രാജേഷ് ചിത്തിര
ആത്മഹത്യാശ്രമത്തില്‍ പരാജയപ്പെട്ട
ദിവസമാണ് ഞങ്ങള്‍ ആദ്യം കണ്ടുമുട്ടിയത്
പരസ്പരം നോക്കിയിരിക്കെ
ഞാന്‍ പറഞ്ഞു;
താങ്കളെ അനുകരിക്കുകയായിരുന്നു.
ചിരിച്ചുകൊണ്ട് എന്റെ ശിരസ്സില്‍ തൊട്ടു.
അദ്ദേഹത്തിന്റെ മോണ തിളങ്ങി.
പള്ളിക്കൂടവും പരിസരവും കടന്ന് വൃത്തി
ദൂരേക്ക് സഞ്ചരിച്ച ഒക്ടോബറില്‍
ഞങ്ങള്‍ വീണ്ടും കണ്ടുമുട്ടി
അതേ തിളങ്ങുന്ന മോണകള്‍
ഒരാഴ്ചത്തെ ഉച്ചക്കഞ്ഞിക്കുറിച്ചാവണം
മക്കക്കെല്ലാം നിറഞ്ഞോ എന്നൊരു ചിരി
മോഹന്‍ലാല്‍ സ്വപ്‌നത്തില്‍
ചരിഞ്ഞു നടന്നിരുന്ന കാലമായിരുന്നു
രാഷ്ട്രപിതാവിന്റെ പേര് ഓര്‍മ്മിക്കാന്‍
ഒരു വഴി ലാലിന്റെ പേരായിരുന്നു.
സബര്‍മതി ദൂരെയാണ്
എന്നൊരു നാടകത്തിനു വേണ്ടി
തലയില്‍ പപ്പടം ഒട്ടിച്ചപ്പോള്‍
കാണാന്‍ വന്നതായി ഓര്‍ക്കുന്നില്ല.
ഒരിക്കല്‍ അന്വേഷിച്ചു ചെന്നപ്പോള്‍
വൃത്തിയുള്ള രാജ്യത്തിന്റെ
മോഡലായി നില്‍ക്കുന്നു
പേര് മാറ്റപ്പെട്ട സബര്‍മതി.
ബഹുമത് എന്നൊരു മതം
ഭരിക്കുന്ന രാജ്യത്ത് സബര്‍മതി
ഒരു മതമാവില്ല.
രഘുപതി, രാഘവ്…
പാട്ടിന്റെ ഒച്ചയില്‍ കിടങ്ങുന്ന
ബാറിന്റെ ചുവരിലെ ഗ്രാഫിറ്റി*
കിത്തനാ ഗന്ധാ ശബ്ദ് ഹെ വോ.
ബാപ്പുവിന്റെ കയ്യില്‍
വരച്ചു ചേര്‍ത്ത നാടന്‍ തോക്ക്
സന്തോഷമണിക്കൂര്‍ തീര്‍ന്നിട്ടില്ല
ഓരോ റൌണ്ട് കൂടി ഓര്‍ഡര്‍ ചെയ്തു.
ഞാനിപ്പോള്‍ ആത്മഹത്യയെ പറ്റി ചിന്തിക്കാറില്ല,
തിളങ്ങുന്ന മോണയുള്ള ആ ചിരി
കാണാതിരിക്കാന്‍ കണ്ണടച്ചു.
രഘുപതി, രാഘവ്.
ഇപ്പോള്‍ ടിവിയില്‍
സ്വന്തം പേരുള്ള കുര്‍ത്തയിട്ട ഒരാള്‍.
ദുര്‍ബലനായ
ഒരു അതിഥിയാവും മൃത്യു
മരണം കാത്തുകിടക്കുകയായിരുന്നു
മേലെ മരത്തിന്റെ ഇലച്ചാര്‍ത്ത്
അതിനു മേലെ ആകാശം
അരമണിക്കൂറോളമെടുത്തു
മരം അതിന്റെ നിഴലു കൊണ്ട്
നെഞ്ചുവരെ പുതപ്പിക്കുമ്പോള്‍
ചെറുതായി മയങ്ങിപ്പോയി.
ഉണര്‍ന്നപ്പോള്‍ എന്തോ കൊണ്ടതു പോലെ തോന്നി.
നീളന്‍ ദണ്ഡിന്റെ തുമ്പുകൊണ്ട്
പെരുവിരലില്‍ തൊട്ട അപരിചിതനായ വൃദ്ധന്‍.
അയാള്‍ പുഞ്ചിരിച്ചു
ഞാനും.
മരണമോ സത്യമോ ക്ലേശകരം?
വൃദ്ധന്‍ ചോദിച്ചു.
താങ്കളും ചെറുപ്പത്തില്‍ ശ്രമിച്ചിട്ടുണ്ടല്ലോ, ഒരു വട്ടം?
വൃദ്ധന്‍ ചിരിച്ചു.
ആത്മഹത്യാശ്രമത്തിനു തൊട്ടടുത്ത ദിവസം
കണ്ടുമുട്ടിയത് ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു.
പിതാവ് അവസാനശ്വാസമെടുക്കുമ്പോള്‍
മുറിയില്‍ രതിയിലായിരുന്നെന്നു കേട്ടിരുന്നു
ഓര്‍ത്തപ്പോള്‍ ഒരു കള്ളച്ചിരി ആ കണ്ണില്‍ കണ്ടു.
ഞാനപ്പോള്‍ അമ്മയെ ഓര്‍ത്തു.
വാക്കിറങ്ങിപ്പോയ ആ നിമിഷത്തെ ഓര്‍ത്തു.
ഇരുട്ടിലൂടെ ഓര്‍മ്മയുടെ ഗന്ധത്തില്‍
സ്പര്‍ശിച്ച വീട് വരെയെത്തി.
അമ്മ ഒന്നും ചോദിച്ചില്ല.
ഞാന്‍ ഒന്നും പറഞ്ഞതുമില്ല
സ്വപ്‌നത്തില്‍ കണ്ടത്
അമ്മയാണ് എന്നുമാത്രം തോന്നി.
*ദുബായ് ഒരു ബാറിലെ ഗ്രാഫിറ്റി.
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
+918078816827 (WhatsApp)
editor@athmaonline.in