ആര്യ രോഹിണി
പെയ്യാനായി ഇരുൾമൂടിയതൊക്കെയും
കണ്ണിൽ തളം കെട്ടിനിൽക്കുന്ന
രാത്രികളിലൊക്കെയും
പ്രണയികളുടെ രാജാവ് എന്നോടൊപ്പം
ദിശ തെറ്റി നടന്നിരുന്നു.
ഓരോ പ്രണയം മരിക്കുമ്പോഴും കശേരുക്കളിൽ മുറുകുന്ന
ഒരു തൂക്കുകയറിനുള്ളിലൂടെയാൾ ഉറങ്ങിയെഴുന്നേറ്റുകൊണ്ടേയിരുന്നു.
പ്രകാശം ചുറ്റിയുടുത്ത നഗര മധ്യങ്ങളിൽ
വിവസ്ത്രരാക്കപ്പെട്ടവരുടെ തെരുവ് നൃത്തങ്ങളിൽ അയാൾ
എണ്ണമില്ലാത്ത ഒഴിവുകാലം
തീർത്തു.
ഓർമകളുടെ പച്ചില ഞരമ്പുകളിലൂടെ പിന്നിലേക്കൊഴുകുന്ന നിശ്ശബ്ദതകൾ
അയാളെ അദൃശ്യനാക്കികൊണ്ടേയിരുന്നു.
മറവികളെ ഗർഭം ധരിച്ച അയാളുടെ ഒഴുകിപ്പോകലുകള്ക്ക് ഒരു പ്രതേക
ഭംഗിയാണ്.
എന്റെ നീരാളിപ്പിടുത്തങ്ങൾക്കില്ലാത്ത
ഭംഗി.
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
editor@athmaonline.in