന്ന പ്രയോഗമാണ് ഈ കവിതയുടെ കരുത്ത് എന്നുവേണമെങ്കില്‍ പറയാം.

“എല്ലാം അല്‍പ്പകാലം മാത്രം
ഇനിയുമൊരു കവിത കാലില്‍ച്ചുറ്റും
ഒരു കത്തു വരും
ഒരു കൂട്ടുകാരന്‍ ഉടന്‍ മരിക്കും”
എന്ന് എസ് ജോസഫ് ‘മറ്റൊരു ജീവിതം ‘എന്ന കവിതയില്‍ എഴുതുമ്പോള്‍ അനുഭവിക്കുന്ന നടുക്കമല്ല ജയശങ്കര്‍

“ചിലപ്പോഴൊക്കെ പാളങ്ങളില്‍
ജീവിതങ്ങള്‍ കുറുക്കുവഴികള്‍
തേടാറുണ്ട്.
ചോരപ്പൂക്കളാല്‍ നിറയെ
ചിത്രങ്ങള്‍ വരച്ച് ”
എന്നെഴുതുമ്പോള്‍ കിട്ടുന്നത് (പാളങ്ങള്‍).

കവിതയെന്നത് മനുഷ്യനല്ലാതെ മറ്റൊന്നുമല്ല. വേഗത്തിലോടി വരുന്ന കാറ്റ് പുല്‍ നാമ്പുകളെ ഇരുവശത്തേക്കും മാറ്റുന്നതു പോലെ തന്നെയാണ് കവിത ഉറവയെടുക്കുന്ന നിമിഷങ്ങളില്‍ മനുഷ്യ മനസ്സില്‍ നിന്ന് കവിതയല്ലാത്തതൊക്കെ മാറി നില്‍ക്കുന്നത്. അപ്പോള്‍, ആ നിമിഷം കവി അനശ്വരനാകുന്നു. കവിതയല്ലാത്ത നേരങ്ങളില്‍ അവന്‍ നശ്വരനും.

നിറങ്ങളുടെ വല്ലാത്തൊരു സാന്നിധ്യം ജയശങ്കറിന്‍റെ കവിതകളിലുണ്ട്. ഒരൊറ്റ വാക്കോ ബിംബമോ നിലനിര്‍ത്തുന്ന അനുഭവത്തിന്‍റെ ആഴത്തിലാണ് ഈ നിറങ്ങള്‍ സംവദിക്കുന്നത്. “ഒസ്യത്ത്” എന്ന കവിതയില്‍ ചുവപ്പ് ഇത്തരമൊരു തീക്ഷ്ണ സാന്നിധ്യമാണ്. ‘ചെമ്പട്ടാല്‍ നീയെന്നെ പുതപ്പിക്ക്’ എന്നു തുടങ്ങുന്ന കവിത തണുവാര്‍ന്ന പനിനീര്‍പ്പൂക്കളില്‍ അവസാനിക്കുന്നു. “ചെമ്പട്ട്” എന്ന കത്തുന്ന ചുവപ്പന്‍ ബിംബത്തില്‍ നിന്ന് തണുത്ത പനിനീര്‍പ്പൂവിന്‍റെ ചുവപ്പിലേക്കുപടരുന്ന കവിത മരണത്തെ തീവ്രമായി ആവിഷ്കരിക്കുന്നു.

കവിത, ചിലപ്പോള്‍ ഈ കവിയ്ക്ക് പ്രണയം തന്നെയാകുന്നു. മറ്റു ചിലപ്പോള്‍ പുറത്താക്കപ്പെടലിന്‍റെ വീര്യം,അറിയാതെ പുറത്തു ചാടുന്ന ഒരാത്മഗതം, മറ്റു ചിലപ്പോള്‍ നല്ല നാളെയുടെ രക്ത നക്ഷത്രങ്ങള്‍. നീല നല്ല നിറമാണ് എന്ന കവിതയും ഈ നിറവ്യവഹാരത്തെ ഉള്‍ക്കൊള്ളിക്കുന്നുണ്ട്. മഷി വറ്റി അക്ഷരം മറന്ന പേന ഈ കവിതയിലെ നീലിച്ച ബിംബമാകുന്നു.
ഇരുട്ടിന്‍റെ കറുപ്പും കവിതകള്‍ക്ക് ഇഷ്ടപ്രമേയങ്ങളാകുന്നുണ്ട്.

ഒരു കുഞ്ഞിന്‍റെ
പ്രാണന്‍ പിടഞ്ഞുള്ള
കരച്ചിലിനെ
ശീല്‍ക്കാരങ്ങള്‍
ഇരുട്ടില്‍ അടച്ചുപിടിച്ചുകടിച്ചു കീറി(സുഷുപ്തി)
പുഴക്കരയിലെ സന്ധ്യ
കറുത്തു തുടങ്ങിയതറിഞ്ഞേയില്ല(കുഞ്ഞാമിന)

അനുഭവങ്ങളെ അത്ര നേരിട്ടല്ല ഈ കവി വരച്ചു ചേര്‍ക്കുന്നത്. “പിരാക്കറസ്റ്റ്” എന്ന കവിതാ പുസ്തകത്തിലെ ഏറ്റവും ശക്തമായ കവിത ‘ആയതിനാല്‍ പരിഭവമരുത്’ എന്നതായിരിക്കും. ‘ആയിരിക്കുക’ എന്ന അവസ്ഥയെ ഇത്രമാത്രമാഴത്തില്‍ ഉള്‍ക്കൊള്ളുന്ന ഒരു കവിതയുണ്ടാവില്ല എന്നു തോന്നിക്കും വിധം മറ്റുള്ളവരുടെ ശബ്ദം തന്‍റേതില്‍ നിന്ന് നേര്‍ത്തുപോകുമെന്നതിലുള്ള നിസ്സഹായത, ഉല്‍ക്കണ്ഠ, തിരിച്ചറിവ്, അതിന്‍റെ വേദന എന്നീ അനുഭവങ്ങളെ സൂക്ഷ്മാര്‍ത്ഥത്തില്‍ തന്നെ കവി കൈകാര്യം ചെയ്തിരിക്കുന്നു. ഈ വേദന വല്ലാത്ത പീഢനമായേക്കാമെന്ന് അയാള്‍ തിരിച്ചറിയുകയും ചെയ്യുന്നു.

