കവിതകൾ കൊണ്ട് ‘ചൂടാവുന്ന ‘കുടകൾ

കച്ചവടപ്പരസ്യങ്ങളോട് കലഹിക്കുകയും ചിന്തയിൽ ജ്വലിക്കുകയും അഭയമായ് നിവരുകയും ചെയ്യുന്ന കവിതക്കുടകൾ

0
1066
kuda-kavitha-ahammed-muinudheen
കവി അഹമ്മദ് മുഈനുദ്ദീൻ

കച്ചവടപ്പരസ്യങ്ങളോട് കലഹിക്കുകയും ചിന്തയിൽ ജ്വലിക്കുകയും അഭയമായ് നിവരുകയും ചെയ്യുന്ന കവിതക്കുടകൾ

പ്രസാദ് കാക്കശ്ശേരി

”ആവശ്യം വരുമ്പോഴൊക്കെ
നീ കാല് പിടിക്കും.
ഞാന്‍ കൂടെപ്പോരും.
എന്നിട്ടോ
ഒന്ന് തോരുമ്പോഴേക്കും
എവിടെയെങ്കിലും
മറന്ന് വെക്കും”

(‘കുട’-അഹമ്മദ് മു ഈനുദ്ദീന്‍,’ഏക-ദേശ-ധാരണ’, ഇൻസൈറ്റ് പബ്ലിക്ക,കോഴിക്കോട്)

‘മാൻമാർക്ക് കുട’ എന്ന പരസ്യവാചകം ചരിത്രത്തിൽ ‘കണ്ണിരും കിനാവു’മായി അടയാളപ്പെട്ടുവെങ്കിൽ മഴയത്തും വെയിലത്തും കവിതകളുടെ നാനാനിറങ്ങളിലേക്ക് നിവരുകയാണ് കുടകൾ. മിന്നല്‍ കവിതകൾ കൊണ്ട് കവിതയുടെ തണലും അഭയവും പ്രതിരോധവും സാധ്യമാക്കുന്നു അഹമ്മദ് മുഈനുദ്ദീൻ. എങ്ങനെയെന്നറിയേണ്ടേ… സ്വന്തം കവിതകൾ രേഖപ്പെടുത്തിയ വർണ്ണക്കുടകൾ തയ്യാറാക്കി ആവശ്യക്കാർക്കു കൊടുക്കുന്നു..! നിവർത്തുമ്പോൾ കവിതകളുടെ ലോകം അർത്ഥങ്ങളുടെ വെയിലും മഴയും കൊള്ളുന്നു ..! വിവാഹപ്പന്തലിൽ നിന്നിറിങ്ങുമ്പോൾ ആങ്ങള ചൂടിയ കുടയുടെ തണലിൽ വരനൊപ്പം ‘മാറ്റാൻ ‘വീട്ടിലേക്ക് യാത്രയാകുന്ന വധു. ആ കുടയുടെ പ്രതീകാത്മക നിർവഹണം പ്രായോഗികമാക്കേണ്ട ഉത്തരവാദിത്വം ആണൊരുത്തനുണ്ടെന്ന ബോധ്യപ്പെടുത്തൽ.. കുടയുടെ ചരിത്ര ജീവിതം ആലോചിച്ചാൽ ഏറെ കൗതുകം…

nafeesath-beevi-shruthi-ks
കവികളായ നഫീസത്ത് ബീവിയും ശ്രുതി കെ എസും കവിതക്കുടയുടെ തണലിൽ

