ഫലാലു റഹ്മാൻ പുന്നപ്പാല
രസതന്ത്രത്തിന്റെ
ആവർത്തന
പട്ടികയിൽ നിന്നും
രാഷ്ട്ര’തന്ത്ര’ങ്ങളുടെ പട്ടികയിലേക്കുതിർന്ന മൂലകങ്ങൾക്കൊക്കെയും
രാസപരിണാമം സംഭവിച്ചു
ചുണ്ടിലൽപ്പം നൈട്രസ് ഓക്സൈഡ് വിതറി
കവിൾ പേശികൾ ക്രമീകരിച്ചു
നാവിന്റെ രസമുകുളങ്ങളിൽ പൊടിഞ്ഞ
ഉമിനീർ കുടിച്ചിറക്കി
‘വിശപ്പിന്റെ’ രസതന്ത്രം വിളമ്പി
നിന്റെ നാവിൽ നിന്നും ‘തെറി’ച്ചു വീണ വാക്കുകളിൽ
അമോണിയയുടെ രൂക്ഷഗന്ധമുണ്ടായിരുന്നു
ധമനികളിലെ മാപിനിയിൽ രേഖപ്പെടുത്തിയ സോഡിയത്തിന്റെ അളവിനാൽ
നീ പൊട്ടിതെറിച്ചു
മൂലകങ്ങളുടെ ഘടനയെ പുന:ക്രമീകരിച്ചു
ആളി കത്തിച്ചു
വെന്തെരിഞ്ഞ ശരീരം വെറും കാർബണായി അവശേഷിച്ചു
ആറ്റോമിക് എനർജി ന്യൂക്ലിയർ വാറായി പരിണമിച്ചു
ആ കറുത്ത തിങ്കളാഴ്ച്ച
ഹിരോഷിമയിലെ കൂട്ടുകുടുംബങ്ങളെ
‘അണു’കുടുംബങ്ങളാക്കി
ഓഹിയോ നദിയിൽ ജലം തീയായി
നദിയിൽ നീന്താൻ സഡാക്കോവിന്റെ ആയിരം കൊക്കുകൾ കാത്തിരുന്നില്ല
ഗ്യാസ് ചേംബറിൽ
കുളിപ്പിച്ചെടുത്ത മനുഷ്യർക്ക് തോർത്ത് നൽകി ഹിറ്റ്ലർ
ഐൻസ്റ്റൈനിന്റെ
ഫിക്ഷനിൽ
ഫിഷനും ഫ്യൂഷനും
സുഖമായുറങ്ങി
കരീബിയൻ കടൽ മൂകസാക്ഷിയായി
ഗ്യാണ്ടന്യാമോയിൽ ചുവരുകൾ നിറയെ ചോരയാണ്
ഗയയിലെ ബുദ്ധൻ സമാധിയടഞ്ഞപ്പോൾ
പൊഖ്റാനിൽ വീണ്ടും ചിരിച്ചു
മധ്യധരണ്യഴിയിൽ സയണിസ്റ്റു മരുപാമ്പ് വിഷം ചീറ്റി
യാങ്കിയുടെ കഴുകൻ അവസാന ജീവനുമസ്തമിക്കുന്നതുംനോക്കി മരച്ചില്ലയിൽ വിശ്രമിച്ചു
അരിസ്റ്റോട്ടിൽ സ്റ്റേറ്റിനു വേലിയടച്ചു കണ്ണും പൂട്ടിയിരുന്നു’
പ്ലേറ്റോ ശിഷ്യനെ നോക്കി നടന്നു
മനുഷ്യനെ തേടിയിറങ്ങിയതാണത്രെ
ഡയോജനീസ്
ചൂട്ട് കെടാതിരിക്കട്ടെ
ജീവ ശാസ്ത്രത്തിന്റെ പരീക്ഷണമേശയിൽ കിടത്തിയ ശരീരത്തിലപ്പോൾ കുറച്ച് ഫോർമാലിൻ വിതറി
മോർച്ചറിയിൽ കയറ്റി
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
editor@athmaonline.in