“ചിലപ്പോള്‍, നിങ്ങളെ
നൊമ്പരപ്പെടുത്തിക്കൊണ്ട്,
ശബ്ദശൂന്യതയുടെ ആഴപ്പരപ്പിലേക്ക്,
ദിശയറിയാതെ ഒരു മത്സ്യത്തെപ്പോല്‍
നീന്തിപ്പോയേക്കാം,
ആയതിനാല്‍ പരിഭവമരുത്”
എന്ന മുന്‍കൂര്‍ ജാമ്യവും ഈ കവിതയിലുണ്ട്.

കാതലില്ലാതെ കൊത്തിത്തീര്‍ക്കുന്ന ഒരു ശില്‍പത്തിന്‍റെ നിലവിളിയുണ്ട് ഈ കവിതകളില്‍. ദാരുശില്‍പ്പമാകാത്ത അക്ഷരങ്ങള്‍ ശില്‍പ്പത്തിനു പുറത്ത് വെറും മണ്ണില്‍ നനഞ്ഞ് കിടക്കുന്നു. ചെറിയ വരികളില്‍ വിടര്‍ന്ന് വലിയ യാഥാര്‍ത്ഥ്യങ്ങളെ തുറന്നു കാട്ടുന്ന ‘മരംകൊത്തി’, മരം, പുഴ എന്നീ കവിതകള്‍ വറ്റിപ്പോയൊരു പുഴയുടെ ആത്മാവാണ് എഴുതിയത്. എന്നാലും,
ഇങ്ങനെയൊക്കെയല്ലാതെ
ഭൂപടത്തില്‍ ലെവല്‍ക്രോസ്
എങ്ങനെ അടയാളപ്പെടുത്തണം
(എന്‍റെയും)
എന്ന ആശങ്ക ഇയാള്‍ വച്ച് പുലര്‍ത്തുന്നു.

ഈ ആശങ്കയാണ് അയാളെക്കൊണ്ട് ഇങ്ങനെയൊക്കെ എഴുതിക്കുന്നത്.
“മുറ്റമില്ലാത്ത
ഒരു വീടുണ്ട്
മരക്കൂട്ടങ്ങള്‍ക്കിടയില്‍”(മഴയിലേക്ക് വാതില്‍ തുറക്കുന്ന വീട്)
‘ഇത്തവണയും
വെടിയേറ്റു വീഴുന്നത്
ഗാന്ധി തന്നെ’ (ഒഴിവ് ദിവസത്തെ കളി)
താളുകള്‍ക്കിടയിലെ
മരണാഘോഷങ്ങള്‍ തുടരുമ്പോള്‍
ആരുമില്ലാതെ,
മാഞ്ഞുപോകുന്നൊരാള്‍ (തലക്കുറി)

വരളുന്ന തൊണ്ടയാല്‍, പിടയുന്ന നെഞ്ചുമായാണ് ഈ കവി പാടുന്നത്. ഭ്രാന്തിന്‍റെ സാധ്യതകളെ അയാള്‍ ആരാഞ്ഞു പിടികൂടുന്നുണ്ട്. ‘മരിച്ചു പോയവരുടെ നിന്‍റെ കവിതയില്‍ ഞാനില്ലല്ലോയെന്ന് ആശങ്കപ്പെടുന്നുണ്ട്. എങ്കിലും നിലനില്‍പ്പിനെക്കുറിക്കുന്ന പ്രതിരോധപാഠങ്ങളായി ഈ കവിത എഴുന്നു നില്‍ക്കുന്നു. തന്നേക്കാള്‍ കേമം തന്‍റെ നിഴലോ, പ്രതിഛായയോ,ഛായാ ചിത്രമോ എന്ന രെയ്നര്‍ മാരിയറില്‍ക്കെയുടെ ആശങ്കകളല്ല ജയശങ്കറിന്‍റേത്.
“പ്രതിഛായകള്‍ വെറുപ്പ് വിതയ്ക്കുന്നു”(കാരിക്കേച്ചര്‍)
എന്ന തിരിച്ചറിവാണ് അയാളെ നിലനിര്‍ത്തുന്നത്. സമകാലികതയുടെ അമിത ഘോഷങ്ങളെയും , അതി സാങ്കേതികതയുടെ വാര്‍പ്പുകളെയും വസ്തുനിഷ്ഠമായി വിമര്‍ശിക്കാന്‍ കെല്‍പ്പുള്ള കവിയാണ് താനെന്ന് ജയശങ്കര്‍ ഒപ്പുവെയ്ക്കുന്നത്. “ഒരു പുഴ പിന്നിലേക്ക്
ഒഴുകുന്നത്”
തിരിച്ചറിയാന്‍ അയാള്‍ക്കാവുന്നതുകൊണ്ടുമാത്രമാണ്.
അങ്ങനെ വിശ്വസിക്കാനാണെനിക്കിഷ്ടം.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here