സു സു സുഹറ
പ്രപഞ്ചത്തിലെ
ഓരോ കണികയും
അതിജീവിക്കുന്നുണ്ട്.
അതിന്റെ
അബലതയ്ക്കനുസരിച്ചാണ്
അതിജീവനത്തിന്റെ തീവ്രത
നമ്മിൽ വെളിവാകുന്നതെന്നു മാത്രം.
എന്നാൽ
പലരും പ്രകടമാക്കപ്പെട്ടതിനെ മാത്രം
അളന്നു തൂക്കി
രേഖപ്പെടുത്താൻ ശ്രമിക്കുന്നു.
എന്നിട്ട്
ആ രേഖപ്പെടുത്തലിനെ
ആഘോഷമാക്കാൻ
മത്സരിച്ചോടുന്നു .
ഉയർച്ചയിലേക്ക്
വഴിവച്ചു കൊടുക്കാത്ത
മുരടിപ്പൻ കച്ചവട താല്പര്യം മാത്രമല്ലേ അത്?
മുതലാളിത്ത മേൽക്കോയ്മകളുടെ
ആഘോഷങ്ങളും
അടയാളപ്പെടുത്തലുകളും മാറ്റി നിർത്തിയാൽ
ബാക്കിയുള്ള ആരുടെയും
ഇത്തരത്തിലുള്ള
രേഖപ്പെടുത്തലുകൾ
കേവലമൊരു താരതമ്യ പഠനത്തിന്
ഉപകരിക്കുമെങ്കിലും
പ്രയോഗികതയിൽ
അതിന് വളർച്ചയോ നിലനിൽപ്പോ ഇല്ല.
എന്നാൽ
ഇച്ഛാശക്തിയും
താദാത്മ്യം പ്രാപിക്കലും
തീവ്രശ്രമവും
അതിജീവനത്തിന്റെ
വേഗത കൂട്ടുന്നതോടൊപ്പം
വേരുറപ്പിക്കുന്നുമുണ്ട്.
അവ
ഊട്ടിയുറപ്പിക്കുന്നതിന്ന് വേണ്ടിയാവണം
മാനവികതയിലും
ധാർമികതയിലും
നീതിപുലർത്താൻ
കാംക്ഷിക്കുന്നവൻ
മുന്നിട്ടിറങ്ങേണ്ടത്.
ആദരവാണ്
നിലനിൽപ്പിന്റെ
കാമ്പും കഴമ്പും.
അത്യാഹിതങ്ങളിലെ
ചേർത്ത് പിടിക്കലിലും
അല്ലാത്തപ്പോഴുള്ള
അയച്ചു വിടലിലുമത്രേ
അതിജീവനത്തിന്റെ
ആത്മാവും വിജയവും
കുടിയിരിക്കുന്നത്!
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in