മുയ്യം രാജന്‍
വെയിലിനെ കൂട്ടു പിടിച്ചപ്പോൾ
ഊതിക്കാച്ചിയ പൊന്നുപോലെ
ഉരുക്കിത്തരാമെന്ന് ഉറപ്പ് തന്നു.
മഴയും ശൈത്യവും ശരീരത്തെയുലച്ച നേരം
വെയിലെവിടെപ്പോയൊളിച്ചെന്ന
പരാതിയിന്മേൽ,
ഏതുസമയവും
മിന്നി നിൽക്കാനുള്ള
ഉപാധിയല്ല വെയിലെന്നും,
പാതിരാത്രി സൂര്യനുദിച്ചാൽ
പകൽമാന്യന്മാരുടെ സ്ഥിതി
എന്തായിത്തീർന്നേനെയെന്നൊക്കെയുള്ള
മറുചോദ്യങ്ങൾ കൊണ്ടെന്റെ ഉത്തരം മുട്ടിച്ചു.
വെയിലിനു പകരം
മഴയെയോ കുളിരിനേയോ തോഴനായി
കൂട്ടിയാലോയെന്നായിരുന്നു
പിന്നത്തെ പുനരാലോചന.
ഋതുക്കൾ പലതും കാലം മാറി
സഞ്ചരിക്കാൻ തുടങ്ങുമ്പോൾ
മനമിപ്പോഴും അസ്സൽ മരഞ്ചാടി നടക്കുന്ന
കുരങ്ങാണെന്നറിയുന്നു.
ആയതിനാൽ,
വികാരങ്ങളെ അക്കരപ്പച്ചകളിൽ
അഭിരമിക്കാൻ വിട്ട്
വേറിട്ടൊരു വേഷപ്പകർച്ചയ്ക്ക്
വഴിയൊരുക്കുകയാണ് ജീവിതവേഗം.
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in