മറന്നു വച്ചവ, വില്ലൊടിഞ്ഞ് കബളിപ്പിച്ചവ, സ്ഥാനത്ത് നിവർത്താനാവാതെ അപഹാസ്യരാക്കിയവ, ചേർത്തുപിടിച്ച് കൂടെ കൂട്ടിയവ ,’ഒരു കുടയും കുഞ്ഞു പെങ്ങളു’മായി ഈറൻ വഴികൾ താണ്ടിയ വ ,തുള വീണ് ആ കാശവും കീഴെ കോഴിമുട്ട തെളിമയും കൗതുകമായി തന്നവ … നാം നി വർത്തിയ കുടകൾ .. തണലുകൾ … അഭയങ്ങൾ ..പ്രതിരോധങ്ങൾ .. കവിയും കഥാകൃത്തും ഗാന രചയിതാവും ആയ അഹമ്മദ് മുഈനുദ്ദീന്‍ നിവർത്തി തരുന്നു ഈ കവിതക്കുടകൾ.. പല നിറക്കുടകളിൽ സ്വന്തം മിന്നൽ കവിതകൾ പ്രിൻ്റ് ചെയ്ത് ചൂടിപ്പോകുമ്പോൾ മറ്റുള്ളവർ തോന്നും പടി കവിതയുടെ ആഴങ്ങളിലേക്കോ കൗതുകങ്ങളിലേക്കോ എത്തുമെന്ന് അദ്ദേഹം കരുതുന്നു ..”കവിത ആളുകളിലേക്ക് എത്തിക്കാനുള്ള നൂതനമായ മാർഗ്ഗമായാണ് കുടകളിൽ കവിത നിറക്കുന്നത്. വമ്പൻമാരായ വസ്ത്രവ്യാപാരികളുടെ ലോഗോ നെഞ്ചിൽ ഒട്ടിച്ച് നടക്കുന്നവരാണ് നാം. അല്ലെങ്കിൽ മറ്റ് പരസ്യങ്ങൾക്കുള്ള ചുമരുകളായി നാം അറിയാതെ വിധേയമാകുന്നു. കവിതയുടെ കൂട്ടുപിടിച്ച് നടക്കാൻ .. കവിതയുടെ തണലായി .. ചെറുരചനകൾ മറ്റുള്ളവരെ കൊണ്ട് വായിപ്പിക്കാൻ.. കവിതയിലേക്ക് അടുപ്പിക്കാൻ .. പ്രത്യേകിച്ചും കവിതയെ സജീവമാക്കാനാണ് ഈ ശ്രമം ”.

dr-ks-krishnakumar
കവിയും അധ്യാപകനുമായ ഡോ. കെ.എസ് കൃഷ്ണകുമാർ

”ഒറ്റപ്പെട്ട മരത്തിന് കാടായിരുന്നു സ്വപ്നം എനിക്കൊരു തണലും ”

” ഒരു തണൽ നടുമ്പോൾ പ്രാർത്ഥനകളിൽ ഒരു മരം നിനക്കായി കാവൽ നിൽക്കും”

” മല ഒലിച്ചുപോയത് കൊണ്ടാകാം
മഴ കുന്നുകൂടി കിടക്കുന്നത്”

kuda-kavitha-ahammed-muinudheen
കവി അഹമ്മദ് മുഈനുദ്ദീൻ

അഹമ്മദ് മുഈനുദ്ദീന്റെ ഈ കവിതകൾക്കൊപ്പം നിവരുന്നു കുടകളും.. കവിതകൾ പ്രിൻ്റ് ചെയ്ത കുടകൾ വാങ്ങാൻ അന്വേഷിച്ച് എത്തുന്നവരുണ്ട്. ഒട്ടേറെ പേർ ചോദിച്ചിട്ടും മറ്റു ജോലിത്തിരക്കുകള്‍ക്കിടയില്‍ കൊടുക്കാൻ കഴിയുന്നില്ല എന്നതാണ് പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂർ ജില്ലയിലെ കടപ്പുറം പഞ്ചായത്തിൽ താമസിക്കുന്ന ഇദ്ദേഹത്തിന്റേതായി നാല് കഥാസമാഹാരങ്ങളും എട്ട് കവിതാ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാല് പുസ്തകങ്ങള്‍ വരാനിരിക്കുന്നു. തന്റെ പുസ്തക പ്രകാശനത്തിനെത്തിയവർക്ക് റമ്പൂട്ടാൻ, പേര, ഞാവൽ എന്നീ ഫലവൃക്ഷത്തൈകൾ കൂടി നൽകി യാത്രയാക്കിയ ആളാണ്. ഇപ്പോഴിതാ വേറിട്ട വിനിമയം കൂടിയാകുന്നു കവിത പ്രിൻറ് ചെയ്ത ഈ കുടകൾ !

ഒരർത്ഥത്തിൽ നമ്മുടെ ജീവിതത്തിലേക്ക് ഇടിച്ചു കയറുന്ന പരസ്യവാചകങ്ങളേയും സമൂഹ മാധ്യമ പെരുക്കങ്ങളെയും കവിതാധ്വനികളാൽ നിവരുന്ന ഈ വർണ്ണക്കുടകൾ കൊണ്ട് ചെറുക്കുകയാണ് കവി.

ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആത്മ ഓൺലൈൻ യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ…

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here