അഫ്‌സല്‍ വലിയപീടിയക്കല്‍
തൂലികയില്‍ നിന്നും
ഒരു കവിത തടവ് ചാടിയിട്ടുണ്ട്.
വെള്ള വസ്ത്രമാണ് വേഷം.
നീളന്‍ താടി വെച്ചിട്ടുണ്ട്.
തലയില്‍ തൊപ്പിയുമുണ്ട്.
കവലയില്‍ ഫാസിസത്തിനെതിരെ
എന്തൊക്കെയോ പ്രസംഗിക്കാറുണ്ട്.
വൈകുന്നേരങ്ങളില്‍ തലസ്ഥാനത്തെ
ഭീതിയെക്കുറിച്ച് ട്യൂഷന്‍ എടുക്കാറുണ്ട്.
മദ്രസയില്‍ പോവുന്ന കുഞ്ഞനുജന്മാരോട്
അസീമിനെ കുറിച്ച് സംസാരിക്കാറുണ്ട്.
ഇടക്കെല്ലാം നജീബിനെ കണ്ടോ
എന്ന് ചോദിക്കാറുണ്ട്.
രാത്രികളില്‍ തീരത്തെത്തി അയ്‌ലാനെ
ഓര്‍ത്ത് കരയാറുണ്ട്.
കണ്ടു കിട്ടുന്നവര്‍ എത്രയും പെട്ടെന്ന്
അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അറിയിക്കണേ….
അല്ലാത്തപക്ഷം,
അന്ന് ജുനൈദിന് സംഭവിച്ചത്
ശേഷം അയ്‌ലാന് സംഭവിച്ചത്
ഇന്നലെ ആസിഫക്ക് സംഭവിച്ചത്
ഇന്ന് അസീമിന് സംഭവിച്ചത്
നാളെ ഈ കവിതക്കും സംഭവിച്ചേക്കും.
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in