ആദി
അവനെയുമ്മ
വെയ്ക്കുകയെന്നാൽ
ചരിത്രത്തെ
തുപ്പലുകൂട്ടി തിന്നുക എന്നാണർത്ഥം…
വെളിച്ചം വാരി തേച്ചിടങ്ങളിൽ വെച്ച് ചോര കൊണ്ട് തൊടുന്ന നേരം ഞങ്ങൾ സാഫോയുടെ വരികളുരുവിടാറുണ്ട്.
അന്നേരങ്ങളിൽ,
377 തിരുമുറിവുകൾ
ഞങ്ങളുടെ മേൽ പറ്റിക്കിടപ്പുണ്ടാകും..
ആ മുറിവുകളിലൂടെ ചരിത്രത്തെ കണ്ടെത്താം.
പ്രണയത്തിന്റെ ചരിത്രം!!!
എന്തുകൊണ്ടോ
സോദോമിലേക്ക് പോകാൻ ഞങ്ങളിഷ്ടപ്പെട്ടിരുന്നില്ല..
അവിടെയുള്ള ദൈവങ്ങൾ ഞങ്ങളെ കല്ലെറിഞ്ഞുകൊല്ലാൻ കല്പിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു…
എന്റെ ദൈവം എന്നെപ്പോലെയാകണം
എന്നു ഞാൻ ഉറപ്പിച്ചിരുന്നു…
ഞാൻ എന്റെ പ്രണയത്തിൽ വിശ്വസിക്കുന്നു,
ദൈവത്തിലും
(എന്റെ നുണക്കുഴിയിലേക്കൂളിയിട്ടവനതിനെ ഞങ്ങളുടെ,ഞങ്ങളെ,ഞങ്ങൾ എന്നുതിരുത്തി)….
മഴവെയിലിടങ്ങളിൽ വെച്ച്
മഴവില്ലിനെ കുപ്പിയിലാക്കി,
കറുത്ത മണ്ണ് കൊണ്ട് ഞങ്ങൾ ഞങ്ങളുടെ ദൈവത്തെ നിർമ്മിക്കാൻ തീരുമാനിച്ചു…
മുറിവുകളിൽ നിന്ന് ചോരയിറ്റിച്ച്
ചുരത്താത്ത മുലഞെട്ടുകളെയമർത്തി
ഓർമ്മകളിറ്റിച്ച് ഞങ്ങൾ മണ്ണ് കുഴച്ചു…
അവനെന്റെ
മേൽചുണ്ടിനും കീഴചുണ്ടിനും ഇടയിലുള്ള ഒച്ചകളെ വലിച്ചുപുറത്തേക്കിടുന്നത് അനേരങ്ങളിലാണ്…
കേൾക്കാതെ പോയ
ഒച്ചകളിൽ നിന്ന് ഞങ്ങൾ ഞങ്ങളുടെ ദൈവത്തിന്റെ ശബ്ദം ചികയും…
വാതിലിനനക്കം
തട്ടുമ്പോൾ ഞാനവനെ പിടിച്ചെന്റെ ഇടത്തേ മുലച്ചുണ്ടിലെ മറുകിലേയ്‌ക്കൊട്ടിച്ച് വെയ്ക്കും..
ശ്ശ്..ഒച്ചയുണ്ടാക്കാതെ അവിടെയിരിക്ക്…
മൂക്കിൻതുമ്പിൽ
ഒരു വിയർപ്പ്തുള്ളി പൊടിഞ്ഞ് താഴേക്കുരുണ്ട് വീഴും…
നീ ഒരാണിനെ പ്രണയിക്കുന്നുവോ?
തലച്ചോറിൻ
പരപ്പിലേക്കവർ വാവഴി ഹോർമോണുകൾ കുത്തിക്കേറ്റി,
എന്റെ മുലചുണ്ടിൻ മറുകിലേക്കവരുടെ മൈക്രോസ്കോപ്പ് കണ്ണുകൾ തുറന്നു…
എന്റെ
മറുകിനടിയിൽ പിങ്ക് ത്രികോണാകൃതിയിലുള്ള സ്മാരകങ്ങളും കുരിശുകളും കണ്ടുകിട്ടും.
അതുകണ്ടവർ കണ്ണ് മിഴിയ്ക്കും.
രണ്ടുപുരുഷന്മാർ
ചുംബിക്കുന്ന പാതി ചായം തേച്ചുവെച്ച ചിത്രം കണ്ടവർ നീട്ടിതുപ്പുമായിരിക്കും..
എന്റെ
മുറി(വു)കളിൽ ചോര കൊണ്ട്
ആരെ പ്രണയിക്കുന്നുവെന്നതിലല്ല
എങ്ങനെ,
എത്രമാത്രം പ്രണയിക്കുന്നുവെന്നതിലാണ് കാര്യം എന്നെഴുതിവെച്ചിട്ടുണ്ടാകും.
അവരുടെ
ദൈവം ഞങ്ങളെ നോക്കി ചിരിക്കും.
ഞങ്ങൾക്കെന്തോ ചിരിക്കാൻ കഴിയാറില്ല.
മഴവില്ലിൽ മണ്ണും
ചോരയും കുഴച്ചു ഞങ്ങളുണ്ടാക്കിയ ഞങ്ങളുടെ ദൈവത്തെയവർ ചവിട്ടിയരയ്ക്കും.
സമരം ചെയ്യാനോ ഹർത്താലാചരിക്കാനോ മുദ്രാവാക്യം വിളിക്കാനോ ആരുമില്ലാത്തതുകൊണ്ട് സമാധാനിക്കാം,
അവിടെ വെച്ചതിന് പൂർണ്ണവിരാമമിടുകയുമാവാം..