വാക്കുകൾക്കിടയിലുള്ള മൗനത്തിലാണ് ട്രപ്പീസുകളിക്കുന്നത്.
ശൂന്യതയിലേക്ക് ചാടുമ്പോള്‍
മുകളിലേക്കുയര്‍ത്തുന്ന
അദൃശ്യമായ ചരടാകും.
സൂഫിനൃത്തംപോലെ
കറങ്ങിത്തിരിയുമ്പോള്‍
നിന്നിടം ശൂന്യമെന്ന്
കബളിപ്പിക്കും..
അലിഞ്ഞലിഞ്ഞ്
ഇല്ലാതാകുവാനുളള
ശ്രമത്തെ
പിന്‍മാറ്റമെന്ന്
തെറ്റിധരിക്കരുതെ
ഞാന്‍ നീയാകുവാനുളള
പരിശ്രമത്തിലാണ്
നീയാണ്
വസന്തമെന്നെഴുതി
മിഴിവാതില്‍ പാതിയടയ്ക്കും.
ഗ്രീഷ്മത്തിലേക്കൊരു
ചാല് വരച്ച് നിന്നെയൊരു
നദിയായ് ഒഴുക്കിവിടും.
തുടക്കം എവിടെ ..?
എന്നുളളത്
വിദൂരമായ ഓര്‍മ്മയില്‍
ഒടുങ്ങുംവരെ ഈ
കളി തുടരും .
നീ കാണാതെ
നിന്നെ തിരഞ്ഞു
കൊണ്ടേയിരിക്കുന്ന കളിയില്‍
നമ്മള്‍ ”അദൃശ്യ”രാണ്.
………………
ഏത്ര മുങ്ങിയാലും
വീണ്ടും വീണ്ടും
കയറി നിൽക്കുവാനൊരു
കര പ്രത്യക്ഷപ്പെടും.
ചവിട്ടേറ്റിട്ടും
പൊട്ടിമുളച്ച വിത്തുകൾ
കാറ്റിൽ പിടിച്ചു
നിൽക്കുവാനുളള
പിടിവളളിയായെങ്കിലും
അവശേഷിക്കും.
പൊളളയായ വാക്കുകൾ
മാത്രം ഒഴുകി പോകും .
എത്ര പെയ്താലും
ഉളളിലെ നനവ്
ആരും കാണുകയേ
ഇല്ല.
പുറമെ പൊളളിയുണങ്ങും
ഉളളിലെ മുറിവുണാങ്ങാറെയില്ല.
പോകേണ്ടി വന്നാലും
പിന്നെയും പിന്നെയും
ശേഷിപ്പുകളോർത്ത്
തിരികെയെത്തും.
ഒരു വാക്ക് ..
ഒരു തരി പ്രതീക്ഷ.. മതി
തകർന്നതൊക്കൊയും
കെട്ടിയുയർത്തും.
അതിജീവനത്തിൻറെ
ഭാഷയാണിത്.
പ്രളയത്തെക്കുറിച്ചു
മാത്രമല്ല
പ്രണയത്തെക്കുറിച്ചു
കൂടിയാണ്.
…………….
നീണ്ടുവന്ന വിരലുകളിൽ
ചുളിവുകളാണോയെന്ന്
ചോദിക്കരുത്.
അത് കാത്തിരിപ്പിൻറെ
അടയാളങ്ങളാണ്.
കണ്ണുകളെന്തേ
കുഴിഞ്ഞതെന്നോർത്ത്
ആകുലപ്പെടേണ്ട.
ആഴങ്ങളിൽ നീന്തി
മടുത്തതിൻറെ
ശേഷിപ്പാണ്.
ചുണ്ടുകൾ
മൗനത്തിൻറെ തുന്നിക്കെട്ടുകൾ.
കാലുകൾ
ഉറച്ചുപോയതല്ല
നിലനിൽപിൻറെ
വേരുകളിറങ്ങിയത്.
നഗ്നാണെന്നോർത്ത്
മുഖം തിരിക്കരുതെ
ഒന്നും പറയാതെ പോയവൻറെ
നിഷ്‌കളങ്കതയാണത്.
……………
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)