രാഹുൽ മണപ്പാട്ട്
തെക്കേപ്പുരയിലെ
സഹോദരൻ അയ്യപ്പൻ
ഞങ്ങളുടെ കോളനിയിലെ
കള്ളുകുടിയനായിരുന്നു.
ഞങ്ങളെല്ലാവരും
അയ്യപ്പന്റെ കള്ളുകുടിയെ
ഉപദേശിച്ച് നന്നാക്കാൻ
ഒരുമ്പെട്ടിറങ്ങി.
എന്ത് ചെയ്യാൻ
പന്തിഭോജനത്തെ കുറിച്ച്
പറഞ്ഞ്
വെളിവില്ലാതാക്കി
ഞങ്ങളെ തിരിച്ചയച്ചു.
സോഷ്യലിസം പറഞ്ഞ്
നാട് നന്നാക്കാനിറങ്ങിയ
ശങ്കരന്റെ, ചെറുമകന്റെ
പേരിടൽ ചടങ്ങിന്
അതിഥിതിയായി വന്നത്
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ
തോറ്റ
ശ്രീനാരായണ ഗുരുവായിരുന്നു.
അദ്ദേഹത്തിന്റെ
മഹനീയ സാന്നിധ്യത്തിൽ
എല്ലാവരും
ഉറക്കെയുറക്കെ വാലാട്ടുന്ന
പേര് വിളിച്ചു….
എല്ലാ വെള്ളിയാഴ്ച്ചയും
കക്കാനിറങ്ങുന്ന
അയ്യങ്കാളിയെ പിടികൂടിയത്
ഇറച്ചിവെട്ടുകാരൻ
നമ്പൂതിരി ചെക്കനായിരുന്നു…
ഒരു ഇരുണ്ട
പട്ടാപകലിൽ
തെക്കേ പുരയിലെ
സഹോദരൻ അയ്യപ്പനേയും
തെരഞ്ഞെടുപ്പിൽ തോറ്റ
ശ്രീനാരായണഗുരുവിനേയും
പെരുംകള്ളൻ
അയ്യങ്കാളിയേയും
കാണാതായി….
കാണാതായവരെ കുറിച്ച്
മറന്നു തുടങ്ങിയ
പേരില്ലാത്തവരെ
ഞങ്ങൾ
വെറും ഗാന്ധിജിയെന്ന്
വിളിച്ച്
പേരിലെന്തിരിക്കുന്നുണ്ടെന്ന്
കണ്ടെത്തി കൊടുത്തു…
ചരിത്രം
പേരെഴുതി വെക്കുന്നത്
കാണാതാവാനും
മറന്നു പോവാനുമാണ്.
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)