തോമസ് അബ്രഹാം
അവിടെ നല്ല മഴയാണത്രെ,
എല്ലോളം ചൂഴ്ന്നിറങ്ങുന്ന തണുപ്പും.
ഇവിടെ കാറ്റടിക്കുന്നു,
ചുട്ടുപഴുത്ത മണലിന്റെ ഗന്ധമാണിതിന്.
വെറുതെയിരുന്നപ്പോൾ
ബസുദേബിനെക്കുറിച്ചോർത്തു
വെയിലേറ്റവൻ കണ്ണു കുറുക്കിയപ്പോളാണ്
അവനും ദാഹമുണ്ടെന്നതോർത്തത്.
വിയർപ്പിറ്റ് പള്ളയോടൊട്ടിയ കുപ്പായം
വിരൽ കൊണ്ടു വലിച്ചവൻ
നിശ്വാസമുതിർത്തപ്പോഴാണ്
അവനും വിശപ്പുണ്ടെന്നതോർത്തത്.
ശാഠ്യം പിടിച്ച കുഞ്ഞിനെ തോളത്തു
ചേർത്തു തട്ടി ഞാനുലാത്തുമ്പോളവളിൽ
പതിഞ്ഞ കണ്ണുകളുടെ തിളക്കമാണ്
അവനും കുഞ്ഞുങ്ങളുണ്ടായിരിക്കാം
എന്നതോർമിപ്പിച്ചത്.
കിട്ടിയ നോട്ടുകൾ വീണ്ടുമെണ്ണി
നെടുവീർപ്പിട്ടു കീശയിൽ തിരുകുന്നതു
കണ്ടപ്പോളാണ് അവനുമൊരു
കുടുംബമുണ്ടെന്നതോർത്തത്.
അന്ന് ഞാനൊരു മലയാളിയും
അവൻ ഒരു ബംഗാളിയുമായിരുന്നു.
ഇന്ന്… ?
ഇന്ന്… ഞാനൊരു പ്രവാസിമാത്രമാണത്രെ.
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
8086451835 (WhatsApp)
editor@athmaonline.in