ഒറ്റ

0
524

അപര്‍ണ എം

വല്ലാത്തൊരങ്കലാപ്പാണ്
രണ്ടുപേരുടെ രുചിയും മണവുമുള്ളൊരു മുറിയില്‍
ഒറ്റയ്ക്കെണീക്കല്‍,           

അതിരാവിലെ എഴുന്നേറ്റ് ജനലുകളെല്ലാം തുറന്നിട്ട്
എത്ര അകലേയ്ക്ക് നോക്കിയാലും
ഒരാള്‍ ഉണ്ടായിരുന്നെങ്കിലെന്ന്
വെറുതെ ഭയപ്പെടുത്താനെങ്കിലും
ഒരാളുണ്ടായിരുന്നെങ്കിലെന്ന് തോന്നും.     

ലോകത്തിലെ സകലമാന വിഴുപ്പുകളും
എനിക്കു സമ്മാനിച്ച പ്രണയത്തേ ഓര്‍ത്തുണ്ടാകുന്ന അമര്‍ഷം
നാലുവരിയിലെഴുതിത്തീര്‍ത്ത്
സ്വന്തമിരുട്ടിലേക്ക് തലകുനിച്ചിരിക്കുമ്പോള്‍
“ഹേ വിഷാദത്തിന്റെ ഭൂപടമേ”
എന്ന് നീട്ടി വിളിക്കാനെങ്കിലുമൊരാളുണ്ടാകണേ
എന്ന് എല്ലാ അകലങ്ങളിലേക്കും നോക്കി ഞാന്‍ കൊതിക്കും,   

കൂകിക്കൂകി വരുന്ന മെസേജുകളില്‍
എന്നെ വേണ്ടതായ ഒന്നുമില്ലെന്ന ഞെട്ടലില്‍
ഞാന്‍ കൈകുഴഞ്ഞിരിക്കും.
“മുപ്പത് വയസ്സിനുമുന്‍പ് വിഷാദത്തിന്റെ
പാമ്പുകൊത്തി നീ മരിക്കു”മെന്ന
ഏറ്റവുമടുത്ത കൂട്ടുകാരന്റെ ദീര്‍ഘവീക്ഷണമോര്‍ത്ത്
ഞാനെന്നെത്തന്നെ തട്ടിക്കുടഞ്ഞുകൊണ്ടിരിക്കും    

സ്നേഹിക്കുന്നതും വെറുക്കുന്നതുമായ പുസ്തകങ്ങളേയെല്ലാം
ജനലിലും കസേരയിലും കിടക്കയിലും വാരിവലിച്ചിട്ട്
ഞാനൊരിരുത്തമിരിക്കും നൂറ്റാണ്ടുകള്‍ക്കു മുന്‍പേ
ഇതേ ഇരുത്തത്തിലായിരുന്നു എന്നതുപോലെ .. 

വലിയ ബുദ്ധിമുട്ടാണ്  രണ്ടുപേരുടെ രുചിയും മണവും
ഒരാള്‍തന്നെ  പേറുമ്പോള്‍….       

വര. സുജീഷ് സുരേന്ദ്രൻ

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
editor@athmaonline.in, 9048906827

LEAVE A REPLY

Please enter your comment!
Please enter your name here