പ്രവീണ്‍ പി സി
ബലിതർപ്പണതിന്റെ ശിരസ്സിൽ
നിളയുടെ അവസാന രക്തവും കൈക്കുള്ളിലാക്കി….
പിതൃക്കൾക്കുനീട്ടുമ്പോൾ…
നിന്റെ മകനെയും കൊണ്ട് എന്നരികിൽ ഈറനോടെ വന്നിരുന്ന്
അനുഭൂതിയിലേക്ക് കണ്ണീർകൊടുത്ത് വിങ്ങുമ്പോൾ…
നമ്മൾ തീർത്തും അപരിചിതരായിരുന്നു..!
നിന്റെ മകന്റെ മുഖത്ത് തിരിച്ചറിവില്ലാത്ത ഒരമ്പരപ്പ്,
അവന്റച്ഛനെ ഒരു ബലികാക്കയായ് കരുതാൻ
ഓർമ്മയുദിചില്ലയിരിക്കാം…
പണ്ട് അതെ പുഴയുടെ മണൽപരപ്പിൽ
നിന്റെ വയറിൽ തലവച്ചു നമ്മുടെ കുഞ്ഞിനെ ചോദിച്ചപ്പോൾ….
ആ പുഴയും ഇന്ന് പെയ്യാൻ മടിക്കുന്ന മഴയും
എന്തായിരിക്കാം പറഞ്ഞത്…?
ഒടുക്കം നീ അകന്നകന്ന് പോയപ്പോൾ
സുര്യരശ്മികൾ അഗ്നിയാകുന്ന തീരത്ത് എന്റെ പുഴയുടെ
ഉഷ്ണ മണൽപരപ്പിൽ ഞാനൊളിച്ചിരുന്നു….
ഇന്ന് വീണ്ടും സ്വപ്നങ്ങൾ ഉടഞ്ഞ്,
ആ പുഴ നമ്മളെ വിരുന്നുകാരക്കിയപ്പോൾ
കാലങ്ങളുടെ ശീലത്തിൽ ഞാനും. പുതിയ വിപത്തിൽ നിന്റെ മകനും!
അവന്റെ നെറുകയിൽ ഞാൻ ഉമ്മവയ്ക്കുമ്പോൾ ജീവിതം നഷ്ടപെട്ട നീയും
അച്ഛനെ തേടിയ നിന്റെ മകനും എന്നിലവശേഷിക്കുന്നു….
എന്റെ പ്രണയമേ….. നിന്റെ മുടിഞ്ഞകാലത്തിൽ …
നമുക്കിങ്ങനെ മരണമുണ്ടാക്കികളിക്കാം