ടി.സി.വി. സതീശന്‍
നെല്ല് വറുക്കുമ്പോൾ, അവിലിടിയ്ക്കുമ്പോൾ,
കുൽസുത്തായുടെ നെഞ്ചിനകത്ത് ഒരു കവിതയുണ്ടായിരുന്നു
ചങ്കിടിപ്പിന്റെ താളമുണ്ടായിരുന്നു
ചുറ്റിനുമേഴു ആമാശയങ്ങൾ കരിഞ്ഞുണക്കിയ
തേങ്ങലുകളുടെ ഒരു വൃത്തമുണ്ടായിരുന്നു
ഉലക്കയുടെ ഇടി,
ഉരലിന്റെ പിടച്ചിൽ,
നെന്മണികളുടെ നിസ്സഹായത,
കാളുന്നവയറിൽ കത്തുന്നകവിതകളായി
ഏഴ് കുഞ്ഞുങ്ങളുടെ നിർത്താതെയുള്ള വിലാപം
നീലാംബരി കുൽസുവിനറിയില്ല
ഹരികാംബോജി ഒട്ടുമേ അറിയില്ല
വൃത്തമഞ്ജരി വായിച്ചിട്ടില്ല,പഠിച്ചിട്ടില്ല
ഏഴു മക്കൾ മുന്നിൽ വിശന്നു കരയുന്നു
അവിലിടിക്കുന്നതും കവിതയെഴുത്തും ഒരുപോലെയെന്നു
കുൽസുത്തായുടെ സാക്ഷ്യമൊഴി
ഉള്ളിലെ നീറ്റൽ,
ചങ്കുരുക്കുന്ന വേദന,
ചതവേറ്റ് നെന്മണികൾ –
കുൽസു എന്ന കവി കവിതയെഴുത്തിനെ ഇങ്ങിനെ വിവരിക്കുന്നു
വൃത്തമെന്നതു –
ജീവിതത്തിൻ വിഷമവൃത്തമെന്നും ,
താളമെന്നത് നേർമുന്നിലെ ചങ്കിടിപ്പെന്നും,
അവലിടിക്കവേ അവർ പുലമ്പുന്നു
വിശപ്പ്,
വിശപ്പാണ് കവിത
അവിലാണ് വൃത്തം
ഉരലാണുലക്കയാണ് താളം
നെന്മണികളുടെ നിസ്സംഗത,
ഇടിയേറ്റു പിടക്കും ഉരലിന്റെ വേദന,
ജീവിതം കവിതയെന്ന് കുൽസു എന്ന കവി
വിയർക്കുകയും കിതയ്ക്കുകയും ചെയ്തു
ഏഴുമക്കളുടെ ഒഴിഞ്ഞവയറുകൾ സാക്ഷിയാക്കി,
കുൽസുത്താ വീണ്ടും വീണ്ടും പറയുന്നു,
അവിലിടിക്കൽ കവിതയെഴുത്താണ്
നെല്ലുണക്കലും വറുക്കലും കവിതയെഴുത്താണ്.
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in