സുനിത ഗണേഷ്
മുലയില്ലാത്തവള്‍
അറിഞ്ഞില്ലേ….
അവള്‍ മരിച്ചു.
സ്വയംഹത്യയെന്നും
അരിഞ്ഞു തള്ളിയതെന്നും
രണ്ടുപക്ഷം…..
മുല്ലപ്പൂക്കള്‍
നിലാവില്‍ വിടരുന്ന
ഓരോ രാവിലും
മുല്ലവള്ളിയുടല്‍
ചുറ്റും സുഗന്ധം പരത്തി
മട്ടുപ്പാവിലെ
അയാളുടെ ജനലരികിലേക്കു
ഏറെ വഴക്കത്തോടെ
ചാഞ്ഞു കയറുമ്പോഴും
അവള്‍ വേദനയോടെ അരികില്‍
നോക്കി നിന്നിരിക്കാം….
ശരീരമാകെ പലതവണ
കുത്തിക്കീറിയിട്ടും
ആഴത്തില്‍ കിളച്ചിട്ടും
ഒട്ടും ദുഗ്ദ്ധം
ചുരത്താഞ്ഞതിനാലാവണം
അധികം
വൈകാതെ അവള്‍
ആ കാട്ടില്‍ ഒറ്റയായത്…
മുലയില്ലാത്തവള്‍
എന്നു മറ്റു റബ്ബര്‍ മരങ്ങള്‍
അടക്കം പറഞ്ഞത്…..
ഒടുവില്‍
അയാള്‍
അവളെ
അരിഞ്ഞെറിഞ്ഞത്…..
അതിന് ശേഷമാകണം
ആളുകള്‍ കൂടുന്നിടത്തൊക്കെ
മുല മുളക്കാത്ത,
മുല ചുരക്കാത്ത,
കറവ വറ്റിയ
റബ്ബര്‍ ജീവികള്‍
ചര്‍ച്ചയായത്…..
ക്ലീഷേ
ഹാ! ചക്രങ്ങള്‍ ഇങ്ങനെ
പലവുരു തിരിഞ്ഞും
തേഞ്ഞും
ഉള്‍ത്തുടിപ്പിന്റെ
മൃദുലദളങ്ങളില്‍ വ്രണങ്ങള്‍
തീര്‍ത്തും
മനസ്സിന്‍ മോഹചിത്രങ്ങളില്‍
കരിമഴ
പെയ്യിച്ചും
വാരിപ്പുതച്ച സ്വപ്നങ്ങള്‍ തന്‍
തൊലിയടര്‍ത്തിയും
പച്ചമാംസക്കഷണങ്ങളില്‍
രക്തച്ചാലുകള്‍
വെട്ടിയും
കൂരിരുട്ടില്‍ ദംഷ്ട്രകള്‍
നീട്ടി മാന്തിപ്പറിച്ചും
പകല്‍വെളിച്ചത്തില്‍ പല്ലില്‍
ചുണ്ണാമ്പു നീറ്റി
വെളുപ്പിച്ചും
കാറ്റത്തു തൂങ്ങിയ കിളിക്കൂടിനെ
ചുമ്മാ തട്ടിത്തെറുപ്പിച്ചും
അടയിരുന്ന കിളിയെ നോക്കി
കോക്രിച്ചും
താഴെവീണു ചിതറിയ മഞ്ഞക്കരുക്കളെ
കാര്‍ക്കിച്ചും
ജീവിതപന്ഥാവില്‍
പിന്നെയും ചില ചിത്രങ്ങള്‍
വരക്കുന്നു…
ചില വെറും ക്ലീഷേ ചിത്രങ്ങള്‍…
അല്ലെങ്കില്‍,
ഈ ജീവിതമെപ്പോഴാ
ക്ലീഷേ അല്ലാത്തത്?
മുഖംമൂടി വെക്കുമ്പോഴോ?
അഴിക്കുമ്പോഴോ?
പിന്നെയും ചില
ക്ലീഷേ വാക്കുകള്‍….
ചക്രങ്ങളെപ്പോലെ,
ഹാ കേഴും ചകോരങ്ങള്‍ പോലെ
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)