സൈനബ് ചാവക്കാട്
ഓടിത്തളർന്ന
ഒരു പോക്കുവെയിൽ
നരച്ച കണ്ണുകളെ
വഴിയോരങ്ങളിലേക്ക്
നീട്ടിയിട്ടു ..
എണ്ണിയാലൊടുങ്ങാത്ത
കണ്ണുകൾ
സഞ്ചരിച്ചിരുന്ന വഴിയായിരുന്നു…
മൗനം നടന്നു നീങ്ങിയ
ഇടവഴികളിൽ
ഉണങ്ങിയ കനവുകളുടെ
പുകച്ചുരുളുകൾ ..
നിശ്ചലമായ കുളങ്ങളിലാണിപ്പോൾ
പരൽ മീനുകൾ
ഊളിയിടുന്നത് ..
പശിയടങ്ങാത്ത ചെറുമീനുകൾ
മങ്ങിയ വെട്ടത്തെ
ആശയോടെ
തുറിച്ചു നോക്കുകയാണ് ..
കടൽ താണ്ടാൻ
പറന്ന പക്ഷികളെ
കൊടുങ്കാറ്റ്
പുറകോട്ട് വലിക്കുന്നു…
നിർജീവമായ
നീർത്തുള്ളികളെ
മഞ്ചലേറ്റിയാണ്
മേഘക്കീറുകളിൽ
ചിലതൊക്കെ
ദൂത് പോവുന്നത് ..
മുമ്പ് കടൽക്കാറ്റ്
കുടഞ്ഞിട്ട് പോയ
അക്ഷരങ്ങൾക്കൊക്കെ
അത്തറിന്റെ മണമായിരുന്നത്രേ..
ഉയരത്തിൽ പറന്നിരുന്ന
കൂടുമാറ്റക്കിളികളുടെ
കൊക്കുകളിലിപ്പോൾ
വലിയ ചുമടുകളാണ് ..
കാഴ്ച്ചകൾ ഒഴിഞ്ഞു പോയ
തുരുത്തിൽ,
കൊഴിഞ്ഞ ഇലകളെ
ഒരിക്കൽ കൂടി
ചുറ്റിയുടുക്കാൻ മോഹിച്ച്
ഒരു മരം കാവലിരിക്കുന്നു..
നട്ടുച്ചയിൽ
കാൽചുവട്ടിൽ പതുങ്ങിയിരുന്ന
നിഴലുകൾ
കൈ എത്താവുന്നതിലും
അപ്പുറത്തേക്ക്
വലുതായിരിക്കുന്നു
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in