സ്മിത നെരവത്ത്
ഞാൻ മനുഷ്യനെ മനസിലാക്കാനുള്ള
ശ്രമം നിർത്തി.
അത് ഏകാന്തമായ മരുഭൂമിയിലൂടെയുള്ള
ഒരലച്ചിലാണ്.
ഒരു മരീചികയുടെ പ്രലോഭനം പോലും
ഇല്ലാതെ,
ദിക്കറിയാതെയുള്ള യാത്ര.
അത് വഴുവഴുത്ത മലയിടുക്കിലൂടെ
നിലയില്ലാതെയുള്ള കയറ്റമാണ്.
താഴെ മഞ്ഞുവീണു പുകയുന്ന
കൊല്ലികളുടെ നിശബ്ദ ക്ഷണം മാത്രം.
ഞാൻ മനുഷ്യനെ മനസിലാക്കാനുള്ള
ശ്രമം നിർത്തി.
മരിച്ചു പോകാനുള്ള എളുപ്പവഴികളിലൊന്നു മാത്രമാണത്.
മനസിലാക്കാനൊന്നുമില്ലെന്ന്
തിരിച്ചറിയുമ്പോഴേക്കും
നമ്മൾ മറവിയുടെ ലോകത്തെത്തിയിരിക്കും.
ഞാനിപ്പോൾ
എന്റെയുള്ളിലേക്കു തിരിഞ്ഞു നടക്കുന്നു.
മറന്നിട്ട സ്വപ്നങ്ങളുടെ
താക്കോൽ തിരയട്ടെ.
തിരിച്ചു വരുമ്പോൾ എനിക്കു
ചിറകുകൾ ഉണ്ടാകും
ഒരു പൂവിനെയറിയും പോലെ മൃദുവായി, നിശബ്ദമായി
മനുഷ്യനെ മനസിലാക്കാൻ
എന്നെ സ്വപ്നങ്ങൾ പഠിപ്പിച്ചിട്ടുണ്ടാവും.
അതുവരെ കാത്തിരിക്കുക.