രഗില സജി
1.
പുഴയിൽ നിന്നും
കിട്ടിയ കല്ലിൽ
മീനുകളുടെ ആവാസത്തിന്റെ കഥയുണ്ട്.
ജലസസ്യങ്ങളുടെ വേരിറുക്കങ്ങളും
ആകാശത്തിന്റെ ഛേദവും
ഭൂമിയുടെ
കണ്ണാടിച്ചിത്രവുമുണ്ട്.
2
ഒഴുക്കിൽ മിനുസപ്പെട്ട് പോയ
കല്ലിൽ ഞാൻ
നദിയുടെ പേര് തിരഞ്ഞു
നമ്മൾ കുളിച്ചതിന്റെയും
ആഴത്തിൽ
കെട്ടിപ്പുണർന്നതിന്റെയും
ഓർമ്മയല്ലാതൊന്നും കണ്ടില്ല.
3.
വീടിന്റെ തിണ്ണയിൽ
നമ്മൾ കളിച്ച ഏറ്റവും എളുപ്പമുള്ള കളി
കല്ലുകൊണ്ടുള്ളതാണ്
ചുമരിൽ നിന്നും കളിക്കിടയിൽ
ഒരമ്മക്കല്ല് കുട്ടിക്കല്ലുകളെ
ആഗിരണം ചെയ്തപ്പോൾ
എത്ര ശ്രമപ്പെട്ടാണ് നമ്മൾ
വിരലുകൾ കൈകളിൽ തന്നെ
ഉറപ്പിച്ച് നിർത്തിയത്.
4.
കല്ലുകൾ പെറുക്കിത്തിന്നിരുന്ന
ഒരു കൂട്ടുകാരനെ
ഓർക്കുന്നു.
കല്ലുകളുടെ
രുചി അവനെ ഉന്മത്തനാക്കി.
വീട്ടിലെ പൂന്തോട്ടത്തിൽ
ചെടികൾക്ക് ചോട്ടിൽ
അവൻ കല്ലുകളെ വളർത്തി.
കടല കൊറിക്കുമ്പോലെ
കല്ലു കൊറിച്ചിരുന്ന അവൻ
പിന്നീട് ഉരുൾപൊട്ടലിൽ മരിച്ചുവത്രേ.
5.
കല്ലുകൾക്ക്
പേരുകളുണ്ടല്ലോ.
മാറി മാറി വിളിക്കാവുന്നത്രയും.
എനിക്ക് മാത്രം
ഒരൊറ്റ പേരിൽ
പല കവിതകൾ എഴുതേണ്ടി വരുന്നതെന്ത് കൊണ്ടാണ്?
6.
കല്ലിന്റെ അവയവങ്ങൾക്കിടക്ക്
ശില്പി വിരലോടിക്കുന്നത് നോക്കൂ.
കാനായിയുടെ
യക്ഷിയോളം
സൗന്ദര്യമുള്ള ഒരു സ്ത്രീയെ
മെനയുക അവളുടെ
മുലക്കല്ലോ (ണ്ണോ )ളം
കനപ്പെട്ടതാവുയാൾക്ക്.
7,
ഗുരുത്വത്തിലേക്ക്
മൂക്ക് കുത്തി നിൽക്കും
മാങ്ങയുടെ കണ്ണ് നോക്കി
എറിയുന്നു കുട്ടികൾ
കല്ലുകൾ പരിക്കേറ്റ് വീഴുന്നു
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
editor@athmaonline.in, 9048906827